kerala

പതിനേഴുകാരിയുടെ മരണം അന്വേഷണം തൃപ്‌തികരമല്ലെന്ന് ബന്ധുക്കൾ

By webdesk14

June 21, 2024

എടവണ്ണപാറ: എടവണ്ണപ്പാറയിൽ ചാലിയാറിൽ പതിനേഴുകാരിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം തൃപ്തികരമല്ലെന്ന് ബന്ധുക്കളും കർമസമിതിയും.

കുട്ടിയെ കരാട്ടെ അധ്യാപകനായ പ്രതി ഊർക്കടവ് വലിയാട്ട് സിദ്ദിക്കലി(43) ശാരീരികമായും മാനസികമായും പീഡിപ്പിച്ചത് ആത്മഹത്യയിലേക്ക് നയിച്ചുവെന്ന് കേസ്സുണ്ട്. ജയിലിലുള്ള സിദ്ദിക്കലിയുടെ ജാമ്യാപേക്ഷ മഞ്ചേരി ജില്ലാസെഷൻസ് കോടതിയും പിന്നീട് ഹൈക്കോടതിയും തള്ളിയിരുന്നു. എന്നാൽ കുട്ടി ആത്മഹത്യചെയ്യില്ലെന്നും കേസിന്റെ അന്വേഷണം ശരിയായ ദിശയിലല്ല നടക്കുന്നതെന്നുമാണ് ബന്ധുക്കൾ ആരോപിക്കുന്നത്. ക്രൈംബ്രാഞ്ചാണ് കേസന്വേഷിക്കുന്നത്.

2023 ഫെബ്രുവരി 19- നാണ് പ്ലസ് വൺ വിദ്യാർഥിനിയെ ചാലിയാറിൽ മരിച്ച നിലയിൽ കണ്ടത്. കുട്ടിയെ പ്രതി ലൈംഗികമായി ഉപദ്രവിച്ചകാര്യം സ്കൂളിലെ കൗൺസലിങ്ങിൽ അധ്യാപകരുമായും പിന്നീട് സഹോദരിമാരുമായും പങ്കുവെച്ചിരുന്നു. പരാതിയുമായി മുന്നോട്ടുപോകുമെന്നുതന്നെയായിരുന്നു കുട്ടിയുടെ നിലപാട്. ഈ സാഹചര്യത്തിൽ കുട്ടി ആത്മഹത്യ ചെയ്യില്ലെന്നാണ് ബന്ധുക്കളും കർമസമിതിയും കരുതുന്നത്.