ന്യൂഡല്‍ഹി: പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദ്‌നിയുടെ കേരള യാത്ര സംബന്ധിച്ച് കര്‍ണാടക സര്‍ക്കാറിന് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശം. ശമ്പളമുള്ളപ്പോള്‍ സുരക്ഷാ ചുമതലയിലുള്ള ഉദ്യോഗസ്ഥര്‍ക്ക് അധിക തുക നല്‍കുന്നത് എന്തിനാണെന്ന് കോടതി ചോദിച്ചു. വിധി അട്ടിമറിക്കാനുള്ള ശ്രമമാണോ കര്‍ണാടക സര്‍ക്കാറിന്റേതെന്ന് ആരാഞ്ഞു. സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കേരളത്തിലേക്കുള്ള യാത്രാബത്ത മാത്രം നല്‍കിയാല്‍ മതിയെന്ന് കോടതി വ്യക്തമാക്കി. മഅദ്‌നിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ രൂക്ഷ വിമര്‍ശം.
വിചാരണ തടവുകാരനായ മഅദ്‌നിക്ക് സുരക്ഷ ഒരുക്കേണ്ടത് ഉദ്യോഗസ്ഥരുടെ ചുമതലയാണെന്നും പരമോന്നത നീതിപീഠം വ്യക്തമാക്കി. കേരള യാത്രയുടെ അലവന്‍സ് എത്രയാണെന്ന് നാളെ കോടതിയെ അറിയിക്കണമെന്നും ജഡ്ജി ഉത്തരവിട്ടു. അതേസമയം മഅദ്‌നിക്ക് സുരക്ഷ ഒരുക്കാന്‍ തയാറാണെന്ന് കേരള സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അറിയിച്ചു.
മകന്റെ വിവാഹത്തിനായി കേരളത്തിലേക്ക് വരുന്നതിന് മഅദ്‌നി 14 ലക്ഷം രൂപ നല്‍കണമെന്നായിരുന്നു കര്‍ണാടക സര്‍ക്കാറിന്റെ നിലപാട്. ഇതിനെതിരെയാണ് മഅദ്‌നി സുപ്രീംകോടതിയെ സമീപിച്ചത്.