Connect with us

Video Stories

വര്‍ഗീയ ഭ്രാന്തന്മാരെ ചങ്ങലക്കിടണം

Published

on

രൗദ്രഭാവം പൂണ്ടുനില്‍ക്കുന്ന സംഘ്പരിവാര്‍ രാഷ്ട്രീയം രാജ്യത്തിന്റെ ജനാധിപത്യ വ്യവസ്ഥിതിക്കു മേല്‍ സംഹാരതാണ്ഡവം തുടരുകയാണ്. സനാതന സങ്കല്‍പങ്ങളുടെ സകല സീമകളും ലംഘിച്ച് സങ്കുചിത രാഷ്ട്രം സ്ഥാപിക്കാനുള്ള വര്‍ഗീയ ഭ്രാന്തിനെ ചങ്ങലക്കിടേണ്ട സമയമാണിത്. ജനാധിപത്യ ശ്രീകോവിലിന്റെ പരിസരത്ത് അഴിഞ്ഞാട്ടത്തിനു അങ്കിയണിഞ്ഞെത്താന്‍ സംഘ്പരിവാര്‍ പ്രഭൃതികള്‍ക്ക് പ്രചോദനമേകുന്ന ഭരണകൂട പ്രവണതകള്‍ക്കെതിരെ മതേതര പ്രസ്ഥാനങ്ങളുടെ കൂട്ടായ പ്രതിഷേധം ശക്തമാവേണ്ടതുണ്ട്. പ്രത്യയശാസ്ത്ര പൊള്ളത്തരങ്ങള്‍ തുറന്നുകാട്ടുന്നവരെ കയ്യേറ്റം ചെയ്യാന്‍ മാത്രം വര്‍ഗീയ ശക്തികള്‍ വളര്‍ന്നുകൂടാ. തെരുവുകളെ അക്രമസാക്തമാക്കി അധികാരത്തെ അരക്കിട്ടുറപ്പിച്ച അഡോള്‍ഫ് ഹിറ്റ്‌ലറുടെ ‘സ്‌റ്റോം ട്രൂപ്പേഴ്‌സി’നെ പോലെ ‘സേന’കളെ കൊണ്ട് മതേതരത്വ പൈതൃകത്തെ കുഴിച്ചമൂടാമെന്ന വ്യാമോഹമാണോ പ്രധാനമന്ത്രിക്കെന്ന് സ്വാഭാവികമായും സംശയിക്കേണ്ടിയിരിക്കുന്നു. പ്രതിപക്ഷ പാര്‍ട്ടിയുടെ പ്രധാന നേതാവിനെ പാര്‍ട്ടി ആസ്ഥാനത്തുവച്ചു കയ്യേറ്റം ചെയ്തതില്‍ ലജ്ജിച്ചു തലകുനിക്കേണ്ടി വന്ന രാജ്യത്ത് ഭരണാധികാരി മൗനിയായി നില്‍ക്കുന്നത് ഭൂഷണമല്ല. ചെറിയ ഇലയനക്കങ്ങള്‍ളില്‍ പോലും വലിയ വര്‍ത്തമാനങ്ങള്‍ പറയുന്ന പ്രധാനമന്ത്രി ഇത്തരം അപരാധങ്ങള്‍ക്കെതിരെ ആര്‍ജവത്തോടെ പ്രതികരിക്കാത്ത നിലപാട് തുടരുന്നത് ആശങ്ക വര്‍ധിപ്പിക്കുകയാണ്. ഫാസിസ്റ്റു ദുര്‍ഭൂതങ്ങള്‍ക്ക് രാപ്പാര്‍ക്കാനുള്ള ഇടമായി ജനാധിപത്യ സംവിധാനങ്ങളെ പരുവപ്പെടുത്തുന്ന ആപത്കരമായ അവസ്ഥക്കെതിരെയാണ് പൊതുബോധം ഊര്‍ജസ്വലതയോടെ ഉണര്‍ന്നു ചിന്തിക്കേണ്ടത്.
മതത്തിന്റെ പേരില്‍ ഇത്തരം ‘സേന’കള്‍ അഴിച്ചുവിടുന്ന അക്രമങ്ങളെ യാദൃച്ഛികമായി കാണാനാവില്ല. മൗലികാവകാശങ്ങള്‍ക്കു വേണ്ടിയുള്ള പോരാട്ടമായി കണക്കാക്കാനുമാവില്ല. മറിച്ച്, രാജ്യത്തിന്റെ അഖണ്ഡത തകര്‍ക്കുന്നതിനുള്ള ആസൂത്രിതമായ അക്രമങ്ങളായി വേണം മനസിലാക്കാന്‍. തങ്ങളുടെ തത്വസംഹിതകളെ തള്ളിപ്പറയുന്നവരുടെ തലയറുക്കുമെന്നു തുറന്നുപറയാന്‍ മാത്രം ധൈര്യമുള്ളിടത്താണ് സംഘ്പരിവാര്‍ അക്രമാസക്തമാകുന്നത്. നരേന്ദ്ര ധഭോത്കറും ഗോവിന്ദ് പന്‍സാരെയും എം.എം കല്‍ബുര്‍ഗിയും മുഹമ്മദ് അഖ്‌ലാഖുമെല്ലാം ഇതിന്റെ സമീപകാല സാക്ഷ്യങ്ങളാണ്. മുഹമ്മദ് അഖ്‌ലാഖിനെ തല്ലിക്കൊന്ന ശേഷം, ഗോവധം നടത്തുന്നവര്‍ക്ക് വധശിക്ഷ വിധിക്കുന്ന നിയം കൊണ്ടുവരണമെന്നാവശ്യപ്പെട്ട് റോഡ് ഉപരോധത്തില്‍ വിഷം ചീറ്റിയ സേനാ നേതാക്കളെ ആരും മറന്നുകാണില്ല. സംഘ്പരിവാന്റെ അപ്രഖ്യാപിത ഗുണ്ടാ വിഭാഗമായ ഹിന്ദുസേനയെ കൊണ്ട് ബി.ജെ.പി ഏറെ രാഷ്ട്രീയ മുതലെടുപ്പ് നടത്തിയിട്ടുണ്ട്. വിഷയങ്ങള്‍ വിവാദമാകുമ്പോള്‍ സേനയുടെ തലയില്‍കെട്ടി ഒഴിഞ്ഞുമാറുന്ന പതിവ് കഴിഞ്ഞ ദിവസത്തെ സംഭവത്തിലും ബി.ജെ.പി ആവര്‍ത്തിക്കുന്നുവെന്നു മാത്രം. കടുത്ത മുസ്്‌ലിം വിരോധവും തീവ്രഹിന്ദു നിലപാടുകളുമായി വിധ്വംസക പ്രവര്‍ത്തനങ്ങള്‍ പ്രയോഗവത്കരിക്കുന്ന കര്‍മസേനയാണിത്. സൈന്യാധിപനോ സര്‍വായുധങ്ങളോ ഇല്ലാത്ത സൈന്യംപോലെയാണ് ഇവരെന്ന് ആരും കരുതുന്നില്ല. രാജ്യത്തിന്റെ മുക്കുമൂലകളില്‍ നടക്കുന്ന നീക്കങ്ങള്‍ കൃത്യമായി നിരീക്ഷിച്ച് നേതൃത്വത്തെ അറിയിക്കാനുള്ള സംവിധാനങ്ങള്‍ ഇവര്‍ക്കുണ്ട്. പാകിസ്താന്‍ വിഷയത്തിലെ നിലപാടും ബീഫ് നിരോധത്തിനെതിരെയുള്ള പ്രതിരോധവും ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെയുള്ള അക്രമവുമാണ് സി.പി.എം സെക്രട്ടറിക്കു നേരെയുള്ള കയ്യേറ്റത്തിന്റെ കാരണമായി ഹിന്ദുസേന അവകാശപ്പെടുന്നത്. കാലേക്കൂട്ടി ആസൂത്രണം ചെയ്ത പദ്ധതി നടപ്പാക്കുന്നതിന്റെ സംഘടനാ വൈഭവമാണ് കനത്ത പൊലീസ് സംരക്ഷണത്തിലും ഹിന്ദുസേന നടപ്പാക്കിയത്. ബി.ജെ.പി സര്‍ക്കാര്‍ ഭരണത്തിലേറിയതിനു ഇതിനു മുമ്പും രാജ്യതലസ്ഥാനത്ത് ഹിന്ദുസേന ഉഗ്രരൂപം പൂണ്ട് അഴിഞ്ഞാടിയിട്ടുണ്ട്. ഡല്‍ഹിയിലെ കേരള ഹൗസില്‍ പശുവിറച്ചി വിളമ്പുന്നുവെന്ന് പൊലീസില്‍ പരാതി നല്‍കി വര്‍ഗീയ പ്രശ്‌നങ്ങള്‍ക്ക് വിത്തുപാകാന്‍ ശ്രമം നടത്തിയതും ഇക്കൂട്ടരായിരുന്നു. പൊലീസ് അന്വേഷണത്തില്‍ പരാതി വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു. ബീഫ് പാര്‍ട്ടി നടത്തിനു അക്രമിക്കപ്പെട്ട കശ്മീര്‍ നിയമസഭയിലെ സ്വതന്ത്ര എം.എല്‍.എ അബ്ദുല്‍ റഷീദിനു നേരെ ഡല്‍ഹിയില്‍ വച്ചു കരി ഓയില്‍ ഒഴിച്ചതും ഹിന്ദുസേനാ പ്രവര്‍ത്തകരായിരുന്നു. പശുക്കളെ കടത്തി എന്നാരോപിച്ച് കശ്മീരില്‍ ട്രക്ക് ഡ്രൈവറെ കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ചിതാണ് അബ്ദുല്‍ റഷീദിനെതിരെ അന്ന് കരി ഓയില്‍ പ്രയോഗമുണ്ടായത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പിറന്നാള്‍ ദിനത്തില്‍ ജന്തര്‍മന്ദറില്‍ വിപുലമായ ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ച ഹിന്ദുസേനാ പ്രവര്‍ത്തകരുടെ വികാരം കടുത്ത ന്യൂനപക്ഷ വിരുദ്ധതയായിരുന്നു.

രാജ്യത്തിന്റെ സ്വാസ്ഥ്യം കെടുത്തും വിധത്തില്‍ വര്‍ഗീയ ധ്രുവീകരണമുണ്ടാക്കി നേട്ടം കൊയ്യാനുള്ള നീക്കങ്ങളായി ഇത്തരം സംഭവങ്ങളെ കാണണം. തനിക്കാക്കി വെടക്കാക്കാനുള്ള സംഘ്പരിവാര്‍ അജണ്ട വ്യാപിപ്പിക്കാന്‍ രാജ്യത്തിന്റെ അധികാരകേന്ദ്രം അനസ്യൂതം തന്ത്രങ്ങള്‍ മെനയുന്നത് ഇനിയും കാണാതിരുന്നുകൂടാ. മെല്ലെ മെല്ലെ രാജ്യത്തിന്റെ മതേതര മണ്ണ് ഇളക്കിമറിച്ച് വിഷവിത്തുകള്‍ മുളപ്പിക്കുകയാണ് വര്‍ഗീയ ശക്തികളുടെ ലക്ഷ്യം. ഇന്നു അപരന്റെ സ്വീകരണ മുറിയിലെത്തി കലഹിക്കുന്ന ഫാസിസം നാളെ അവനവന്റെ കിടിപ്പുമുറിയില്‍ കഠാരയുയര്‍ത്തുന്ന കാലം വിദൂരമല്ല. ഇതു തിരിച്ചറിഞ്ഞ ജനാധിപത്യ ഇന്ത്യയുടെ ഭാവി സംരക്ഷിക്കാന്‍ മതേതര ശക്തികള്‍ ഒന്നിച്ചു നില്‍ക്കുകയാണ് കരണീയം.

crime

നവകേരള യാത്ര; പ്രതിഷേധം ചിത്രീകരിച്ച മാധ്യമപ്രവര്‍ത്തകര്‍ക്ക് ഡിവൈഎഫ്‌ഐ മര്‍ദനം

ദി ഫോര്‍ത്ത് ടിവി കൊച്ചി റിപ്പോര്‍ട്ടര്‍ വിഷ്ണു പ്രകാശിനെയും ക്യാമറ മാന്‍ മാഹിന്‍ ജാഫറിനെയുമാണ് ക്രൂരമായി മര്‍ദിച്ചത്.

Published

on

എറണാകുളത്ത് നവകേരള യാത്രയ്‌ക്കെതിരെയുള്ള പ്രതിഷേധങ്ങള്‍ ചിത്രീകരിച്ച മാധ്യമപ്രവര്‍ത്തകരെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതായി പരാതി. ദി ഫോര്‍ത്ത് ടിവി കൊച്ചി റിപ്പോര്‍ട്ടര്‍ വിഷ്ണു പ്രകാശിനെയും ക്യാമറ മാന്‍ മാഹിന്‍ ജാഫറിനെയുമാണ് ക്രൂരമായി മര്‍ദിച്ചത്.

ബൈക്കില്‍ പോയ ചെറുപ്പക്കാരനെ തടഞ്ഞു നിര്‍ത്തി ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചത് ഷൂട്ട് ചെയ്തതിനായിരുന്നു ആക്രമണം. മാധ്യമപ്രവര്‍ത്തകരുടെ ക്യാമറയും മൊബൈലും പിടിച്ചു വാങ്ങാന്‍ ശ്രമിച്ചു .

ഇത് നല്‍കാതെ വന്നതോടെ വളഞ്ഞിട്ട് തല്ലുകയായിരുന്നു. തലയ്ക്കും നെഞ്ചിലും പുറത്തും തുടര്‍ച്ചയായി ഇടിച്ചു. ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്താല്‍ കൊന്നുകളയുമെന്ന് ഭീഷണത്തിപ്പെടുത്തിയെന്നും മര്‍ദ്ദനമേറ്റവര്‍ പറയുന്നു.

പൊലീസ് നോക്കി നില്‍ക്കുമ്പോഴാണ് ഡി.വൈ.എഫ്ഐ. പ്രവര്‍ത്തകര്‍ മാധ്യമപ്രവര്‍ത്തകരെ മര്‍ദ്ദിച്ചത്. ആലുവ പറവൂര്‍ കവലയില്‍ വെച്ചാണ് സംഭവം ഉണ്ടായത്.

 

 

Continue Reading

kerala

നവകേരള സദസ്സ്: ബസ് എത്തിക്കാന്‍ സര്‍ക്കാര്‍ അതിഥി മന്ദിരത്തിന്റെ മതില്‍ പൊളിച്ചുനീക്കി

വൈക്കം കായലോരത്തെ സര്‍ക്കാര്‍ അതിഥി മന്ദിരത്തിന്റെ തെക്കുഭാഗത്തെ മതിലിന്റെ ഏതാനും മീറ്ററാണ് ബസിനു സുഗമമായി കടന്നുപോകാവുന്ന വിധത്തില്‍ നീക്കിയത്.

Published

on

വൈക്കത്ത് നവകേരള സദസിന്റെ വേദിയിലേക്ക് മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ബസ് എത്തിക്കാനായി സര്‍ക്കാര്‍ അതിഥിമന്ദിരത്തിന്റെ മതില്‍ പൊളിച്ചുനീക്കി. വൈക്കം കായലോരത്തെ സര്‍ക്കാര്‍ അതിഥി മന്ദിരത്തിന്റെ തെക്കുഭാഗത്തെ മതിലിന്റെ ഏതാനും മീറ്ററാണ് ബസിനു സുഗമമായി കടന്നുപോകാവുന്ന വിധത്തില്‍ നീക്കിയത്.

വ്യാഴാഴ്ച ഉച്ചയോടെയാണ് ജെ.സി.ബി. ഉപയോഗിച്ച് മതില്‍ പൊളിച്ചുനീക്കാനാരംഭിച്ചത്. മതിലിലോടു ചേര്‍ന്നുള്ള വൃക്ഷത്തിന്റെ ശിഖരവും പൊളിച്ചു നീക്കി. നിലവില്‍ സര്‍ക്കാര്‍ അതിഥി മന്ദിരത്തിന്റെ മുന്നിലൂടെ കായലോര ബീച്ചിലേയ്ക്കുള്ള വഴിയില്‍ കെ.ടി.ഡി.സിയുടെ മോട്ടലിനു മുന്നിലെ ഭാഗത്തുകൂടി ബസ് കടന്നുപോകാത്തതു മൂലമാണ് സര്‍ക്കാര്‍ അതിഥി മന്ദിരത്തിന്റെ മതില്‍ പൊളിക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ തീരുമാനിച്ചത്.

പിന്നീട് മതില്‍ പുനഃനിര്‍മ്മിക്കുമ്പോള്‍ ഈ ഭാഗത്ത് ഒരു കവാടം സ്ഥാപിച്ചാല്‍ ഭാവിയില്‍ ബീച്ചില്‍ നടക്കുന്ന വലിയ സമ്മേളനങ്ങളില്‍ വി.ഐ.പികള്‍ വരുമ്പോള്‍ ഗേറ്റുതുറന്ന് വാഹനങ്ങള്‍ കടത്തിവിടാനുമാകും.

നവകേരള സദസ്സിനായി ആദ്യം തീരുമാനിച്ചത് ആശ്രമം സ്‌കൂളായിരുന്നു. ജനങ്ങള്‍ കൂടുതലായി എത്തുന്നതും സുരക്ഷാ കാര്യങ്ങളും മുന്‍നിര്‍ത്തി ജില്ലാ ഭരണകൂടവും പോലീസും അനുമതി നല്‍കാതിരുന്നതോടെ കായലോര ബീച്ചില്‍ നവകേരള സദസ്സിനു വേദിയൊരുക്കാന്‍ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു. ഡിസംബര്‍ 14-ന് ഉച്ചകഴിഞ്ഞ് മൂന്നിനാണ് വൈക്കം നിയോജക മണ്ഡലത്തിലെ നവകേരള സദസ്സ്.

 

Continue Reading

Health

സംസ്ഥാനത്ത് കൊവിഡ് കേസുകളില്‍ വര്‍ധന; 430 ആക്ടീവ് കേസുകള്‍

ഇന്ത്യയില്‍ മൊത്തം 587 ആക്ടീവ് കേസുകളാണ് നിലവില്‍ ഉള്ളത്.

Published

on

സംസ്ഥാനത്ത് കൊവിഡ് കേസുകളില്‍ വര്‍ധന. നാലാം തീയതി മാത്രം കേരളത്തില്‍ കൊവിഡ് സ്ഥിരീകരിച്ചത് 104 പേര്‍ക്കാണ്. സംസ്ഥാനത്തെ ആക്ടീവ് കൊവിഡ് കേസുകളുടെ എണ്ണം 430 ആയി. ഇന്ത്യയില്‍ മൊത്തം 587 ആക്ടീവ് കേസുകളാണ് നിലവില്‍ ഉള്ളത്. കൊവിഡ് ബാധിച്ച് ഒരു മരണവും രേഖപ്പെടുത്തിയിട്ടുണ്ട്.

ശ്വാസതടസം ഉള്‍പ്പെടെ ലക്ഷണങ്ങള്‍ ഉള്ളതും കിടത്തി ചികിത്സ വേണ്ടതുമായ ബി കാറ്റഗറി രോഗികളുടെ എണ്ണമാണ് കൂടുന്നത്. പ്രായമായവരിലും മറ്റ് അസുഖങ്ങളുള്ളവരിലുമാണ് ഒരു ഇടവേളക്കുശേഷം കൊവിഡ് കേസുകള്‍ കൂടുതലായി ഉണ്ടാവുന്നത്. ആര്‍ടിപിസി ആര്‍ പരിശോധനകളുടെ എണ്ണം കൂട്ടിയിട്ടുണ്ട്.

ഒരു കൊവിഡ് കേസ് പോലും ഇല്ലാത്തിടത്ത് നിന്നാണ് കൊവിഡ് രോഗികളുടെ എണ്ണം ഇപ്പോള്‍ മൂന്നക്ക സംഖ്യയിലേക്ക് എത്തിയത്. വാക്‌സിന്‍ അടക്കം എടുത്തതിനാല്‍ ആന്റി ബോഡി സംരക്ഷണം ഉള്ളതുകൊണ്ട് രോഗം ഗുരുതരമാകുന്നില്ലെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.

 

Continue Reading

Trending