ന്യൂഡല്‍ഹി: അലഹാബാദ് ഹൈക്കോടതി ജസ്റ്റിസ് എസ്.എന്‍ ശുക്ലക്കെതിരെ അഴിമതിക്കേസില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ സി.ബി.ഐക്ക് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അനുമതി നല്‍കി. മെഡിക്കല്‍ കോഴക്കേസിലാണ് എസ്.എന്‍ ശുക്ല ആരോപണവിധേയനായിരിക്കുന്നത്.

ഇതാദ്യമായാണ് ഒരു സിറ്റിങ് ജസ്റ്റിസിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ സി.ബി.ഐക്ക് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അനുമതി നല്‍കുന്നത്. സിറ്റിങ് ജസ്റ്റിസുമാര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ അനുമതി വേണം. ഈ പശ്ചാത്തലത്തില്‍ സി.ബി.ഐ സുപ്രീം കോടതിക്ക് ആവശ്യമുന്നയിച്ച് കത്തയച്ചിരുന്നു.

എം ബി ബി എസ് പ്രവേശനവുമായി ബന്ധപ്പെട്ട് സ്വകാര്യ മെഡിക്കല്‍ കോളേജുകളെ സഹായിച്ചുവെന്നാണ് ശുക്ലയ്‌ക്കെതിരെയുള്ള ആരോപണം. സുപ്രീം കോടതിയുടെ തന്നെ ഉത്തരവുകളെ മറികടന്ന് സ്വകാര്യ മെഡിക്കല്‍ കോളേജില്‍ വിദ്യാര്‍ഥി പ്രവേശനത്തിനുള്ള സമയപരിധി നീട്ടി നല്‍കിയ സംഭവത്തിലാണ് സി ബി ഐ ശുക്ലയ്‌ക്കെതിരെ അഴിമതിക്കേസ് രജിസ്റ്റര്‍ ചെയ്യുക.