അരുൺ ചാമ്പക്കടവ്  

കൊല്ലം: മലയാളത്തിന്റെ മനസറിഞ്ഞ് മാതൃഭാഷ നമ്മുടെ അഭിമാനമാണെന്ന് മലയാളികളോട് വിളിച്ച് പറയുകയാണ് “എന്റെ മലയാളം എന്റെ അഭിമാനം ” എന്ന സംഗീത ആൽബത്തിലൂടെ ചവറ സ്വദേശിയായ ടാക്സി ഡ്രൈവർ പിഎം ഷാൻ.സോഷ്യൽ മീഡിയകളിലൂടെ ലക്ഷകണക്കിന് ആരാധകരാണ് മലയാള മണ്ണിന്റെ മണമുള്ള സംഗീത വിരുന്ന് ഹിറ്റാക്കി മാറ്റിയിരിക്കുന്നത്.

” ചങ്കിൽ തുടി കൊട്ടി ഉണരുന്ന കേരളം എന്റെ അഭിമാനം, നാവിൽ കളിയാടിടുന്ന മലയാളമെന്റെ അഭിമാനം ” എന്ന് തുടങ്ങുന്ന വരികൾ ശ്രേഷ്ഠമായ മലയാള ഭാഷയെ ഭരണഭാഷയാക്കാൻ നടപടിയെടുക്കുന്ന ഗവൺമെന്റിനും മലയാള ഭാഷയെ സ്നേഹിക്കുന്ന ലോകമെമ്പാടുമുള്ള മലയാളികൾക്കുള്ള സമർപ്പണം കൂടിയാണിത്.
കുട്ടനാടിന്റെ പച്ചപ്പ് ആവോളം പകർത്തിയ ദൃശ്യചാരുത ഏതൊരു മലയാളിയുടെയും ഗൃഹാതുര സ്മരണകൾ വിളിച്ചോതുന്ന സംഗീത വിരുന്ന് ആസ്വാദകർ ഏറ്റെടുത്ത് കഴിഞ്ഞു.

ജീവിത പ്രാരാബ്ദങ്ങൾക്കിടയിലും സംഗീതത്തോടുള്ള അടങ്ങാത്ത അഭിനിവേശമാണ് സംഗീതം ശാസ്ത്രിയമായി പഠിച്ചിട്ടില്ലാത്ത ഷാനെ പതിനഞ്ചാം വയസ് മുതൽ നയിക്കുന്നത്. ഷാൻ
തന്നെയാണ് വരികളെഴുതിയിരിക്കുന്നത് വരികൾ മാത്രമല്ല സംഗീതവും നിർമ്മാണവും ആലാപനവും ഷാനിന്റേത് തന്നെ.2015-ൽ കൊല്ലത്ത് നടന്ന കേരള സർവകലാശാല കലോത്സവത്തിന്റെ ഒന്നര മിനിട്ട് ദൈർഘ്യമുള്ള തീം സോംഗിന്റെ രചനയും സംഗീതവും നിർവഹിച്ചത് ഷാനായിരുന്നു.

2010-ൽ ഷാൻ പാടിയ “മലരെ വരുമൊ” എന്ന ഗാനവും യൂട്യൂബിൽ ഹിറ്റായിരുന്നു. പ്രേമം സിനിമ ഹിറ്റായതിന് ശേഷമാണ് ഈ ഗാനം പോസ്റ്റ് ചെയ്തത്. ജോലി ചെയ്ത് മിച്ചം വരുന്ന പണം മുഴുവൻ ആൽബങ്ങളുടെ നിർമ്മാണത്തിനായി മാറ്റി വെച്ചിരിക്കുകയാണ് ഈ കലാകാരൻ.വിനീത് ശ്രീനിവാസൻ ,ബിജു നാരായണൻ, ഫ്രാങ്കോ എന്നിവർക്കൊപ്പം ഷാൻ പാടിയിട്ടുണ്ട്.

നവമാധ്യമങ്ങളിലൂടെ പാട്ട് കണ്ട് നിരവധി സ്വീകരണങ്ങളും അഭിനന്ദങ്ങളും തേടിയെത്തുകയാണ് ഈ യുവ കലാകാരനെ. ചവറ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഷാന് സ്വീകരണം നൽകിയിരുന്നു .പാട്ട്  കണ്ടതിന് ശേഷം മുൻ മന്ത്രി ഷിബു ബേബി ജോൺ അടക്കമുള്ള നിരവധി പ്രമുഖർ വിളിച്ച് അഭിനന്ദിച്ചിരുന്നു.എന്റെ മലയാളം എന്റെ അഭിമാനത്തിന് ശേഷം നിരവധി ആൽബം നിർമ്മാതാക്കളും സംവിധായകരും പല പ്രോജക്ടുകളുമായി സഹകരിക്കാൻ സന്നദ്ധത അറിയിച്ച് രംഗത്ത് വന്നിട്ടുണ്ട് . കുറ്റിവട്ടം ടാക്സി സ്റ്റാൻഡിലെ ഡ്രൈവറായ ഷാൻ വാടക വിട്ടിലാണ് കഴിയുന്നത്.വടക്കുംതല കണ്ണംപുഴയത്ത് തറയിൽ വീട്ടിൽ അമ്മ ഹുസൈബാക്കും ഭാര്യ സജ്ന നാല് വയസുള്ള മകൾ ജിൻസാന എന്നിവർക്കൊപ്പമാണ് താമസം.