മുംബൈ: ഓസ്‌ട്രേലിയക്കെതിരായുള്ള ടെസ്റ്റ്‌ പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. നാല് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ആദ്യ രണ്ട് മത്സരങ്ങള്‍ക്കുള്ള ടീമിനെയാണ് പ്രഖ്യാപിച്ചത്. ബംഗ്ലാദേശിനെതിരെയുള്ള അതെ ടീമിനെത്തന്നെ ഇന്ത്യ നിലനിര്‍ത്തി. പേസര്‍ മുഹമ്മദ് ഷമി, രോഹിത് ശര്‍മ്മ എന്നിവര്‍ക്ക് ഇടം നേടാനായില്ല. ഇതില്‍ രോഹിത് ശര്‍മ്മ പരിക്കില്‍ നിന്ന് മോചിതനായി പരിശീലനം ആരംഭിച്ചിരുന്നു. ബംഗ്ലാദേശ് ടെസ്റ്റ് ടീമില്‍ ഇടം നേടിയ കുല്‍ദീപ് യാദവ്, അഭിനവ് മുകുന്ദ് എന്നിവരെയം നിലനിര്‍ത്തി.

വിക്കറ്റ് കീപ്പറായി വൃദ്ദിമാന്‍ സാഹയും ഓപ്പണറുടെ റോളില്‍ ലോകേഷ് രാഹുലും ഇടം നേടി. ഈ മാസം 23ന് പൂനെയിലാണ് ആദ്യ ടെസ്റ്റ്. നാലാം ടെസ്റ്റ് മാര്‍ച്ച് 25ന് ധര്‍മ്മശാലയിലാണ്. ക്യാപ്റ്റനായി ചുമതലയേറ്റ ശേഷം ഇന്ത്യന്‍ മണ്ണില്‍ തോല്‍വിയറിയാതെ മുന്നേറുന്ന കോഹ്ലിക്ക് ഇപ്പോഴത്തെ ഫോം നോക്കുകയാണെങ്കില്‍ ഓസ്‌ട്രേലിയന്‍ പരമ്പരയും സ്വന്തമാക്കാനാവും.്‌സ്പിന്നര്‍മാരെ നേരിടുന്നതില്‍ പരാജയമായാല്‍ തോല്‍വി തന്നെയാവും ഫലമെന്ന് ഓസ്‌ട്രേലിയക്ക് പല താരങ്ങളും ഇതിനകം മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു.

ടീം: വിരാട് കോഹ്‌ലി(ക്യാപ്റ്റന്‍),മുരളി വിജയ്, കെ.എല്‍ രാഹുല്‍, ചേതേശ്വര്‍ പുജാര, അജിങ്ക്യ രഹാനെ, വൃദ്ദിമാന്‍ സാഹ(വിക്കറ്റ് കീപ്പര്‍) ആര്‍. അശ്വിന്‍, രവീന്ദ്ര ജദേജ, ഇഷാന്ത് ശര്‍മ്മ. ഭുവനേശ്വര്‍ കുമാര്‍, ഉമേഷ് യാദവ്, കരുണ്‍ നായര്‍, ജയന്ത് യാദവ്, കുല്‍ദീപ് യാദവ്, അഭിനവ് മുകുന്ദ്, ഹര്‍ദ്ദിക്ക് പാണ്ഡ്യ.