പത്തനംതിട്ട: ഭാര്യയോടുള്ള സംശയത്തെ തുടര്‍ന്ന് വീടിന് തീയിട്ട കേസില്‍ പത്തനംതിട്ട വകയാര്‍ സ്വദേശി പൊലീസ് പിടിയില്‍. വകയാര്‍ കൊല്ലംപടി സ്വദേശി സിജു ആണ് ഭാര്യയും മകനും വീട്ടിലുണ്ടായിരുന്ന സമയത്ത് വീടിന് തീയിട്ടത്.
സംഭവത്തില്‍ സിജുവിന്റെ ഭാര്യ രജനിക്കും ഇളയ മകനും പരിക്കേറ്റു. ഇരുവരെയും പത്തനംതിട്ട താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രജനി ഗുരുതരാവസ്ഥയിലാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
ഇന്നലെ രാത്രി ഒന്നരയോടെയാണ് സംഭവം. ഭാര്യയോടും മക്കളോടും കൂടെ ഉറങ്ങാന്‍ കിടന്ന സിജു വീട്ടില്‍ നിന്ന് പുറത്തേക്ക് ഇറങ്ങിയ ശേഷം വീടിന് തീ കൊളുത്തുകയായിരുന്നു. തുടര്‍ന്ന് പ്രതി സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. തിന്നര്‍ ഉള്‍പ്പെടെയുള്ള തീപിടിപ്പിക്കാന്‍ ഉപയോഗിക്കുന്ന വസ്തുക്കള്‍ സിജു കൃത്യത്തിന് ഉപയോഗിച്ചുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
സംഭവത്തിന് ശേഷം ഒളിവില്‍ പോയ സിജുവിനെ പുലര്‍ച്ചെ നാലരയോടെ പ്രമാടം ഭാഗത്ത് നിന്നാണ് കോന്നി പൊലീസ് കസ്റ്റഡിയിലെടുത്തത്. സിജുവിനെയും രജനിയെയും ഇത് രണ്ടാം വിവാഹമാണെന്നും, ഭാര്യയെ ഇയാള്‍ നിരന്തരം സംശയിച്ചിരുന്നുവെന്നുമാണ് പൊലീസ് നല്‍കുന്ന വിവരം. സംഭവത്തില്‍ കോന്നി പൊലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.