വാഷിങ്ടണ്‍: അമേരിക്കന്‍ സേനയില്‍ പുതുതായെത്തിയ മുസ്്‌ലിം യുവാക്കളെ പീഡിപ്പിച്ച കേസില്‍ സൈനിക പരിശീലകനായ സാര്‍ജന്റ് ജോസഫ് ഫെലിക്‌സിന് 10 വര്‍ഷം തടവ്. ഇയാളെ സൈന്യത്തില്‍നിന്ന് പിരിച്ചുവിടാനും നഷ്ടപരിഹാരം നല്‍കാനും കോടതി ഉത്തരവിട്ടു. ഫെലിക്‌സിന്റെ മര്‍ദനം സഹിക്കാനാവാതെ മുസ്്‌ലിം സൈനികരിലൊരാള്‍ ആത്മഹത്യചെയ്തിരുന്നു. പരിശീലനത്തിനെത്തിയ സൈനികരുടെ കഴുത്ത് ഞെരിച്ചും മര്‍ദിച്ചും അധിക്ഷേപിച്ചും പീഡനങ്ങള്‍ക്കിരയാക്കിയെന്നാണ് ഫെലിക്‌സിനെതിരെയുള്ള കേസ്. മുസ്്‌ലിം സൈനികരെയാണ് അയാള്‍ ഏറ്റവും കൂടുതല്‍ പീഡിപ്പിച്ചിരുന്നത്. തീവ്രവാദികളെന്നും ഐ.എസുകാരെന്നും വിളിച്ച് അവരെ അധിക്ഷേപിക്കുമായിരുന്നു. എട്ടംഗ ജൂറിയാണ് ഫെലിക്‌സിന് ശിക്ഷ വിധിച്ചത്. ഇസ്്‌ലാമിക് വിശ്വാസം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് വസ്ത്രങ്ങള്‍ ഉണക്കാനുപയോഗിക്കുന്ന യന്ത്രത്തിനുള്ളില്‍ അടച്ചിട്ടും അയാള്‍ സൈനികരെ പീഡിപ്പിച്ചു. ഒരിക്കല്‍ അവര്‍ അതിന് വിസമ്മതിച്ചപ്പോള്‍ ഫെലിക്‌സ് മെഷീന്‍ ഓണ്‍ ചെയ്തതായും അന്വേഷണത്തില്‍ കണ്ടെത്തി. ദിവസങ്ങള്‍ നീണ്ട പീഡനത്തെ തുടര്‍ന്ന് 2016 മാര്‍ച്ചില്‍ റഹീല്‍ സിദ്ധീഖിയെന്ന സൈനികന്‍ ആത്മഹത്യ ചെയ്തു. പ്രോസിക്യൂട്ടര്‍മാര്‍ ആവശ്യപ്പെട്ടതിനെക്കാള്‍ മൂന്നു വര്‍ഷം അധിക തടവാണ് കോടതി വിധിച്ചത്. സൈനികരെ പരിശീലിപ്പിക്കുന്നതിനു പകരം നശിപ്പിക്കുകയാണ് ഫെലിക്‌സ് ചെയ്തതെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.