ചെന്നൈ: സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നതിനിടെ പന്നീര്‍ശെല്‍വത്തിനെതിരെ ആഞ്ഞടിച്ച് വീണ്ടും ശശികല. ആയിരം പന്നീര്‍ശെല്‍വന്മാര്‍ വന്നാലും ഭയപ്പെടില്ലെന്നും 33 വര്‍ഷമായി തമിഴ് രാഷ്ട്രീയത്തില്‍ തന്റെ സാന്നിധ്യമുണ്ടെന്നും ശശികല പറഞ്ഞു. പോയസ് ഗാര്‍ഡനില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍.

തുടര്‍ച്ചയായ മൂന്നാം ദിവസവും കൂവത്തൂരിലെ ഗോള്‍ഡന്‍ ബേ റിസോര്‍ട്ടിലെത്തി എം.എല്‍.എമാരുമായി ശശികല കൂടിക്കാഴ്ച നടത്തി. ഇന്നലെ വൈകീട്ട് ആറു മണിയോടെയാണ് മുതിര്‍ന്ന നേതാക്കള്‍ക്കൊപ്പം ശശികല കൂവത്തൂരിലെത്തിയത്. തമിഴ് വാര്‍ത്താ ചാനലുകളില്‍നിന്നുള്ള അഞ്ച് മാധ്യമപ്രവര്‍ത്തകരേയും കൂടെക്കൂട്ടിയിരുന്നു. കൂവത്തൂരിലേക്ക് പുറപ്പെടുന്നതിന് അല്‍പം മുമ്പ്, ഉച്ചക്ക് 2.30നാണ് അവര്‍ പോയസ് ഗാര്‍ഡനില്‍ മാധ്യമങ്ങളെ കണ്ടത്.

ജയലളിതയുടെ മരണത്തെതുടര്‍ന്ന് മുഖ്യമന്ത്രിയുടെ ചുമതല ഏറ്റെടുക്കാന്‍ പന്നീര്‍ശെല്‍വത്തോട് ആവശ്യപ്പെട്ടത് താനാണെന്ന് ശശികല പറഞ്ഞു. ”എന്നോട് മുഖ്യമന്ത്രിയാകാനാണ് അന്ന് അദ്ദേഹം പറഞ്ഞത്. താനത് നിരസിക്കുകയായിരുന്നു. തനിക്ക് മുഖ്യമന്ത്രിയാകണമെങ്കില്‍ അത് എപ്പോള്‍ വേണമെങ്കിലും ആവാമായിരുന്നു.”- ശശികല കൂട്ടിച്ചേര്‍ത്തു.

അതേസമയം സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശശികലയെ ക്ഷണിക്കും മുമ്പ് നിയമസഭയില്‍ ആര്‍ക്കാണ് ഭൂരിപക്ഷമെന്ന് പരിശോധിക്കണമെന്ന് അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹത്ഗി ഗവര്‍ണര്‍ക്ക് നിയമോപദേശം നല്‍കി. ഒരാഴ്ചക്കകം നിയമസഭ വിളിച്ചുചേര്‍ത്ത് അംഗബലം പരിശോധിക്കണം. ആര്‍ക്കാണ് ഭൂരിപക്ഷമെന്ന് നോക്കി അവരെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അനുവദിക്കണമെന്നും എ.ജി വ്യക്തമാക്കി. എ.ജിയുടെ നിയമോപദേശം സ്വീകരിക്കാനും തള്ളിക്കളയാനുമുള്ള അവകാശം ഗവര്‍ണര്‍ക്കുണ്ട്.

എ.ജിക്കു പുറമെ സ്വന്തം നിലയില്‍ മറ്റു നിയമവിദഗ്ധരുമായും ഗവര്‍ണര്‍ കൂടിയാലോചന നടത്തുന്നുണ്ട്. ഇവരുടെ ഉപദേശംകൂടി കണക്കിലെടുത്ത ശേഷമായിരിക്കും അന്തിമ തീരുമാനം കൈക്കൊള്ളുക. അടുത്ത ദിവസം തന്നെ ഗവര്‍ണര്‍ തീരുമാനമെടുത്തേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഇതിനിടെ ഒരു എം.എല്‍. എയും ഒരു എം.പിയും കൂടി ഇന്നലെ പുതുതായി ഒ.പി.എസ് ക്യാമ്പിലെത്തി. സൗത്ത് മധുര എം.എല്‍.എ എസ്.എസ് ശരവണന്‍, മധുര ലോക്‌സഭാംഗം ആര്‍ ഗോപാലകൃഷ്ണന്‍ എന്നിവരാണ് ഇന്നലെ പന്നീര്‍ശെല്‍വത്തിനൊപ്പം ചേര്‍ന്നത്. ഗോള്‍ഡന്‍ ബേ റിസോര്‍ട്ടില്‍നിന്ന് തന്ത്രപരമായി രക്ഷപ്പെട്ടാണ് താന്‍ പന്നീര്‍ശെല്‍വത്തിനെ കാണാനെത്തിയതെന്ന് എം.എല്‍.എ ശരവണന്‍ മാധ്യമങ്ങളോട് പറഞ്ഞു.