ചെന്നൈ: തമിഴ്‌നാട് നിയമസഭയില്‍ മുഖ്യമന്ത്രി എടപ്പാടി കെ.പളനി സ്വാമി വിശ്വാസ വോട്ട് തേടാന്‍ ആരംഭിച്ചു. 234 അംഗ സഭയില്‍ 123 പേരുടെ പിന്തുണ തനിക്കുണ്ടെന്നാണ് പളനി സ്വാമി അവകാശപ്പെടുന്നത്. പളനിസ്വാമി വിശ്വാസപ്രമേയം അവതരിപ്പിച്ചതു മുതല്‍ പ്രക്ഷുബ്ധമായ സഭയില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറുന്നതായാണ് വിവരം. രഹസ്യബാലറ്റ് വേണമെന്ന ഒ. പനീര്‍ശെല്‍വത്തിന്റെ ആവശ്യം സ്പീക്കര്‍ പി.ധനപാല്‍ തള്ളി. ചീഫ് വിപ്പ് സെമ്മലായിയെ സംസാരിക്കണമെന്ന ഡിഎംകെ നേതാവ് സ്റ്റാലിന്റെ ആവശ്യവും സ്പീക്കര്‍ തള്ളിയതാണ് സഭ പ്രക്ഷുബ്ധമാകാനിടയാക്കിയത്.
സത്യപ്രതിജ്ഞ ചെയ്ത് 15 ദിവസത്തിനകം ഭൂരിപക്ഷം തെളിയിച്ചാല്‍ മതിയെന്ന് ഗവര്‍ണര്‍ അറിയിച്ചിരുന്നു. എന്നാല്‍ റിസോര്‍ട്ടില്‍ പാര്‍പ്പിച്ച എംഎല്‍എമാരുടെ പിന്തുണ നഷ്ടമായേക്കുമെന്ന ഭയത്തിലാണ് വിശ്വാസ വോട്ടെടുപ്പ് നേരത്തെയാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
അതിനിടെ ഇന്നലെ പളനി സ്വാമി ക്യാമ്പിലെ രണ്ടു എംഎല്‍എ കൂടി കൂറുമാറി. ഇവര്‍ കൂവത്തൂരിലെ റിസോര്‍ട്ടില്‍ നിന്ന് പുറത്തെത്തി. കോയമ്പത്തൂര്‍ നോര്‍ത്ത് എംഎല്‍എ അരുണ്‍ കുമാറും കാങ്കയം എംഎല്‍എ തനിയരശുമാണ് രാവിലെ റിസോര്‍ട്ടില്‍ നിന്ന് പുറത്തെത്തിയത്.
എന്നാല്‍ ഇവര്‍ പനീര്‍ശെല്‍വത്തിന് പിന്തുണ പ്രഖ്യാപിക്കില്ലെന്നാണ് വിവരം. വോട്ടെടുപ്പില്‍ നിന്ന് വിട്ടു നില്‍ക്കുമെന്ന് അരുണ്‍കുമാര്‍ അറിയിച്ചു. പാര്‍ട്ടി നയങ്ങളില്‍ പ്രതിഷേധിച്ച് എഐഎഡിഎംകെ കോയമ്പത്തൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനവും അരുണ്‍കുമാര്‍ രാജിവെച്ചിട്ടുണ്ട്. അരുണ്‍കുമാറും തനിയരശും കൂടി കൂറുമാറിയതോടെ പളനിസ്വാമിക്കു പിന്തുണ 121 ആയി.