വാഷിങ്ടണ്‍: അമേരിക്കയിലെ കൊളൊറാഡോ ശാസ്ത്രസാങ്കേതിക സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ നടത്തിയ വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഏഴ് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. രണ്ട് വിദ്യാര്‍ഥികളാണ് വെടിവെപ്പ് നടത്തിയത്. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു.

ഒരാള്‍ ക്ലാസ് മുറിയിലേക്ക് കടന്നുകയറിയും, മറ്റൊരാള്‍ പുറത്ത് നിന്നും ആണ് അക്രമം നടത്തിയതെന്ന് പരിക്കേറ്റ ഒരു വിദ്യാര്‍ഥി പറഞ്ഞു. ഗിത്താറിന്റെ പെട്ടിയില്‍ നിന്നാണ് തോക്ക് പുറത്തെടുത്ത് വെടിവെപ്പ് നടത്തിയത്. പരിക്കേറ്റ വിദ്യാര്‍ത്ഥികളില്‍ പലരുടേയും നില ഗുരുതരമാണ്. മാരകമായി പരുക്കേറ്റിരുന്ന 18-കാരനാണ് ആസ്പത്രിയില്‍ വച്ച് മരിച്ചത്.

അതേസമയം, വിദ്യാര്‍ഥിയുടെ പേരുവിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. വിദ്യാര്‍ഥികളില്‍ ഒരാള്‍ക്ക് പ്രായപൂര്‍ത്തി ആയിട്ടില്ല. സംഭവസ്ഥലത്ത് മിനിറ്റുകള്‍ക്കുളളില്‍ തന്നെ പൊലീസെത്തിയത് മരണസംഖ്യ കുറക്കാന്‍ കാരണമായി.