ഇസ്‌ലാമാബാദ്: പാനമ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് സുപ്രീംകോടതി അയോഗ്യനാക്കിയതിനെ തുടര്‍ന്ന് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് രാജിവെച്ചു. നവാസ് ഷെരീഫിനൊപ്പം ധനകാര്യമന്ത്രിയായ ഇഷാഖ് ദറിനേയും കോടതി അയോഗ്യമാക്കി.

പനാമ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ടാണ് കോടതി നവാസ് ഷെരീഫിനെ അയോഗ്യമാക്കിയത്. നവാസും കുടുംബാംഗങ്ങളും വിദേശത്ത് അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്നതാണ് കേസ്. പാര്‍ലമന്റില്‍ സത്യസന്ധനായി തുടരാന്‍ നവാസ് ഷെരീഫ് യോഗ്യനല്ലെന്ന് സുപ്രീംകോടതി പറഞ്ഞു. പ്രധാനമന്ത്രിയായി തുടരുന്നത് അവസാനിപ്പിക്കണമെന്നും സുപ്രീംകോടതി ജഡ്ജി അഫ്‌സല്‍ ഖാന്‍ ഉത്തരവിട്ടു.

അതേസമയം, പുതിയ പ്രധാനമന്ത്രിയെ കണ്ടെത്താന്‍ പാക്കിസ്താനില്‍ ഉന്നതതലയോഗം ചേര്‍ന്നു. നവാസ് ഷെരീഫിന്റെ സഹോദരനായ ഷഹബാസ് ഷെരീഫ്, പ്രതിരോധമന്ത്രി ഖ്വാജ ആസിഫ് എന്നിവരാണ് നിലവില്‍ മുഖ്യപരിഗണനയിലുള്ളത്. സൈന്യത്തിന്റെ ഭാഗത്തുനിന്ന് രാജ്യം പിടിച്ചെടുക്കുന്നതിനുള്ള നീക്കങ്ങള്‍ തടയാനാണ് പെട്ടെന്ന് തന്നെ ഉന്നതതലയോഗം ചേര്‍ന്നിട്ടുള്ളത്. ഏതെങ്കിലും സാഹചര്യത്തില്‍ നവാസ് ഷെരീഫ് രാജിവെക്കുകയാണെങ്കില്‍ രാജ്യത്ത് സൈനിക നീക്കം നടക്കാന്‍ സാധ്യതയുണ്ടെന്ന് സൂചന ലഭിച്ചിരുന്നു. നവാസ് ഷെരീഫും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.