തിരുവനന്തപുരം: പരീക്ഷകള്‍ക്ക് മുന്നോടിയായി സിലബസ് വെട്ടിച്ചുരുക്കണമെന്ന ആവശ്യം ഉയരുന്നു. ഓണ്‍ലൈന്‍ ക്ലാസുകളിലൂടെ ചില വിഷയങ്ങള്‍ 40 ശതമാനം വരെയെ പൂര്‍ത്തിയാക്കാനായിട്ടുള്ളൂ. എസ്എസ്എല്‍സി, പ്ലസ് 2 പരീക്ഷക്ക് മുന്‍പ് സിലബസ് കുറക്കുന്നതിന്റെ വിശദാംശങ്ങള്‍ വിദ്യാര്‍ത്ഥികളെയും അറിയിക്കണമെന്ന ആവശ്യമാണ് അധ്യാപകര്‍ ഉന്നയിക്കുന്നത്.

സയന്‍സ് വിഷയങ്ങളൊഴികെ മറ്റ് വിഷയങ്ങളില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ പ്രതീക്ഷിച്ച രീതിയില്‍ മുന്നോട്ട് പോയിട്ടില്ല. സയന്‍സ് വിഷയങ്ങളില്‍ പ്രാക്ടിക്കല്‍ ക്ലാസുകള്‍ ആരംഭിച്ചിട്ടുമില്ല. സോഷ്യല്‍ സയന്‍സ്, ഭാഷാ വിഷയങ്ങളില്‍ 30 ശതമാനം സിലബസെങ്കിലും കുറക്കണമെന്ന ആവശ്യമാണ് അധ്യാപകരില്‍ നിന്ന് തന്നെ ഉയരുന്നത്.

സിലബസ് കുറക്കുന്ന തീരുമാനം സിബിഎസ്ഇ നേരത്തെ എടുത്തിരുന്നു. മറ്റ് പ്രധാനപ്പെട്ട ബോര്‍ഡുകളുടെ തീരുമാനം എന്താണെന്ന് സര്‍ക്കാര്‍ കാത്തിരിക്കുകയാണ്. സിലബസില്‍ എന്തെങ്കിലും കുറക്കണോ എന്ന് ബോര്‍ഡുകളുടെ പൊതു തീരുമാനം ആവശ്യമാണ്. നീറ്റ് , ജെഇഇ പരീക്ഷകള്‍ക്ക് എല്ലാ ബോര്‍ഡുകളുടെയും തീരുമാനം കണക്കിലെടുത്താവും ചോദ്യപേപ്പര്‍ തയ്യാറാക്കുക.