തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ പോളിങ് തുടങ്ങി. അഞ്ച് വര്‍ഷക്കാലത്തെ ദുര്‍ഭരണത്തിനെതിരെ വിധിയെഴുതാന്‍ ഉറപ്പിച്ചാണ് വോട്ടര്‍മാര്‍ ബൂത്തിലെത്തുന്നത്. വൈകിട്ട് 7 വരെയാണു വോട്ടെടുപ്പ്. രണ്ടേമുക്കാല്‍ കോടി വോട്ടര്‍മാരാണ് പോളിങ് ബൂത്തിലേക്കെത്തുന്നത്. 140 നിയമസഭാ മണ്ഡലങ്ങള്‍ക്കു പുറമേ, മലപ്പുറം ലോക്‌സഭാ സീറ്റിലേക്കുള്ള ഉപതിരഞ്ഞെടുപ്പും ഇന്ന് നടക്കും.

മാവോയിസ്റ്റ് ഭീഷണിയുള്ള 9 മണ്ഡലങ്ങളില്‍ വൈകിട്ട് 6നു വോട്ടെടുപ്പ് അവസാനിപ്പിക്കും. എല്ലായിടത്തും അവസാന ഒരു മണിക്കൂര്‍ കോവിഡ് ബാധിതര്‍ക്കും ക്വാറന്റീനില്‍ കഴിയുന്നവര്‍ക്കുമുള്ള സമയമാണ്. പകല്‍ വോട്ട് ചെയ്യാനെത്തുന്നവര്‍ക്ക് ഉയര്‍ന്ന ശരീരോഷ്മാവ് കണ്ടെത്തിയാല്‍ രണ്ടു വട്ടം കൂടി പരിശോധിച്ച ശേഷം അവസാന മണിക്കൂറില്‍ വോട്ട് ചെയ്യാനുള്ള ടോക്കണ്‍ നല്‍കി തിരിച്ചയയ്ക്കും.

പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സാദിഖലി ശിഹാബ് തങ്ങള്‍, പി.കെ കുഞ്ഞാലിക്കുട്ടി, മുനവ്വറലി ശിഹാബ് തങ്ങള്‍ തുടങ്ങിയവര്‍ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. യുഡിഎഫ് വന്‍ വിജയം നേടുമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.