kerala

ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കുന്ന മുഖ്യമന്ത്രി

By webdesk17

September 17, 2025

പൊലീസ്‌ക്രൂരതയുടെ നടുക്കമുളവാക്കുന്ന വാര്‍ത്തകള്‍ നിരന്തരം പുറത്തുവരുമ്പോഴും മൗനത്തിന്റെ മഹാമാളത്തില്‍ ഒളിച്ച വകുപ്പ് മന്ത്രികൂടിയായ മുഖ്യമന്ത്രി പി ണറായി വിജയന്‍ നിയമസഭയിലും നിസഹായതയുടെ പ്രതീകമായി മാറുന്നതിനാണ് സഭാ സമ്മേളനം ഇന്നലെ സാക്ഷ്യംവഹിച്ചത്. പൊലീസ് അതിക്രമങ്ങളില്‍ നടന്ന അടിയന്തിര പ്രമേയ ചര്‍ച്ചയില്‍ പ്രതിപക്ഷം അക്കമിട്ടുനിരത്തിയ ആരോപണങ്ങള്‍ക്കുമുന്നില്‍ ചൂളിപ്പോയ അദ്ദേഹം ഉത്തരമില്ലാതെ ഉഴലുകയായിരുന്നു. ഡിവൈഎഫ്ഐ മേഖല സെക്രട്ടറിയെ തല്ലി കൊന്നത്, ടി.പി കേസ് പ്രതികള്‍ ക്കുള്ള ഫൈവ് സ്റ്റാര്‍ സൗകര്യം, കുന്നംകുളം, പീച്ചി, പേരൂര്‍ക്കട സംഭവങ്ങളെല്ലാം ചര്‍ച്ചാവിഷയമായപ്പോള്‍ ഒന്നിനും മറുപടിയില്ലാതെ പതിവുപോലെ വാചാടോപങ്ങളില്‍ അഭയം പ്രാപിക്കുകയായിരുന്നു പിണറായി വിജയന്‍. കുന്നംകുളം കേസില്‍ ഉത്തരവാദികളായ പൊലീസുകാരെ സര്‍വീസില്‍ നിന്ന് പുറത്താക്കാന്‍ സര്‍ക്കാറിന് സാധിക്കുമോയെന്ന പ്രതിപക്ഷനേതാവിന്റെ കൃത്യമായ ചോദ്യത്തിനു മുന്നില്‍ പോലും മുഖ്യമന്ത്രിക്ക് മിണ്ടാട്ടമുണ്ടായില്ല. തനിക്ക് മര്‍ദ്ദനമേറ്റത് സ്റ്റാലിന്റെ റഷ്യയില്‍ വെച്ചല്ലെന്നും നെഹ്‌റു നേതൃത്വം നല്‍കിയ ഭരണകൂടത്തിന്റെ കാലത്താ ണെന്നുമുള്ള ആമുഖത്തിനുപിന്നാലെ അദ്ദേഹം താന്‍ അനുഭവിച്ച പീഡനകാലത്തേക്ക് കടന്നുകയറുകയാണുണ്ടായത്. പൊലീസ് സംവിധാനത്തിന്റെ വീഴ്ച്ചകള്‍ തുറന്നുകാണിക്കുമ്പോള്‍ അതിന് വസ്തുതാപരമായി മറുപടി പറയുന്നതിനു പകരം ഗീര്‍വാണങ്ങള്‍ മുഴക്കുന്ന പൊലീസിന്റെ ചുമതലകൂടി വഹിക്കുന്ന ഈ മുഖ്യമന്ത്രി ഇരുട്ടുകൊണ്ട് ഓട്ടയടക്കാനുള്ള ശ്രമമാണ് നടത്തിയിട്ടുള്ളത്.

പൊലീസ് മര്‍ദ്ദനങ്ങളുടെ വാര്‍ത്തകളും ദൃശ്യങ്ങളും മാല പടക്കത്തിന് തീകൊളുത്തിയതുപോലെ ഒന്നിനുപിറകെ ഒന്നായി പുറത്തുവന്നതിനു തൊട്ടുപിറകെയുള്ള നിയമ സഭാ സമ്മേളനത്തില്‍ പൊലീസ് വിഷയമായിരിക്കും പ്രധാന ചര്‍ച്ചയെന്നതില്‍ സംശയത്തിനുപോലും ഇടമുണ്ടായിരുന്നില്ല. പ്രതീക്ഷിച്ചതുപോലെ പ്രതിപക്ഷം അടിയന്തിരപ്രമേയമായി കൊണ്ടുവരികയും ചെയ്തു. വ്യകതമായ മുന്നൊരുക്കത്തോടെ പ്രതിപക്ഷം വിഷയമുന്നയിച്ചപ്പോള്‍ നിയമസഭയെ പരിഹസിക്കുന്ന തരത്തില്‍ അവ്യക്തവും ആശയക്കുയപ്പവും നിറഞ്ഞതായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ആഭ്യന്തര വകുപ്പിനു നേരെ ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്നഘട്ടത്തില്‍ മൗനത്തിന്റെ മഹാമാളത്തിലൊളിച്ച പിണറായി വിജയന്‍ നിയമസഭയിലെങ്കിലും മറുപടി നല്‍കുമെന്ന പ്രതീക്ഷയിലായിരുന്നു കേരള ജനത. എന്നാല്‍ കുറ്റക്കാര്‍ക്കെതിരെ എന്തു നടപടിയെടുക്കുമെന്നുപോലും പറയാനാകാതെ ആഭ്യന്തര വകുപ്പിനുമേല്‍ തനിക്കൊരു പിടിയുമില്ലെന്ന് അസന്നിഗ്ധമായി പ്രഖ്യാപിച്ചിരിക്കുകയാണ് അദ്ദേഹം. കുന്ദംകുളം പൊലീസ് സ്റ്റേഷനില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് സുജിത്തിന് ഏല്‍ക്കേണ്ടിവന്ന ക്രൂരമര്‍ദ്ദനങ്ങളുടെ ദൃശ്യങ്ങള്‍ പുറത്തുവന്നതിനു തൊട്ടുപിന്നാലെയാണ് പരാതി നല്‍കാനെത്തിയ ഹോട്ടല്‍ മാനേജര്‍ കെ.പി. ഔ സേപ്പിനെയും മകനെയും ക്രൂരമായ മര്‍ദ്ദിച്ച പീച്ചി പൊലീസ് സ്റ്റേഷനില്‍ നിന്നുള്ള സി.സി ടി. വി ദൃശ്യങ്ങളും വെളിച്ചംകണ്ടത്. മുസ്ലിം ലീഗ് പ്രാദേശിക നേതാവ് മാമുക്കോയയെ കോഴിക്കോട് മെഡിക്കല്‍ കോളജ് പൊലീസ് മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നവയില്‍ മറ്റൊന്ന്. പന്നിയങ്കര, മൂവാറ്റുപുഴ, കോന്നി, മണ്ണുത്തി, വലപ്പാട് തുടങ്ങിയ പൊലീസ് സ്റ്റേഷനുകള്‍ക്കെതിരെയെല്ലാം സമാനമായ പരാതികള്‍ ഉയര്‍ന്നിരിന്നു. മുഖം മറച്ചും വിലങ്ങണിയിച്ചും കെ.എസ്.യു നേതാക്കളെ കോടതിയില്‍ ഹാജരാക്കിയ നടപടിയിലൂടെ സംസ്ഥാന പൊലീസ് കേരള മനസാക്ഷിയെ ഞെട്ടിച്ചുകളഞ്ഞതും ഈ ഘട്ടത്തില്‍ തന്നെയായിരുന്നു. പൊലീസ് മര്‍ദ്ദക വീരന്‍മാര്‍ മാത്രമല്ല, പിടിച്ചുപറിക്കാരും ഗുണ്ടകളുമെല്ലാമായിത്തീര്‍ന്നതിന്റെ ദൃശ്യങ്ങളും സൂചനകളും ഒന്നൊന്നായി പുറത്തുവരികയും സി.സി.ടി.വി ക്യാമറകളെ സൂക്ഷിക്കണമെന്ന ഡി.ജി.പിയുടെ കത്ത് യഥാര്‍ത്ഥത്തില്‍ ഈ നെറികേടുകള്‍ക്കെല്ലാമുള്ള മൗനാനുവാദംകൂടിയാണെന്ന ആരോപണം ഉയര്‍ന്നുവരിക വരെ ചെയ്തിട്ടും ഒരുകുല്ലക്കവുമില്ലാതിരുന്ന മുഖ്യമന്ത്രിയെയാണ് സംസ്ഥാനത്തിന് കാണാന്‍ കഴിഞ്ഞത്. സ്വമേധയാ ഒരക്ഷരംപോലും ഉരിയാടാന്‍ കഴിയാത്ത സ്ഥിതിയില്‍ ഇക്കാര്യത്തെക്കുറിച്ച് ചോദിച്ച മാധ്യമങ്ങളോടാകട്ടേ വിരട്ടല്‍ തന്ത്രമാണ് അദ്ദേഹം പ്രയോഗിച്ചത്. ഏറ്റവുമൊടുവില്‍ നിയമസഭയില്‍ എല്ലാം ഒറ്റപ്പെട്ട സംഭവങ്ങളാക്കി ചിത്രീകരിച്ച് ലഘൂകരിക്കാനു ള്ള ശ്രമങ്ങളാണ് നടത്തിയിരിക്കുന്നത്. സ്വന്തം അധികാര പരിധിയിലുള്ള പൊലീസിനെക്കുറിച്ച് ചോദിക്കുമ്പോള്‍ മറ്റുകാലങ്ങളോടും ഭരണാധികാരികളോടുമുള്ള താരതമ്യപ്പെടുത്തല്‍ സ്വന്തംകഴിവുകേട് മറച്ചുവെക്കാനുള്ള പോംവഴിയല്ലാതെ മറ്റെന്താണ്. പൊലീസിന്റെ ചെയ്തികളെയെല്ലാം ഈ രീതിയില്‍ നിര്‍ലജ്ജം ന്യായീകരിക്കുന്ന അദ്ദേഹത്തിന്റെ തൊലിക്കട്ടിയിലില്ല, ആ വിധത്തില്‍ നിസ്സഹായനായിപ്പോയ അദ്ദേഹത്തിന്റെ ദയനീയതയിലാണ് കേരളം നാണിക്കുന്നത്.