കൊച്ചി: തലശേരി ഫസല്‍ വധക്കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി വിധിപറയാന്‍ മാറ്റി. കൊല്ലപ്പെട്ട ഫസലിന്റെ സഹോദരന്‍ സത്താര്‍ നല്‍കിയ ഹര്‍ജിയാണ് എറണാകുളം സിബിഐ പ്രത്യേക കോടതി ഈമാസം 15 ലേക്ക് വിധിപറയാന്‍ മാറ്റിയത്. കോടതിയുടെ നിര്‍ദേശപ്രകാരം ആര്‍എസ്എസ് പ്രവര്‍ത്തകനായ സുബീഷിന്റെ കുറ്റസമ്മത മൊഴിയുടെ വീഡിയോ സിഡിയും ഓഡിയോ സിഡിയും ഹര്‍ജിക്കാരന്‍ അഭിഭാഷകന്‍ വഴി കോടതിയില്‍ ഹാജരാക്കി. താനും ആര്‍എസ്എസ് പ്രവര്‍ത്തകരായ മറ്റ് മൂന്ന് പേരും ചേര്‍ന്ന് ഫസലിനെ കൊലപ്പെടുത്തിയതായി സുബീഷ് പറയുന്നതായിട്ടാണ് സിഡിയിലുള്ളത് . ആര്‍എസ്എസിന്റെ കൊടിമരങ്ങളും ബാനറുകളും നശിപ്പിച്ചതിലുള്ള വിരോധവും രാഷ്ട്രീയ വൈരാഗ്യവും മൂലം ഫസലിനെ ആക്രമികുകയായിരുന്നുവെന്നും കൊലചെയ്യാന്‍ ഉദ്യേശ്യമില്ലായിരുന്നുവെന്നും സിഡിയിലുണ്ട്. എന്നാല്‍ അക്രമത്തിന് ശേഷം ഫസല്‍ കൊല്ലപ്പെടുകയായിരുന്നുവെന്നും മൊഴിയില്‍ പറയുന്നു. അതേസമയം മൊഴി കെട്ടിച്ചമച്ചതാണെന്നും സിപിഎം പ്രവര്‍ത്തകര്‍ തന്നെയാണ് കൊലക്ക് പിന്നിലെന്നും സിബിഐയും കോടതിയെ അറിയിച്ചു.