ന്യൂഡല്‍ഹി: ഇന്ത്യയിലെ ഒരു കോളജ് വിദ്യാര്‍ത്ഥി പ്രതിദിനം 150 തവണയെങ്കിലും മൊബൈല്‍ ഫോണ്‍ പരിശോധിക്കുന്നുണ്ടെന്ന് പഠനം. അലിഗഡ് മുസ്്‌ലിം യൂണിവേഴ്‌സിറ്റിയും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് സോഷ്യല്‍ സയന്‍സ് റിസര്‍ച്ചും ചേര്‍ന്ന് നടത്തിയ പഠനത്തിലാണ് ആശങ്ക ഉയര്‍ത്തുന്ന വിവരങ്ങളുള്ളത്.

20 കേന്ദ്ര സര്‍വകലാശാലകളിലാണ് പഠനം നടത്തിയത്. 200 വിദ്യാര്‍ത്ഥികളുമായി അഭിമുഖം നടത്തി. വിദ്യാര്‍ത്ഥികളുടെ ആരോഗ്യം, പഠനം എന്നിവയെ പ്രതികൂലമായി ബാധിക്കുന്ന പ്രവര്‍ത്തനമാണിതെന്ന് പഠനം പറയുന്നു.സാമൂഹിക മാധ്യമങ്ങളുടെ ഉപയോഗം, ഗൂഗിള്‍ തിരയലുകള്‍, സിനിമ കാണുന്നത് പോലെയുള്ള വിനോദപരിപാടികള്‍ തുടങ്ങിയ മറ്റ് ആവശ്യങ്ങള്‍ക്ക് വേണ്ടിയാണ് കൂടുതല്‍പേരും സ്മാര്‍ട്ട്‌ഫോണുകള്‍ ഉപയോഗിക്കുന്നത്. 26 ശതമാനം പേര്‍ മാത്രമാണ് സംസാരിക്കാന്‍ വേണ്ടി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതെന്ന് പ്രൊജക്ട് ഡയറക്ടര്‍ സൈദ് മുഹമ്മദ് നവേദ് ഖാന്‍ പറഞ്ഞു.

വിദ്യാര്‍ത്ഥികളില്‍ 14 ശതമാനം പേര്‍ ദിവസം മൂന്നു മണിക്കൂറോ അതില്‍ കൂടുതലോ സ്മാര്‍ട്ട്‌ഫോണുകള്‍ ഉപയോഗിക്കുന്നവരാണ്. 63 ശതമാനം പേര്‍ ദിവസവും നാല് മുതല്‍ ഏഴ് മണിക്കൂര്‍ വരെ ഉപയോഗിക്കുന്നു. 23 ശതമാനം വിദ്യാര്‍ത്ഥികള്‍ ഒരു ദിവസം എട്ട് മണിക്കൂറിലധികം സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നുണ്ടെന്നത് ഞെട്ടിക്കുന്ന അറിവാണെന്ന് ഖാന്‍ കൂട്ടിച്ചേര്‍ത്തു.

എണ്‍പതു ശതമാനം വിദ്യാര്‍ത്ഥികള്‍ക്ക് മൊബൈല്‍ ഫോണ്‍ സ്വന്തമായുണ്ട്. അവരില്‍ മിക്കവര്‍ക്കും സ്മാര്‍ട്ട് ഫോണുകള്‍, ആപ്ലിക്കേഷനുകള്‍, ഫീച്ചറുകള്‍ തുടങ്ങിയവ എളുപ്പത്തില്‍ ഉപയോഗിക്കാനുള്ള അറിവും സൗകര്യവുമുള്ളവരാണ്. കോളജ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ സ്മാര്‍ട്ട്‌ഫോണ്‍ ആശ്രിതത്വത്തിന്റെയും ആസക്തിയുടെയും വിവിധ വശങ്ങള്‍ മനസിലാക്കുന്നതിനായിരുന്നു പഠനം.