kerala

‘ദുരന്തഘട്ടങ്ങളിലെ സേവനത്തിനായി സൈന്യത്തിന് സംസ്ഥാന സര്‍ക്കാര്‍ നല്‍കേണ്ട തുക മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസത്തിന് ഉപയോഗിക്കാം’: ഹൈക്കോടതി

By webdesk17

July 04, 2025

ദുരന്തഘട്ടങ്ങളിലെ സേവനത്തിനായി സംസ്ഥാന സര്‍ക്കാര്‍ സൈന്യത്തിന് നല്‍കേണ്ട തുക മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസത്തിനായി ഉപയോഗിക്കാമെന്ന് ഹൈക്കോടതി. സൈന്യം നല്‍കിയ ബില്‍ തുകയായ 120 കോടി രൂപ പുനരധിവാസത്തിനായി ചെലവഴിക്കാനാണ് ഡിവിഷന്‍ ബെഞ്ചിന്റെ അനുമതി. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സ്വമേധയാ സ്വീകരിച്ച ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതി ഇടക്കാല ഉത്തരവിലൂടെ സര്‍ക്കാരിന് അനുമതി നല്‍കിയത്.

ദുരന്തബാധിതര്‍ക്കായുള്ള പുനരധിവാസ പദ്ധതി നിര്‍മാണം പുരോഗമിക്കുന്നുവെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. ഉരുള്‍പൊട്ടല്‍ മേഖലയിലെ അവശിഷ്ടങ്ങള്‍ നീക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഹൈക്കോടതി പരിശോധിച്ചു. ഹര്‍ജി ജസ്റ്റിസുമാരായ ഡോ. എ കെ ജയശങ്കരന്‍ നമ്പ്യാര്‍, പി എം മനോജ് എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ജൂലൈ 25ന് വീണ്ടും പരിഗണിക്കും.