ഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിന് എതിരായ കേരളത്തിന്റെ സ്യൂട്ടില്‍ കേന്ദ്ര നിയമ മന്ത്രാലയത്തിന് സുപ്രിം കോടതിയുടെ ചേംബര്‍ സമന്‍സ്. അറ്റോര്‍ണി ജനറലിന്റെ ഓഫീസിന് നോട്ടീസ് കൈമാറിയിട്ടും വക്കാലത്ത് ഇടാത്തതിനാലാണ് സമന്‍സ്.

ജനുവരിയിലാണ് പൗരത്വ ഭേദഗതി നിയമം ചോദ്യം ചെയ്ത് കേരളം സുപ്രിം കോടതിയില്‍ സ്യൂട്ട് ഫയല്‍ ചെയ്തിരുന്നത്. തുടര്‍ന്ന് സുപ്രിം കോടതി രജിസ്ട്രി സ്യൂട്ടിന്റെ പകര്‍പ്പും നോട്ടീസും അറ്റോര്‍ണി ജനറലിന്റെ ഓഫീസിന് കൈമാറിയിരുന്നു. ആറു മാസം കഴിഞ്ഞിട്ടും കേന്ദ്ര സര്‍ക്കാരിന് വേണ്ടി അഭിഭാഷകര്‍ വക്കാലത്ത് ഇടാത്തതിനാലാണ് സുപ്രിം കോടതി രജിസ്ട്രി ചേംബര്‍ സമന്‍സ് കൈമാറാന്‍ നിര്‍ദേശിച്ചത്.

സംസ്ഥാന സര്‍ക്കാര്‍ സ്റ്റാന്‍ഡിങ് കോണ്‍സല്‍ ജി. പ്രകാശ് കേന്ദ്ര നിയമമന്ത്രാലയത്തിന് സമന്‍സിന്റെ പകര്‍പ്പ് കഴിഞ്ഞയാഴ്ച കൈമാറി. സമന്‍സ് നിയമമന്ത്രാലയം കൈപറ്റി എന്ന് വ്യക്തമാക്കുന്ന രേഖ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതി രജിസ്ട്രിയില്‍ സമര്‍പ്പിച്ചു. കോടതി രേഖകള്‍ പ്രകാരം സെപ്റ്റംബര്‍ മൂന്നാം വാരം സ്യൂട്ട് ചേംബര്‍ ജഡ്ജിയുടെ പരിഗണനയ്ക്ക് ആദ്യം ലിസ്റ്റ് ചെയ്യും എന്നാണ് സൂചന. പൗരത്വ ഭേദഗതി നിയമം ഭരണഘടന വിരുദ്ധമാണെന്ന് വിധിക്കണം. നിയമം റദ്ദാക്കണം. പാസ്സ്‌പോര്‍ട്ട് നിയമത്തിലെ 2015ലെ ചട്ടങ്ങളും, വിദേശികളുടെ ഇന്ത്യയിലേക്കുള്ള പ്രവേശനവുമായി ബന്ധപ്പെട്ട 2016 ലെ ചട്ടങ്ങളും ഭരണഘടന വിരുദ്ധമാണെന്ന് വിധിച്ച് കൊണ്ട് റദ്ദാക്കണം എന്നിവയാണ് സ്യൂട്ടിലെ പ്രധാന ആവശ്യങ്ങള്‍.