X
    Categories: MoreViews

അമേരിക്ക പിന്മാറിയാലും സിറിയന്‍ പ്രതിപക്ഷത്തെ പിന്തുണക്കുമെന്ന് ഖത്തര്‍

ദോഹ: അമേരിക്ക പിന്മാറാന്‍ തീരുമാനിച്ചാലും സിറിയന്‍ പ്രതിപക്ഷത്തിനുള്ള ഖത്തറിന്റെ പിന്തുണ തുടരുമെന്ന് വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്്ദുല്‍റഹ്്മാന്‍ അല്‍താനി. എന്നാല്‍, ഇത്തരമൊരു പദ്ധതിയുമായി മുന്നോട്ടു പോകും മുമ്പ് മേഖലയിലെ മറ്റുള്ളവരുമായി കൂടിയാലോചിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. റോയിട്ടേഴ്‌സാണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്.

അമേരിക്ക ഞങ്ങളോടൊപ്പമുണ്ടാവണം. തീര്‍ച്ചയായും അവര്‍ ഞങ്ങളുടെ ചരിത്രപരമായ പങ്കാളികളാണ്-ശൈഖ് മുഹമ്മദ് പറഞ്ഞു. എന്നാല്‍, അവര്‍ മനസ്സ് മാറ്റുകയാണെങ്കില്‍ ഖത്തര്‍ നിലപാട് മാറ്റുകയില്ല. ഞങ്ങളുടെ നിലപാട് തത്വങ്ങളുടെയും മൂല്യങ്ങളുടെയും നിലവില്‍ അവിടെയുള്ള സാഹചര്യങ്ങള്‍ വിലയിരുത്തിയുമാണ്-വിദേശ കാര്യ മന്ത്രി കൂട്ടിച്ചേര്‍ത്തു.
വിമതരെ പിന്തുണയ്ക്കുന്നതിനേക്കാള്‍ ഐഎസിനെതിരായ പോരാട്ടത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുകയെന്ന് അമേരിക്കന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഡൊണാള്‍ഡ് ട്രംപ് നേരത്തേ പറഞ്ഞിരുന്നു. സിറിയന്‍ പ്രസിഡന്റ് ബശ്ശാറുല്‍ അസദിന്റെ സഖ്യ കക്ഷിയായ റഷ്യയോടൊപ്പം നില്‍ക്കും എന്ന സൂചയും ട്രംപിന്റെ പ്രസ്താവനയില്‍ ഉണ്ട്.
അസദ് തീക്കൊളുത്തിയ ആഭ്യന്തര യുദ്ധത്തിന്റെ ഉല്‍പ്പന്നമാണ് ഐഎസ് എന്ന് ശൈഖ് മുഹമ്മദ് പറഞ്ഞതായും റോയിട്ടേഴ്‌സ് റിപോര്‍ട്ട് ചെയ്തു. അതു കൊണ്ട് തന്നെ ബശ്ശാറിനെ സ്ഥാനത്ത് തുടരാന്‍ അനുവദിക്കുന്നത് കൂടുതല്‍ തീവ്രവാദ ഗ്രൂപ്പുകള്‍ സൃഷ്ടിക്കപ്പെടാന്‍ ഇടയാക്കും.
മുസ്്‌ലിംകള്‍ക്കെതിരേ തിരിഞ്ഞ് തിരഞ്ഞെടുപ്പ് വിജയം നേടുന്ന രാഷ്ട്രീയക്കാരുടെ നടപടി അവരുടെ സമൂഹത്തില്‍ തന്നെ ദീര്‍ഘകാലത്തേക്ക് പ്രശ്‌നങ്ങള്‍ക്കിടയാക്കുമെന്നും വിദേശകാര്യമന്ത്രി സൂചിപ്പിച്ചു.

chandrika: