ന്യൂഡല്‍ഹി: തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കുന്ന സിനിമയിലോ ഡോക്യുമെന്ററിയിലോ ദേശീയ ഗാനം കടന്നുവരുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കേണ്ടതില്ലെന്ന് സുപ്രീംകോടതി. അടുത്തിടെ റിലീസായ ആമിര്‍ഖാന്റെ ദങ്കല്‍ എന്ന ചിത്രത്തില്‍ സിനിമക്കുള്ളില്‍ ദേശീയ ഗാനം ആലപിക്കുന്ന ദൃശ്യമുണ്ടായിരുന്നു. ഈ സമയത്ത് എഴുന്നേറ്റ് നില്‍ക്കാത്തത് ചിലര്‍ വിവാദമാക്കിയിരുന്നു.

ഈയൊരു പശ്ചാതലത്തിലാണ് പരമോന്നത കോടതിയുടെ ഇടപെടല്‍. നവംബര്‍ 30നാണ് സിനിമ പ്രദര്‍ശിക്കുന്നതിന് മുമ്പ് തിയേറ്ററുകളില്‍ ദേശീയ ഗാനം കേള്‍പ്പിക്കണമെന്നും ആദര സൂചകമായി എഴുന്നേറ്റ് നില്‍ക്കണമെന്നും കോടതി ഉത്തരവിട്ടത്. മാതൃരാജ്യത്തോടുള്ള കൂറ് ഊട്ടിയുറപ്പിക്കാനാവുമെന്ന നിരീക്ഷിച്ചായിരുന്നു കോടതി ഇക്കാര്യം നിര്‍ദ്ദേശിച്ചിരുന്നത്.