ന്യൂഡല്‍ഹി: തിയേറ്ററുകളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കിയ ഉത്തരവ് പുനഃപരിശോധിക്കുമെന്ന് സുപ്രീംകോടതി. ജനങ്ങള്‍ക്ക് മേല്‍ ദേശീയത അടിച്ചേല്‍പ്പിക്കാനാവില്ലെന്നും ഇപ്പോള്‍ ദേശീയഗാനം ചൊല്ലുമ്പോള്‍ ജനം എഴുന്നേറ്റു നില്‍ക്കുന്നത് ദേശവിരുദ്ധനാകുമോ എന്ന ഭീതിയോടെയാണെന്നും കോടതി നിരീക്ഷിച്ചു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനും ജസ്റ്റിസുമാരായ എ.എം ഖാന്‍വില്‍കര്‍. ഡി.വൈ ചന്ദ്രചൂഢ് എന്നിവര്‍ അംഗങ്ങളുമായ ബഞ്ചിന്റേതാണ് തീരുമാനം.
രാജ്യത്തെ എല്ലാ സിനിമാ തിയേറ്ററുകളിലും പ്രദര്‍ശനം തുടങ്ങുന്നതിന് മുമ്പ് ദേശീയഗാനാലാപനം നിര്‍ബന്ധമാക്കണമെന്നും ഈ സമയത്ത് എഴുന്നേറ്റ് നില്‍ക്കല്‍ നിര്‍ബന്ധമാക്കണമെന്നും ആവശ്യപ്പെട്ട് ശ്യാം നാരായണ്‍ ചൗക്‌സി എന്നയാള്‍ കഴിഞ്ഞ വര്‍ഷം സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കവെയായിരുന്നു കോടതി പരാമര്‍ശം. ദേശീയ ഗാനാലാപനം നിര്‍ബന്ധമാക്കിയ ഉത്തരവ് റദ്ദാക്കില്ലെന്ന് പറഞ്ഞ കോടതി, അതേസമയം ഇതില്‍ ഭേദഗതി വരുത്തുന്ന കാര്യം പരിഗണിക്കുമെന്ന് വ്യക്തമാക്കി. തിയേറ്ററുകളില്‍ ദേശീയഗാനം ചൊല്ലുമ്പോള്‍ എഴുന്നേറ്റു നില്‍ക്കണമെന്ന വ്യവസ്ഥ ഒഴിവാക്കുന്നതിന് നാഷണല്‍ ഫഌഗ് കോഡില്‍ ഭേദഗതി വരുത്തുന്ന കാര്യം കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കണമെന്നും കോടതി പറഞ്ഞു. 2018 ജനുവരി ഒമ്പതിന് കേസ് വീണ്ടും പരിഗണിക്കും.
ദേശീയ ഗാനം കേള്‍ക്കുമ്പോള്‍ എഴുന്നേറ്റില്ലെന്ന് കരുതി ഒരാള്‍ക്ക് രാജ്യസ്‌നേഹം കുറവാണെന്ന് ധരിക്കാനാവില്ലെന്ന് കോടതി പറഞ്ഞു. ഇതിന്റെ മറവില്‍ സമൂഹത്തിന്റെ സദാചാര പൊലീസിങും അനുവദിക്കാന്‍ കഴിയില്ല. ദേശീയ ഗാനത്തോട് അനാദരവാകുമെന്ന് പറഞ്ഞ് അടുത്ത തവണ തിയേറ്ററുകളില്‍ ടീ ഷര്‍ട്ടും ഷോര്‍ട്ടും നിരോധിക്കണമെന്ന് സര്‍ക്കാര്‍ പറഞ്ഞാല്‍ അത് എങ്ങനെ അനുവദിക്കാന്‍ കഴിയും. കോടതിയുടെ ചുമലില്‍ കയറിയിരുന്ന് വെടിവെക്കാന്‍ സര്‍ക്കാറിനെ അനുവദിക്കാനാവില്ലെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
2016 ഡിസംബര്‍ ഒന്നിലെ ഉത്തരവില്‍ ദേശീയ ഗാനം നിര്‍ബന്ധമാണെന്ന് പറയുന്ന ഭാഗത്ത് ദേശീയ ഗാനം ആവാം എന്ന രീതിയില്‍ ഭേദഗതി വരുത്തുന്ന കാര്യമാണ് ആലോചിക്കുന്നതെന്ന് കോടതി പറഞ്ഞു. ജനം തിയേറ്ററുകളില്‍ എത്തുന്നത് കലര്‍പ്പില്ലാത്ത ആസ്വാദനത്തിനാണ്. സമൂഹത്തിന് വിനോദം ആവശ്യമാണ്. ഞങ്ങളുടെ(കോടതിയുടെ) ചുമലില്‍ കയിറിയിരുന്ന് വെടിവെക്കാന്‍ നിങ്ങളെ(കേന്ദ്രത്തെ) അനുവദിക്കാനാവില്ല. ദേശീയത തെളിയിക്കാന്‍ ജനം തിയേറ്ററുകളില്‍ എഴുന്നേറ്റ് നില്‍ക്കേണ്ട കാര്യമൊന്നുമില്ല. അനുസരണ ഒന്നും അത് അടിച്ചേല്‍പ്പിക്കുന്നത് മറ്റൊന്നുമാണ്. ദേശീയത കൈമടക്കില്‍ കൊണ്ടുനടക്കണമെന്ന് പൗരന്മാരെ നിര്‍ബന്ധിക്കാനാവില്ല. അതുപോലെത്തന്നെ കോടതി ഉത്തരവിലൂടെ അടിച്ചേല്‍പ്പിക്കാനും കഴിയില്ല- ബെഞ്ച് വ്യക്തമാക്കി.
വൈവിധ്യങ്ങള്‍ നിറഞ്ഞ രാഷ്ട്രമായതു കൊണ്ട്, ഏകതക്കായി സിനിമാ ഹാളുകളില്‍ ദേശീയ ഗാനം വേണമെന്നായിരുന്നു കേന്ദ്ര സര്‍ക്കാറിനു വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാലിന്റെ നിലപാട്. ദേശീയഗാനത്തെയും പതാകയെയും ബഹുമാനിക്കുന്നത് മാതൃരാജ്യത്തോടുള്ള സ്‌നേഹവും ബഹുമാനവും പ്രതിഫലിപ്പിക്കുന്നതാണെന്നും എ.ജി അവകാശപ്പെട്ടു.
നേരത്തെ ശ്യാം നാരായണ്‍ ചൗക്‌സി സമര്‍പ്പിച്ച ഹര്‍ജിയിലാണ് രാജ്യസ്‌നേഹവും ദേശീയതയും വളര്‍ത്തുന്നതിനായി തിയേറ്ററുകളില്‍ ദേശീയഗാനം കോടതി നിര്‍ബന്ധമാക്കിയത്. ദേശീയ ഗാനം ചൊല്ലുമ്പോള്‍ ശാരീരിക അവശതകള്‍ ഇല്ലാത്തവരെല്ലാം എഴുന്നേറ്റു നില്‍ക്കണമെന്നും കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ നിരവധി സംഘടനകള്‍ കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു. എഴുന്നേറ്റ് നില്‍ക്കാന്‍ ശേഷിയില്ലാത്തവരെ മര്‍ദിച്ച സംഭവങ്ങളും ചില തിയേറ്ററുകളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് കോടതിയുടെ ഇടപെടല്‍.