പീഡിപ്പിക്കാന്‍ ശ്രമിച്ച സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചുനീക്കി യുവതി; മാതാവിനെതിരെ കേസ്
തിരുവനന്തപുരം: തിരുവനന്തപുരത്ത് ലൈംഗിക അതിക്രമം തടയാന്‍ യുവതി സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചു നീക്കി. കൊല്ലം പന്മന ആശ്രമത്തിലെ ഗംഗേശാനന്ദ തീര്‍ത്ഥപാദര്‍ (ശ്രീഹരി) എന്ന 54കാരന്റെ ജനനേന്ദ്രിയമാണ് യുവതി മുറിച്ചു മാറ്റിയത്. ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വര്‍ഷങ്ങളായി നീണ്ടുനിന്ന ലൈംഗിക പീഡനം തടയാനാണ് പെണ്‍കുട്ടി കൃത്യം നടത്തിയെന്നതാണ് പൊലീസ് പറയുന്നത്. 17 വയസ്സു മുതല്‍ ഇയാള്‍ നിരന്തര പീഡനത്തിനിരയാക്കിയതായി പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കി. സ്വാമിക്കും പെണ്‍ക്കുട്ടിയുടെ അമ്മക്കുമെതിരെ തിരുവനന്തപുരം പേട്ട പൊലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്തു. പീഡനത്തിന് ഒത്താശ ചെയ്തുവെന്നതാണ് അമ്മക്കെതിരെയുള്ള കുറ്റം.

ncrp0156126
സംഭവത്തെക്കുറിച്ച് പേട്ട പൊലീസ് പറയുന്നത് ഇങ്ങനെ: പെണ്‍കുട്ടി പ്ലസ് വണ്‍ പഠിപ്പിക്കുന്ന കാലം മുതല്‍ സ്വാമി എന്നറിയപ്പെടുന്ന ശ്രീഹരി നിരന്തരം എത്തുമായിരുന്നു. അസുഖം ബാധിച്ച അച്ഛനും അമ്മയും മാത്രമാണ് വീട്ടിലുള്ളത്. അമ്മയുമായുള്ള സൗഹൃദം മുതലെടുത്താണ് ഇയാള്‍ വീടുമായി ബന്ധം സ്ഥാപിക്കുന്നത്. 23 വയസ്സുവരെ നിരന്തര പീഡനത്തിനിരയാക്കി. ഇന്നലെ വൈകിട്ടും വീട്ടിലെത്തിയ സ്വാമി പെണ്‍കുട്ടിയെ ഉപദ്രവിച്ചു. തുടര്‍ന്ന് പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ നേരത്തെ കൈയില്‍ കരുതിവെച്ച കത്തി ഉപയോഗിച്ച് സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചുമാറ്റുകയായിരുന്നു. രക്തം വാര്‍ന്നു കിടന്ന സ്വാമിയെ പെണ്‍കുട്ടിയുടെ വീട്ടുകാരാണ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ പെണ്‍കുട്ടിയല്ല, ജനനേന്ദ്രിയം താന്‍ സ്വയം മുറിച്ചു മാറ്റുകയായിരുന്നുവെന്ന് സ്വാമി പൊലീസിന് മൊഴി നല്‍കി.