ലഖ്‌നൗ: യുപി സര്‍ക്കാര്‍ കൊണ്ടു വന്ന വിവാദ മതപരിവര്‍ത്തന നിരോധന ഓര്‍ഡിനന്‍സിനെതിരെ പ്രതികരിച്ച് ബോളിവുഡ് നടി തപ്‌സി പന്നു. ‘ലൗ ജിഹാദി’നെതിരെ കൊണ്ടു വന്ന നിയമത്തില്‍ അതിരൂക്ഷമായാണ് താരം പ്രതികരിച്ചത്.

‘ഇപ്പോള്‍ മാതാപിതാക്കളുടെ അനുമതി മതിയാകില്ല. നമുക്ക് വിവാഹം കഴിക്കാന്‍ സര്‍ക്കാര്‍ അനുമതിക്കായി അപേക്ഷിക്കണം. പുതിയ തലമുറ ഇത് നിങ്ങളുടെ വിവാഹത്തില്‍ ചെയ്യേണ്ട കാര്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുക. എന്നിട്ട് നിങ്ങള്‍ സ്ഥാപനങ്ങള്‍ മരിക്കുന്നു എന്ന് പരാതി പറയുന്നു’ – നടി ട്വിറ്ററില്‍ കുറിച്ചു.

ഹിന്ദുമഹാസഭയുടെ പരാതിയില്‍ ലഖ്‌നൗ പൊലീസ് വിവാഹം റദ്ദ് ചെയ്ത വാര്‍ത്ത ചേര്‍ത്താണ് താപ്‌സി ട്വീറ്റ് ചെയ്തത്. നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ഒന്നു മുതല്‍ അഞ്ച് വര്‍ഷം വരെ ശിക്ഷയും 15,000 രൂപ വരെ പിഴയുമാണ് യോഗി സര്‍ക്കാര്‍ ഈയിടെ കൊണ്ടുവന്ന ഓര്‍ഡിനന്‍സില്‍ വ്യവസ്ഥ ചെയ്തിട്ടുള്ളത്.