തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ എസ് വി പ്രദീപ് വാഹനാപകടത്തില്‍ അന്തരിച്ചു. തിരുവനന്തപുരം നഗരത്തിലുണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ പ്രദീപിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

വൈകിട്ട് മൂന്നരയോടെയാണ് സംഭവമുണ്ടായത്. നേമം കാരയ്ക്കാമണ്ഡപത്ത് വച്ചാണ് വാഹനാപകടമുണ്ടായത്. കാരയ്ക്കാമണ്ഡപം സിഗ്‌നലിന് സമീപം പ്രദീപ് സഞ്ചരിച്ച ഇരുചക്രവാഹനത്തെ മറ്റൊരു വാഹനം ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടിച്ചിട്ട വാഹനം നിര്‍ത്താതെ പോയി. ഇത് വരെ അപകടമുണ്ടാക്കിയ വാഹനം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

ജയ് ഹിന്ദ്, മീഡിയ വണ്‍, ന്യൂസ് 18, കൈരളി, മംഗളം എന്നീ ന്യൂസ് ചാനലുകളില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു പ്രദീപ്. ഭാരത് ലൈവ് എഡിറ്റോറിയല്‍ ഡയറക്ടറായി ജോലി ചെയ്യുകയായിരുന്നു. ഹെറാള്‍ഡ് ന്യൂസ് ടി വി, വെബ് ദുനിയ മലയാളം തുടങ്ങിയ മാധ്യമ സ്ഥാപനങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്. തിരുവനന്തപുരം പ്രസ് ക്ലബ്ബ് പൂര്‍വ്വ വിദ്യാര്‍ത്ഥിയാണ്.