ന്യൂഡല്‍ഹി: കോടതിയലക്ഷ്യക്കേസില്‍ ആറു മാസത്തെ തടവിനു ശിക്ഷിച്ചുകൊണ്ടുള്ള വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി സി.എസ് കര്‍ണന്‍ സമര്‍പ്പിച്ച അപേക്ഷ സുപ്രീംകോടതി നിരസിച്ചു. സുപ്രീംകോടതി രജിസ്ട്രിയുടെ ചട്ടങ്ങള്‍ അനുസരിച്ച് ജസ്റ്റിസ് കര്‍ണന്‍ സമര്‍പ്പിച്ച ഹര്‍ജി നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അപേക്ഷ നിരസിച്ചത്. മെയ് ഒമ്പതിലെ ശിക്ഷാവിധി റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് കര്‍ണന്‍ സുപ്രീംകോടതിയെ സമീപിച്ചത്. ആവശ്യം തള്ളിയതോടെ സുപ്രീംകോടതിയില്‍നിന്ന് കര്‍ണന് ശിക്ഷാ ഇളവ് ലഭിക്കാനുള്ള സാധ്യത ഇല്ലാതായി.

ജഡ്ജിമാര്‍ക്ക് എതിരായ പരാമര്‍ശത്തില്‍ മെയ് ഒമ്പതിനാണ് ഏഴംഗ സുപ്രീംകോടതി ബെഞ്ച് ജസ്റ്റിസ് കര്‍ണന് ആറു മാസത്തെ തടവു ശിക്ഷ വിധിച്ചത്. സിറ്റിങ് ജഡ്ജി ജയില്‍ശിക്ഷക്ക് വിധിക്കപ്പെടുന്ന രാജ്യത്തെ ആദ്യ സംഭവമായിരുന്നു ഇത്.
ശിക്ഷ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലും ചീഫ് ജസ്റ്റിസ് ജെ.എസ് ഖേഹാര്‍, ജസ്റ്റിസ് ദീപക് മിശ്ര എന്നിവര്‍ക്കെതിരെ കര്‍ണന്‍ ആരോപണങ്ങള്‍ ഉന്നയിച്ചതാണ് ഹര്‍ജി നിരസിക്കാന്‍ കാരണമെന്ന് സൂചനയുണ്ട്. എന്നാല്‍ ഹര്‍ജി നിരസിക്കാനുള്ള കാരണം സുപ്രീംകോടതി രജിസ്ട്രി ഔദ്യോഗികമായി അറിയിച്ചിട്ടില്ല.
അരുണാചല്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രി കലികോ ഫൂരലിന്റെ മരണവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ വിധവ, ചീഫ് ജസ്റ്റിസ് ജെ.എസ് ഖേഹാറിനും ജസ്റ്റിസ് ദീപക് മിശ്രക്കുമെതിരെ സുപ്രീംകോടതി മുമ്പാകെ പരാതി നല്‍കിയിട്ടുണ്ടെന്നാണ് കര്‍ണന്റെ ഹര്‍ജിയിലെ പരാമര്‍ശം.
അതേസമയം സുപ്രീംകോടതി വിധി വന്നതു മുതല്‍ ഒളിവില്‍ പോയ ജസ്റ്റിസ് കര്‍ണന്‍ എവിടെയാണ് എന്നതു സംബന്ധിച്ച് ഇപ്പോഴും വിവരമില്ല.
സുപ്രീംകോടതി വിധിക്കു പിന്നാലെ കര്‍ണനെ അറസ്റ്റു ചെയ്യാന്‍ കൊല്‍ക്കത്ത പൊലീസ് ചെന്നൈയില്‍ എത്തിയിരുന്നെങ്കിലും അദ്ദേഹം ഇവിടെനിന്ന് രക്ഷപ്പെടുകയായിരുന്നു. വിദേശത്തേക്ക് കടന്നിരിക്കാമെന്ന് സൂചനകള്‍ ഉണ്ടെങ്കിലും ഇക്കാര്യത്തിലും സ്ഥിരീകരണമില്ല. ജസ്റ്റിസ് കര്‍ണന്‍ ചെന്നൈയില്‍ തന്നെയുണ്ടെന്നാണ് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞത്. ജസ്റ്റിസ് കര്‍ണന്‍ ഒപ്പിട്ട വക്കാലത്ത് അഭിഭാഷകന്‍ കോടതിയില്‍ ഹാജരാക്കുകയും ചെയ്തിരുന്നു.