പട്‌ന: ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവിന്റെ മൂത്തമകന്‍ തേജ് പ്രതാപ് യാദവ് ഹാസന്‍പൂര്‍ മണ്ഡലത്തില്‍ പിന്നില്‍. നാലായിരം വോട്ടുകളാണ് തേജ് പ്രതാപിന് കിട്ടിയിട്ടുള്ളത്. ജെഡിയുവിന്റെ എതിര്‍ സ്ഥാനാര്‍ത്ഥി രാജ്കുമാര്‍ റായിക്ക്‌ 5600 വോട്ടുകളാണ് പത്തര വരെ ലഭിച്ചിട്ടുള്ളത്. ജെഡിയുവിന്റെ കോട്ടയാണ് ഈ മണ്ഡലം.

മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയും സഹോദരനുമായ തേജസ്വി യാദവ് സ്വന്തം മണ്ഡലമായ രഘോപുരില്‍ ലീഡ് ചെയ്യുകയാണ്. ആയിരത്തോളം വോട്ടുകള്‍ക്കാണ് തേജസ്വി മുമ്പില്‍ നില്‍ക്കുന്നത്. വോട്ടെണ്ണല്‍ ആരംഭിച്ചതു മുതല്‍ വ്യക്തമായ മേധാവിത്വമാണ് തേജസ്വി പുലര്‍ത്തുന്നത്. ബിജെപിയുടെ സതീഷ് കുമാറാണ് ഇവിടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി.

അതിനിടെ, മഹാസഖ്യത്തെ പിന്നിലാക്കി നിലവില്‍ എന്‍ഡിഎയുടെ മുന്നേറ്റമാണ് കാണാന്‍ ആകുന്നത്. അതേസമയം, ആര്‍ജെഡി തന്നെയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. 10.30ലെ കണക്കുകള്‍ പ്രകാരം 75 ഇടത്താണ് ആര്‍ജെഡി ലീഡ് ചെയ്യുന്നത്. രണ്ടാം സ്ഥാനത്തുള്ള ബിജെപി 67 സീറ്റില്‍ മുമ്പില്‍ നില്‍ക്കുന്നു.

ജെഡിയു 50 ഇടത്തും കോണ്‍ഗ്രസ് 23 സീറ്റിലും ലീഡ് ചെയ്യുകയാണ്. എല്‍ജെപി ആറു സീറ്റിലും മറ്റു കക്ഷികള്‍ 21 ഇടത്തും മുമ്പില്‍ നില്‍ക്കുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ആര്‍ജെഡി 80 സീറ്റിലാണ് ജയിച്ചിരുന്നത്. 53 സീറ്റില്‍ മാത്രം ജയിച്ച ബിജെപി നേട്ടമുണ്ടാക്കിയിട്ടുണ്ട്. ജെഡിയു 22 സീറ്റ് പിന്നിലാണ്. 71 സീറ്റിലാണ് ജെഡിയു 2015ല്‍ ജയിച്ചിരുന്നത്.

27 സീറ്റില്‍ ജയിച്ച കോണ്‍ഗ്രസ് നിലവില്‍ ലീഡ് ചെയ്യുന്നത് 23 ഇടത്താണ്. ആദ്യഘട്ടത്തില്‍ പിന്നില്‍ നിന്ന എന്‍ഡിഎ നില മെച്ചപ്പെടുത്തുന്നതാണ് ഇപ്പോള്‍ കാണുന്നത്. നിലവില്‍ 123 സീറ്റിലാണ് എന്‍ഡിഎ ലീഡ് ചെയ്യുന്നത്. മഹാസഖ്യം 108 ഇടത്ത് മുന്നില്‍ നില്‍ക്കുന്നു. എല്‍ജെപി അഞ്ചിടത്തും. 122 സീറ്റാണ് കേവല ഭൂരിപക്ഷത്തിനു വേണ്ടത്.

അതിനിടെ, രാഷ്ട്രീയ വൃത്തങ്ങളെ അമ്പരപ്പിച്ച് ആദ്യ ഫലസൂചനകള്‍ പുറത്തുവന്ന വേളയില്‍ തന്നെ ഭരണകക്ഷിയായ ജെഡിയു തോല്‍വി സമ്മതിച്ചു. ജനങ്ങളുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു എന്നും ആര്‍ജെഡിയോ തേജസ്വി യാദവോ അല്ല, കോവിഡാണ് തങ്ങളെ തോല്‍പ്പിച്ചത് എന്നും പാര്‍ട്ടി വക്താവ് കെ.സി ത്യാഗി പറഞ്ഞു. എന്‍ഡിടിവിയോട് സംസാരിക്കുകയാരുന്നു അദ്ദേഹം.