X

അതിശക്തമായ ഹരിത പ്രഭാവം-എഡിറ്റോറിയല്‍

75 വയസ് പൂര്‍ത്തിയാകുന്ന ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗിന്റെ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ക്ക് ഇന്നലെ തുടക്കമായിരിക്കുകയാണ്. 1948 മാര്‍ച്ച് 10ന് പാര്‍ട്ടി രൂപീകൃതമായ ചെന്നൈ നഗരം തന്നെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ക്കും ആതിഥ്യം വഹിക്കുമ്പോള്‍ ചരിത്രത്തിന്റെ തനിയാവര്‍ത്തനത്തിനാണ് ഈ ദിനങ്ങള്‍ സാക്ഷ്യം വഹിക്കുന്നത്. ഇന്നലെ എ.ഐ.കെ.എം.സി സി സംഘടിപ്പിച്ച സമൂഹ വിവാഹത്തോടെ ആരംഭിച്ച സമ്മേളനത്തിന്റെ ഭാഗമായി ഇന്ന് കലൈവണം അങ്കം – സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നഗരിയില്‍ പ്രതിനിധി സമ്മേളനവും നാളെ ചരിത്രമുറങ്ങുന്ന രാജാജി ഹാളില്‍ മുസ്‌ലിംലീഗ് രൂപീകരണത്തിന്റെ പുനരാവിഷ്‌കാരവും നടക്കും. വൈകിട്ട് ഖാഇദെ മില്ലത്ത് നഗറില്‍ നടക്കുന്ന ലക്ഷങ്ങള്‍ അണിനിരക്കുന്ന മഹാസമ്മേളനത്തോടെ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടന പരിപാടികള്‍ക്ക് സമാപനമാവും.

ജനാധിപത്യ സമൂഹത്തിലെ ന്യൂനപക്ഷ ഇടപെടലുകള്‍ എങ്ങിനെയായിരിക്കണമെന്നതിനുള്ള ലോകോത്തര മാതൃകയാണ് മുസ്‌ലിംലീഗിന്റെ ഏഴരപ്പതിറ്റാണ്ടിന്റെ പ്രവര്‍ത്തന വീഥി. വിഭജനാനന്തര ഭാരതത്തില്‍ അരക്ഷിതാവസ്ഥയില്‍ അകപ്പെട്ടുപോയ ഒരു ജനതയെ ജനാധിപത്യത്തിന്റെ അനന്ത സാധ്യതകളെ ഉപയോഗപ്പെടുത്തി മുഖ്യധാരയിലേക്ക് തിരികെ കൊണ്ടുവന്നതിന്റെ ഒരേയൊരു ഉത്തരവാദിത്തം മുസ്‌ലിംലീഗിന് മാത്രമാണ്. ന്യൂനപക്ഷങ്ങള്‍ സ്വയം സംഘടിക്കുക എന്ന ഉദാത്തമായ മാര്‍ഗത്തിലൂടെയാണ് ശ്രമകരമായ ഈ ഉദ്യമം വിജിയിപ്പിച്ചെടുക്കാന്‍ കഴിഞ്ഞത്. ആ ലക്ഷ്യത്തിന്റെ സംസ്ഥാപനത്തിനാകട്ടേ അസാധാരണമായ വിഷനും അനന്യസാധാരണമായ വില്‍പവറുമാണ് ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മാഈല്‍ സാഹിബുള്‍പ്പെടെയുള്ള പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാക്കള്‍ പുറത്തെടുത്തത്. ചെന്നൈയിലെ രാജാജി ഹാളില്‍ചേര്‍ന്ന മുസ്‌ലിംലീഗിന്റെ രൂപീകരണ കണ്‍വന്‍ഷനില്‍ മാത്രമല്ല, 1947 നവംബര്‍ 9, 10 തീയതികളില്‍ പാര്‍ട്ടിയുടെ സമുന്നത നേതാവും ബംഗാളിലെ മുന്‍മന്ത്രിയുമായിരുന്ന എസ്.എച്ച് സുഹ്‌റവര്‍ദിയുടെ വീട്ടില്‍ ചേര്‍ന്ന യോഗത്തിലും പാര്‍ട്ടി പിരിച്ചുവിടുന്നതിനെ കുറിച്ചുള്ള ആലോചനകള്‍ക്കായിരുന്നു മുന്‍തൂക്കം. “തെക്ക് നിന്നുവന്ന രണ്ടു ദ്രാവിഡന്‍മാര്‍ എന്റെ കണ്‍വന്‍ഷന്‍ പൊളിച്ചുകളഞ്ഞു’ എന്ന സുഹ്‌റവര്‍ദിയുടെ നെടുവീര്‍പ്പിനു പിന്നില്‍ ചരിത്രത്തിന്റെ നിയോഗമായിരുന്നു എന്നുവേണം കരുതാന്‍.

1948 ഡിസംബര്‍ 14ന് കറാച്ചിയില്‍ നടന്ന സര്‍വേന്ത്യാ മുസ്‌ലിംലീഗിന്റെ അവസാന കൗണ്‍സില്‍ യോഗത്തിലും ഇന്ത്യയില്‍ നിന്നുള്ള നേതാക്കളെടുത്ത ധീരമായ നിലപാട് അഭിമാനകരമായ അസ്തിത്വത്തിലേക്കുള്ള സുപ്രധാന ചുവടുവെപ്പായിരുന്നു. “മുസ്‌ലിം ലീഗ് കൗണ്‍സില്‍ ചേരാന്‍ രാജാജി ഹാള്‍ അനുവദിച്ചിട്ടുണ്ട്. പ്രസ്തുത യോഗത്തില്‍ പാര്‍ട്ടി വിരിച്ചുവിട്ടതായി ഒരു നല്ല തീരുമാനം പ്രഖ്യാപിക്കുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. ആ വിശ്വാസത്തിന്റെ പുറത്താണ് ഹാള്‍ അനുവദിച്ചിരിക്കുന്നത്.’ മുസ്‌ലിംലീഗ് രൂപീകരണത്തിന്റെ പ്രഥമ കൗണ്‍സില്‍ ചേരാന്‍ രാജാജി ഹാള്‍ അനുവദിച്ചപ്പോള്‍ മദിരാശി സംസ്ഥാന ആഭ്യന്തര മന്ത്രിയായിരുന്ന പി. സുബ്ബരായന്‍ നടത്തിയ പ്രസ്താവന ഇതായിരുന്നു. ഈ വെല്ലുവിളികളെയെല്ലാം അതിജയിച്ച് സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ മുസ്‌ലിംലീഗ് നടത്തിയ ഇടപെടലുകള്‍ ചരിത്രത്തിന്റെ ‘ഭാഗമാണ്. ന്യൂനപക്ഷങ്ങള്‍ക്കുവേണ്ടി മാത്രമല്ല, അധസ്ഥിത പിന്നോക്ക ജനവിഭാഗങ്ങള്‍ക്കുവേണ്ടി പാര്‍ലമെന്റിനകത്തും പുറത്തും നീണ്ട ഏഴരപ്പതിറ്റാണ്ടുകാലം പാര്‍ട്ടി നടത്തിയ പോരാട്ടങ്ങള്‍ ചരിത്രത്തില്‍ തങ്കലിപികളാല്‍ ആലേഖനം ചെയ്യപ്പെട്ടതാണ്. രാജ്യം സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ച് സംവത്സരങ്ങള്‍ പൂര്‍ത്തിയാകുമ്പോഴും ഏറ്റവും വലിയ വെല്ലുവിളി വര്‍ഗീയതയാണ്. ഹിന്ദുത്വ രാഷ്ട്രം എന്ന സ്വപ്‌നവുമായി ധ്രുവീകരണ ശ്രമങ്ങള്‍ രാജ്യത്താകെ അരങ്ങേറിക്കൊണ്ടിരിക്കുകയാണ്. ജനാധിപത്യത്തെ കബളിപ്പിച്ചും ജനങ്ങളെ വഞ്ചിച്ചും ഈ ശ്രമത്തില്‍ താല്‍ക്കാലിക വിജയം നേടാന്‍ ഫാസിസ്റ്റുകള്‍ക്ക് സാധിച്ചിരിക്കുന്ന രാഷ്ട്രീയ പരിതസ്ഥിതി രാജ്യത്ത് നിലനില്‍ക്കുകയാണ്. ‘ഭരണഘടനാ സ്ഥാനങ്ങളിലെല്ലാം ആര്‍.എസ്.എസ് നിലയുറപ്പിച്ചു കഴിഞ്ഞിരിക്കുകയാണ്. സവിശേഷമായ ഈ പശ്ചാത്തലത്തില്‍ പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്ന മുസ്‌ലിംലീഗ് അതിന്റെ മുഴുവന്‍ ആലോചനകളും ഫാസിസത്തിനെതിരായുള്ള പോരാട്ടത്തിന് കരുത്ത് പകരാന്‍ ഉപയോഗപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. രാജ്യത്തെ അതിന്റെ അടിസ്ഥാന പ്രമാണങ്ങളിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള ഏക പോംവഴി മതേതര കക്ഷികളുടെ ഐക്യപ്പെടലാണ് എന്നതാണ് എക്കാലത്തെയും മുസ്‌ലിംലീഗിന്റെ പ്രഖ്യാപിത നിലപാട്. ആ പോരാട്ടത്തിന്റെ വഴിയിലെ നാഴികക്കല്ലാവാനിരിക്കുകയാണ് ചെന്നൈ മഹാ നഗരം.

 

webdesk11: