സമ്മര്‍ ഇന്‍ ബത്‌ലഹേം എന്ന സിനിമയില്‍ നടന്‍ ജയറാമിന് പൂച്ചയെ അയക്കുന്ന ഒരു രംഗമുണ്ട്. സിനിമ കണ്ട എല്ലാവരേയും ആകാംക്ഷയിലാഴ്ത്തിയ ആ രംഗത്തില്‍ ആരാണ് പൂച്ചയെ അയച്ചതെന്ന് പ്രേക്ഷകര്‍ക്ക് അറിയില്ല. നാലു കസിന്‍സില്‍ ഒരാളാണ് അത് അയച്ചത്. പക്ഷേ സിനിമ അവസാനിക്കുമ്പോള്‍ ക്ലൈമാക്‌സില്‍ എത്തിയ ആ പൂച്ചയെക്കുറിച്ച് ഇപ്പോഴും ഉത്തരമില്ലാതെ നില്‍ക്കുമ്പോള്‍ ചിത്രത്തില്‍ മുഖ്യ വേഷത്തിലഭിനയിച്ച നടി ശ്രീജയ ക്ലൈമാക്‌സ് രംഗത്തെക്കുറിച്ച് പറയുന്നു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ശ്രീജയ ചിത്രത്തെക്കുറിച്ച് പറയുന്നത്.

1998-ലാണ് സമ്മര്‍ ഇന്‍ ബത്‌ലഹേം ഇറങ്ങുന്നത്. ചിത്രം ഇറങ്ങിയ അന്നുമുതല്‍ തന്നോട് എല്ലാവരും ഇതേക്കുറിച്ച് ചോദിക്കുന്നുണ്ട്. എന്നാല്‍ സത്യം പറഞ്ഞാല്‍ തനിക്കും അതാരാണെന്ന് അറിയില്ല. രഞ്ജിത് ഒരിക്കലും നാലുപേരില്‍ ആരാണ് അത് അയച്ചതെന്ന് സ്‌പെസിഫിക്കായി പറഞ്ഞിട്ടില്ല. കഥയെഴുതിയ രഞ്ജിയേട്ടന് മാത്രമേ ആ അജ്ഞാത കാമുകിയെക്കുറിച്ച് അറിയുകയുള്ളൂവെന്ന് താരം പറയുന്നു. സുരേഷ് ഗോപിയും ജയറാമും അഭിനയിച്ച ചിത്രത്തില്‍ ഒന്നിലേറെ നടിമാരുണ്ടായിരുന്നു. മഞ്ജുവാര്യര്‍ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്ത സിനിമയില്‍ മോഹന്‍ലാലും അഭിനയിച്ചിട്ടുണ്ട്. സിബി മലയിലായിരുന്നു ചിത്രത്തിന്റെ സംവിധായകന്‍.

വി.കെ പ്രകാശിന്റെ ‘കെയര്‍ഫുള്‍’ എന്ന ചിത്രത്തില്‍ നീണ്ട ഇടവേളക്കുശേഷം അഭിനയിക്കുകയാണ് ശ്രീജയ.