ശരീഫ് കരിപ്പൊടി
കാസര്‍കോട്: ഫാസിസത്തിന് വിത്തിടാന്‍ കുറച്ചുകാലമായി കാത്തിരിക്കുന്ന മഞ്ചേശ്വരത്ത് ബിജെപിക്ക് വോട്ടുകള്‍ ധ്രുവീകരിക്കാന്‍ സിപിഎമ്മിന്റെ നാടകീയ നീക്കം. മഞ്ചേശ്വരത്ത് ബിജെപിക്ക് സാധ്യതകള്‍ വര്‍ധിപ്പിക്കുന്ന തരത്തിലാണ് സിപിഎമ്മിന്റെ സ്ഥാനാര്‍ഥി നിര്‍ണയം തന്നെ എന്നാണ് ആരോപണമുയര്‍ന്നിരിക്കുന്നത്. തുടര്‍ഭരണമുണ്ടാക്കാന്‍ ബിജെപിയുമായി കൂട്ടുകൂടി യുഡിഎഫിന്റെ അംഗബലം കുറയ്ക്കുക എന്ന ഹിഡന്‍ അജണ്ടയുടെ തെളിവാണ് മഞ്ചേശ്വരം മണ്ഡലത്തിലെ സിപിഎമ്മിന്റെ സ്ഥാനാര്‍ഥിത്വം.

എല്ലാ തെരഞ്ഞെടുപ്പിലും അക്കൗണ്ട് തുറക്കിമെന്ന പ്രഖ്യാപിച്ച് കടുത്ത ത്രികോണ മത്സരത്തിന്റെ അലയൊലികളുണ്ടാക്കി മഞ്ചേശ്വത്ത് മത്സരത്തിനിറങ്ങുന്ന ബിജെപി രണ്ടാം സ്ഥാനത്താണ്. എല്‍ഡിഎഫ് മൂന്നാം സ്ഥാനത്തും. സിപിഐയും സിപിഎമ്മും ആധിപത്യമുറപ്പിച്ചിരുന്ന മഞ്ചേശ്വരം 1987 മുതല്‍ ഒരു തവണയൊഴിച്ച് യുഡിഎഫിന്റെ ഉരുക്കുകോട്ടയാണ്. കര്‍ണാടകയോട് അതിര്‍ത്തി പങ്കിടുന്ന മണ്ഡലമായ ഇവിടേക്ക് ബിജെപിയുടെ കണ്ണുപതിച്ചിട്ട് കുറച്ചുകാലമായി. അതുകൊണ്ട് ഏതു തെരഞ്ഞെടുപ്പിലും കര്‍ണാടകത്തിലെ നേതാക്കളെ ഇറക്കി ക്യാമ്പ് ചെയ്താണ് ബിജെപി പ്രചാരണത്തിന് കോപ്പുകൂട്ടാറ്. എന്നാല്‍ ബിജെപി വരുന്നതിനെ ചെറുത്തുതോല്‍പ്പിക്കാനുറച്ച മഞ്ചേശ്വരത്തെ മതേതര വോട്ടര്‍മാര്‍ ഇക്കാലമത്രെയും യുഡിഎഫിനൊപ്പം നിന്നു.
അതിര്‍ത്തി മണ്ഡലമായതു കൊണ്ടുതന്നെ കന്നട വോട്ടുകളാണ് ബിജെപിയുടെ കരുത്ത്. അതുകൊണ്ട് തന്നെ കന്നഡ വോട്ടുകള്‍ ധ്രുവീകരിക്കുന്നത് തടയാന്‍ കന്നഡ വിഭാഗത്തില്‍ നിന്ന് സ്ഥാനാര്‍ഥിയെ നിര്‍ത്തുകയാണ് ഇടതുപക്ഷത്തിന്റെ പതിവ് നയം. എന്നാല്‍ ഇക്കുറി കന്നഡയുടെ ലാഞ്ചന പോലുമില്ലാത്ത ഇറക്കുമതി സ്ഥാനാര്‍ഥിയെ ഇറക്കിയാണ് എല്‍ഡിഎഫ് ബിജെപിക്ക് വോട്ടുപിടിക്കാനുള്ള സാഹചര്യമുണ്ടാക്കുന്നത്. മാത്രമല്ല, മഞ്ചേശ്വരത്തെ സിപിഎം സ്ഥാനാര്‍ഥി വിവി രമേശന് പാര്‍ട്ടിക്കുള്ളിലും സിപിഐ അടക്കം ഘടകക്ഷികള്‍ക്കിടയിലും വലിയ എതിര്‍പ്പുകളുണ്ടായിട്ടും ബിജെപി വോട്ടിന്റെ ബലത്തിലാണ് നേരത്തെ കാഞ്ഞങ്ങാട് നഗരസഭയില്‍ ജയിച്ചത്.

പിബി അബ്ദുല്‍റസാഖ് എംഎല്‍എയുടെ നിര്യാണത്തെ തുടര്‍ന്നുണ്ടായ മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പില്‍ കന്നഡ വിഭാഗത്തിലെ ശങ്കര്‍റൈയെ ആയിരുന്നു സിപിഎം മത്സരിപ്പിച്ചത്. ഇക്കുറി മഞ്ചേശ്വരത്ത് നിന്നുള്ള തന്നെ ജയാനന്ദയുടെ പേര് ഉയര്‍ന്നുവന്നെങ്കിലും സംസ്ഥാന നേതൃത്വം പ്രത്യേക താല്‍പര്യത്തോടെ കാഞ്ഞങ്ങാട്ടുനിന്ന് വിവി രമേശനെ പ്രഖ്യാപിക്കുകയായിരുന്നു. കന്നഡ വോട്ടുകള്‍ ധ്രുവീകരിക്കാന്‍ ബിജെപിയുടെ നോമിനിയായിട്ടാണ് മഞ്ചേശ്വരത്ത് സിപിഎമ്മിന്റെ സ്ഥാനാര്‍ഥിത്വമെന്നാണ് വ്യക്തമാകുന്നത്. അതേസമയം, യുഡിഎഫിനെ തളര്‍ത്തി കേരളം തങ്ങള്‍ക്ക് വളക്കൂറുള്ളതാക്കാനാണ് ബിജെപി നീക്കം. ഇതിനായി വിജയസാധ്യത പ്രതീക്ഷിക്കുന്ന മണ്ഡലങ്ങളില്‍ സിപിഎമ്മിന്റെ സഹായം തേടാനും സിപിഎം രണ്ടാംസ്ഥാനത്തുള്ള മണ്ഡലങ്ങളില്‍ വോട്ടുവെച്ചുമാറാനും നേരത്തെ തന്നെ ഇരുമുന്നണികള്‍ക്കിടയില്‍ ധാരണയായിരുന്നു. ഇതിന്റെ റിഹേഴ്‌സലായിരുന്നു ഇക്കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്.