ചെന്നൈ: ശശികലയെ തമിഴ്‌നാട് മുഖ്യമന്ത്രിയാക്കാനുള്ള നീക്കത്തിനെതിരെ റാപ് സംഗീതത്തിലൂടെ സോഫിയ തേന്‍മൊഴി അഷ്‌റഫിന്റെ നേതൃത്വത്തില്‍ വേറിട്ട പ്രതിഷേധം. കഴിഞ്ഞ ദിവസം രാത്രി ഗിത്താറിന്റെ അകമ്പടയില്‍ സോഫിയ പാടിയ നിങ്ങളെന്റെ മുഖ്യമന്ത്രിയല്ല, വോട്ടും തരില്ല എന്ന ഗാനമാണ് സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നത്. 70,000ത്തില്‍ അധികം പേരാണ് ഇതിനകം വീഡിയോ കണ്ടത്. ആയിരത്തിലധികം പേര്‍ ഇത് ഷെയര്‍ ചെയ്യുകയും ചെയ്തു.

ചെന്നൈയിലെ സംഭവ വികാസങ്ങളില്‍ ഞങ്ങള്‍ അസ്വസ്ഥരാണ്, ജനാധിപത്യം ഇവിടെ കശാപ്പു ചെയ്യപ്പെട്ടിരിക്കുന്നു എന്നു പറഞ്ഞുകൊണ്ടാണ് ഗാനം തുടങ്ങുന്നത്. അന്തരിച്ച മുഖ്യമന്ത്രി ജയലളിതയുടെ വസതിയും നിയുക്ത മുഖ്യമന്ത്രി ശശികല ഇപ്പോള്‍ താമസിക്കുന്ന സ്ഥലവുമായ പോയസ് ഗാര്‍ഡനു മുന്നിലൂടെ നടന്നുകൊണ്ട് പാടുന്ന വീഡിയോ ആണ് ലൈവ് ആയി ഫേസ്ബുക്കില്‍ അപ്‌ലോഡ് ചെയ്തത്. നേരത്തെ ഹിന്ദുസ്ഥാന്‍ ലിവര്‍ കമ്പനിക്കെതിരെയും കൂടംകുളം ആണവ നിലയത്തിനെതിരെയും റാപ് സംഗീതത്തിലൂടെ പ്രതിഷേധത്തിന്റെ സ്വരമുയര്‍ത്തി സോഫിയ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.