സോച്ചി: കരുത്തുറ്റ നിരയുമായി ലോകകപ്പ് പ്രതീക്ഷയുമായി എത്തിയ ബെല്‍ജിയം ആദ്യ മത്സരത്തില്‍ കന്നി ലോകകപ്പ് കളിക്കുന്ന പാനമയെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് മറികടന്നു. ഡ്രൈസ് മെര്‍ട്ടന്‍സ്, റൊമേലു ലുകാകു (രണ്ട്) എന്നിവരാണ് ബെല്‍ജിയത്തിന് വേണ്ടി ഗോളുകള്‍ സ്‌കോര്‍ ചെയ്തത്.
ഗോള്‍ രഹിതമായ ആദ്യ പകുതിക്കു ശേഷം രണ്ടാം പകുതിയുടെ 47-ാം മിനിറ്റില്‍ ഡ്രൈസ് മെര്‍ട്ടന്‍സാണ് ചുവന്ന ചെതുത്താന്‍മാരുടെ സ്‌കോര്‍ ബോര്‍ഡ് തുറന്നത്. ശക്തരായ ബെല്‍ജിയം കിക്കോഫ് മുതല്‍ പാനമയുടെ പകുതിയില്‍ ഇരമ്പിക്കയറുകയായിരുന്നു. എന്നാല്‍ നവാഗതരെങ്കിലും ബെല്‍ജിയത്തെ കട്ടക്ക് പിടിച്ചു നിര്‍ത്താന്‍ ആദ്യ പകുതിയില്‍ പാനമക്കായി. വിന്‍സന്റ് കംപനിയില്ലാതെ ഇറങ്ങിയ ബെല്‍ജിയത്തിന്റെ പല നീക്കങ്ങളും പാനമയുടെ ഗോള്‍ ഏരിയയില്‍ അലക്ഷ്യമായി അവസാനിച്ചു. ഏദന്‍ ഹസാഡ്, റൊമേലു ലുക്കാക്കു എന്നിവര്‍ നിരന്തരം മുന്നേറ്റം നടത്തിയെങ്കിലും പാനമയുടെ പ്രതിരോധ ഭടന്‍ ടോറസ് ഇവയുടെ എല്ലാം മുനയൊടിച്ചു.
69-ാം മിനിറ്റിലായിരുന്നു ലുകാകുവിലൂടെ ബെല്‍ജിയം രണ്ടാം ഗോള്‍ നേടിയത്. ആറു മിനിറ്റിന് ശേഷം ലുകാകു ലീഡ് മൂന്നാക്കി ഉയര്‍ത്തി. ഡി ബ്രുയ്ന്‍, ഹസാഡ് സഖ്യം നടത്തിയ മുന്നേറ്റത്തിനൊടുവില്‍ ലുകാകുവിന് കൈമാറിയ പന്ത് അദ്ദേഹം മനോഹരമായി വലയിലാക്കി. ബെല്‍ജിയം 3 പാനമ 0. അവസാന മിനിറ്റുകളില്‍ മികവ് പ്രകടിപ്പിച്ച പാനമക്ക് 85-ാം മിനിറ്റില്‍ മികച്ച അവസരം ലഭിച്ചെങ്കിലും ബെല്‍ജിയം ഗോള്‍കീപ്പര്‍ കുര്‍ട്ടോയിസിനെ മറികടക്കാനായില്ല.