ചെന്നൈ: എലിയെ കൊല്ലുന്നതിന് ഇല്ലം ചുടുന്ന കാലത്ത് എലിയെ തിന്ന് കര്‍ഷകര്‍ നടത്തിയ പ്രതിഷേധം സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിലാണ് സംഭവം. കൃഷിനാശത്തില്‍ തങ്ങള്‍ക്കുണ്ടായ നഷ്ടത്തിന് പരിഹാരമുണ്ടാക്കാത്ത സംസ്ഥാന സര്‍ക്കാറിനെതിരെ തിരുച്ചിറപ്പള്ളി കര്‍ഷക അസോസിയേഷന്റെ നേതൃത്വത്തിലാണ് വേറിട്ട സമരം അരങ്ങേറിയത്. ചത്ത എലിയെ കടിച്ചുപിടിച്ചായിരുന്നു കര്‍ഷകരുടെ പ്രതിഷേധം.
വരള്‍ച്ചയില്‍ കനത്ത കൃഷിനാശമുണ്ടായ സാഹചര്യത്തില്‍ സംസ്ഥാനത്തെ ദുരന്തബാധിത പ്രദേശമായി പ്രഖ്യാപിക്കണമെന്നാണ് കര്‍ഷകരുടെ പ്രധാന ആവശ്യം. മണ്‍സൂണ്‍ മഴയുടെ അഭാവവും കാവേരി നദിയില്‍ നിന്നു വെള്ളം ലഭിക്കാത്തതുമാണ് സംസ്ഥാനത്ത് കടുത്ത വരള്‍ച്ചക്കു കാരണമായത്. കൃഷിനാശത്തില്‍ മനംനൊന്ത് രണ്ടു മാസത്തിനിടെ 47 കര്‍ഷകരാണ് തമിഴ്‌നാട്ടില്‍ ജീവനൊടുക്കിയത്. ഇന്നലെ അഞ്ചു കര്‍ഷകര്‍ കൂടി ആത്മഹത്യചെയ്തതോടെയാണ് അധികൃതരുടെ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് കര്‍ഷകര്‍ വേറിട്ട സമരത്തിലേക്ക് നീങ്ങിയത്.