സ്വന്തം ലേഖകന്‍
റിയാദ്: സഊദി അറേബ്യയിലെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള എണ്ണക്കമ്പനിയായ അരാംകോയുടെ കേന്ദ്രത്തില്‍ ഡ്രോണ്‍ ആക്രമണം. കിഴക്കന്‍ മേഖലയിലെ അബുഖ്‌യാഖിലും ഖുറൈസിലുമാണ് ഇന്നലെ പുലര്‍ച്ചെ പ്രാദേശിക സമയം നാലു മണിക്ക് ആക്രമണമുണ്ടായത്.
ആക്രമണത്തെ തുടര്‍ന്ന് വന്‍ തീപിടിത്തമുണ്ടായി. തീയണയ്ക്കാന്‍ ശ്രമം തുടരുകയാണ്. തീ നിയന്ത്രണവിധേയമാണെന്ന് സഊദി ആഭ്യന്തര വക്താവ് അറിയിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം യമനിലെ ഹൂഥികള്‍ ഏറ്റെടുത്തു. യെമനിലെ ഹൂഥി വിമതര്‍ നേരത്തേയും സഊദിക്കെതിരെ ഡ്രോണ്‍ ആക്രമണം നടത്തിയിട്ടുണ്ട്.

അതേ സമയം ആക്രമണത്തെ തുടര്‍ന്ന് ദിനംപ്രതിയുള്ള 5.7 ദശലക്ഷം ബാരല്‍ എണ്ണ ഉല്‍പാദനം നിലച്ചതായാണ് വിവരം. യെമന്‍ വിമതര്‍ ആക്രമിച്ച രണ്ട് അരാംകോ എണ്ണ കേന്ദ്രങ്ങളിലെ ഉത്പാദനം സൗദി അറേബ്യ താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായും റിപ്പോര്‍ട്ടുണ്ട്. അക്രമണം മൂലം മൊത്തം ഉല്‍പാദനത്തിന്റെ പകുതിയോളം തടസ്സപ്പെട്ടതായി ഊര്‍ജ്ജ മന്ത്രി ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

സഊദിയിലെ ഡ്രോണ്‍ ആക്രമണം മേഖലയില്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ക്കു വഴിയൊരുക്കിയേക്കും. അബുഖ്‌യാഖിലും ഖുറൈസിലും ഉണ്ടായ തീപിടിത്തങ്ങളുടെ വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നു. ബുഖ്‌യാഖിലെ ദൃശ്യങ്ങളില്‍ വെടിയൊച്ച കേള്‍ക്കാമെന്നു രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.
ഇവിടങ്ങളില്‍ നിന്നുയരുന്ന തീജ്വാലകള്‍ വളരെ ദൂരെനിന്നു തന്നെ കാണാന്‍ സാധിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. ആക്രമണം നടത്തിയത് 10 ഡ്രോണുകള്‍ ഉപയോഗിച്ചാണെന്നും സഊദിയില്‍ കൂടുതല്‍ ആക്രമണം നടത്തുമെന്നും ഹൂഥികള്‍ അറിയിച്ചു. തങ്ങളുടെ സിവിലിയന്‍മാര്‍ക്കു നേര്‍ക്കുള്ള ആക്രമണത്തിന് തിരിച്ചടിയാണിതെന്നും, സഊദിക്കുള്ള താക്കീതാണെന്നും തങ്ങളുടെ ആക്രമണം വ്യാപിപ്പിക്കുന്നത് തുടരുമെന്നും ഹൂഥി വക്താവ് യഹ്‌യ സരീ വിമതരുടെ നിയന്ത്രണത്തിലുള്ള അല്‍ മസീറ ടിവിയിലൂടെ അറിയിച്ചു. സഊദി അറംകോയോടെ കീഴിലുള്ള അബുഖ്‌യാഖിലുള്ള എണ്ണ കമ്പനി ലോകത്തിലെ തന്നെ ഏറ്റവും വലിയ എണ്ണ സംസ്‌കരണ പ്രാന്റാണ്.

ഡ്രോണ്‍ ആക്രമണത്തെ തുടര്‍ന്നുയര്‍ന്ന തീജ്വാലകള്‍ മൂലം മേഖലയില്‍ പുകമൂടിയതിന്റെ ആകാശദൃശ്യം

പ്രതിദിനം ഏഴ് മില്യന്‍ ബാരല്‍ എണ്ണയാണ് ഇവിടെ നിന്നും ഉല്‍പാദിപ്പിക്കുന്നത്. 2006 ഫെബ്രുവരിയില്‍ അല്‍ഖാഇദ തീവ്രവാദികള്‍ പ്ലാന്റ്ിനു നേരെ ചാവേര്‍ സ്‌ഫോടനം നടത്താന്‍ ശ്രമം നടത്തിയിരുന്നെങ്കിലും ശ്രമം പരാജയപ്പെടുത്തുകയായിരുന്നു. ആക്രമണത്തെ ശക്തമായി അപലപിക്കുന്നതായി സഊദി അറേബ്യയിലെ യു.എസ് അംബാസഡര്‍ ജോണ്‍ അബിസയിദ് ട്വിറ്ററിലൂടെ അറിയിച്ചു.