മ്യൂണിച്ച്: ചാമ്പ്യന്‍സ് ലീഗില്‍ പി.എസ്.ജിയോട് തോറ്റതിനു പിന്നാലെ കോച്ച് കാര്‍ലോ ആന്‍ചലോട്ടിയെ ബയേണ്‍ മ്യൂണിക്ക് പുറത്താക്കി. മത്സരത്തിനു ശേഷം ചേര്‍ന്ന ബയേണ്‍ ബോര്‍ഡ് യോഗമാണ് നിര്‍ണായക തീരുമാനം കൈക്കൊണ്ടത്. ഹോഫനൈം കോച്ച് ജുലിയന്‍ നാഗല്‍സ്മാന്‍ ആയിരിക്കും ബയേണിന്റെ പുതിയ മാനേജര്‍ എന്നാണ് സൂചന. പുതിയ നിയമനം സ്ഥിരീകരിക്കടുന്നതു വരെ അസിസ്റ്റന്റ് കോച്ച് വില്ലി സൈനോള്‍ ബയേണിനെ പരിശീലിപ്പിക്കും.
2015-ല്‍ റയല്‍ മാഡ്രിഡില്‍ നിന്ന് ബയേണിലെത്തിയ ആന്‍ചലോട്ടിക്കു കീഴില്‍ കഴിഞ്ഞ വര്‍ഷം ബയേണ്‍ ബുണ്ടസ്‌ലിഗ കിരീടം നിലനിര്‍ത്തിയിരുന്നു. എന്നാല്‍ കഴിഞ്ഞ സീസണ്‍ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ റയലിനോട് തോറ്റതിനു പിന്നാലെ ജര്‍മന്‍ കപ്പ് ഫൈനല്‍ സെമിഫൈനലില്‍ തോല്‍വി വഴങ്ങിയതും ഇറ്റലിക്കാരന് തിരിച്ചടിയായി. ഈ സീസണ്‍ ബുണ്ടസ്‌ലിഗയില്‍ ഹോഫനൈമിനോട് തോല്‍ക്കുകയും വോള്‍ഫ്‌സ്ബര്‍ഗിനോട് സമനില വഴങ്ങുകയും ചെയ്ത ബയേണ്‍ മൂന്നാം സ്ഥാനത്താണ്. മൊത്തം പത്ത് മത്സരങ്ങളില്‍ പത്ത് ഗോള്‍ വഴങ്ങിയ മ്യൂണിച്ച് ടീം മികവിന്റെ അടുത്തെങ്ങുമല്ല.
ടീമിലെ പ്രധാന താരങ്ങളുമായുള്ള ബന്ധം വഷളായതും മികച്ച താരങ്ങലെ ടീമിലെത്തിക്കുന്നതില്‍ പരാജയപ്പെട്ടതും ആന്‍ചലോട്ടിയുടെ ഭാവി തീരുമാനിക്കുന്നതില്‍ നിര്‍ണായകമായി. പി.എസ്.ജിക്കെതിരെ സീനിയര്‍ താരങ്ങളായ ആര്‍യന്‍ റോബന്‍, ഫ്രാങ്ക് റിബറി, മാറ്റ്‌സ് ഹമ്മല്‍സ് തുടങ്ങിയവരെ ബെഞ്ചിലിരുത്തിയ ആന്‍ചലോട്ടിയുടെ നീക്കം വിമര്‍ശിക്കപ്പെട്ടിരുന്നു. മത്സരത്തിനു ശേഷം കോച്ചിനെ പിന്തുണച്ച് സംസാരിക്കാന്‍ റോബന്‍ വിസമ്മതിച്ചിരുന്നു. കഴിഞ്ഞ ട്രാന്‍സ്ഫര്‍ കാലയളവില്‍ ആര്‍സനല്‍ വിങര്‍ അലക്‌സി സാഞ്ചസിനു വേണ്ടി ആന്‍ചലോട്ടി നടത്തിയ ശ്രമം വിജയിച്ചിരുന്നില്ല.
ഇറ്റാലിയന്‍ ക്ലബ്ബ് എ.സി മിലാന്‍ ആന്‍ചലോട്ടിക്കു വേണ്ടി രംഗത്തുണ്ട്. ബയേണിനെ താല്‍ക്കാലികമായി പരിശീലിപ്പിക്കാന്‍ ചുമതലയുള്ള വില്ലി സൈനോള്‍ ടീമിന്റെ മുന്‍ പ്രതിരോധ താരമാണ്. 2009-ല്‍ വിരമിച്ച സൈനോളിന് ഫ്രാന്‍സ് അണ്ടര്‍ 21 ടീമിനെയും ലീഗ് വണ്ണില്‍ ബോര്‍ഡോയെയും പരിശീലിപ്പിച്ച പരിചയമുണ്ട്.