ചെന്നൈ: കേന്ദ്രസര്‍ക്കാറിന്റെ കാര്‍ഷിക നിയമത്തിനെതിരെ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് പിന്തുണയുമായി തമിഴ് സൂപ്പര്‍ താരം കാര്‍ത്തി. ഒരാഴ്ചയായി കര്‍ഷകര്‍ സമരത്തിലാണ് എന്നും അത് മറക്കരുത് എന്നും ട്വിറ്ററില്‍ എഴുതിയ കുറിപ്പില്‍ നടന്‍ വ്യക്തമാക്കി.

‘പാടത്ത് അധ്വാനിക്കുകയും നമുക്ക് അന്നം തരുകയും ചെയ്യുന്ന കര്‍ഷകര്‍ ഒരാഴ്ചയായി പ്രതിഷേധത്തിലാണ്. കടുത്ത ശൈത്യവും കോവിഡ് വൈറസിനെയും അതിജീവിച്ച്. കര്‍ഷകര്‍ എന്ന ഒരൊറ്റ അസ്തിത്വമാണ് അവരെ ഒരുമിപ്പിക്കുന്നത്.’ – അദ്ദേഹം കുറിച്ചു.

കുടുംബം, കൃഷി, കന്നുകാലികള്‍ എന്നിവ ഉപേക്ഷിച്ചാണ് രാജ്യത്തുടനീളമുള്ള കര്‍ഷകര്‍ എത്തിയിട്ടുള്ളത്. ജലദൗര്‍ലഭ്യത, പ്രകൃതി ദുരന്തം, ആവശ്യത്തിന് വില കിട്ടാതിരിക്കുക തുടങ്ങിയ പ്രശ്‌നങ്ങള്‍ കൊണ്ട് കര്‍ഷകര്‍ നേരത്തെ തന്നെ ദുരിതം അനുഭവിക്കുകയാണ്. അതിനു പുറമേയാണ് ഇപ്പോള്‍ പുതിയ നിയമം വരുന്നത്. അധികാരികള്‍ ആവശ്യമായ കാര്യങ്ങള്‍ ചെയ്യുമെന്ന് കരുതുന്നു- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.