ന്യൂഡല്‍ഹി:ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ (ടികെഎം) ഇന്ത്യയ്ക്കായി വികസിപ്പിച്ച ബി സെഗ്മെന്റ് വാഹനമായ അര്‍ബന്‍ ക്രൂയ്‌സര്‍ ഹൈറൈഡറിനെ അവതരിപ്പിച്ചു. ടൊയോട്ടയുടേതായി ഇത്യയിലെത്തുന്ന ആദ്യത്തെ സെല്ഫ് ചാര്‍ജിംഗ് സ്‌ട്രോംഗ് ഹൈബ്രിഡ് ഇലക്ട്രിക്ക് എസ്യുവിയാണിത്. കമ്പനിയുടെ ഇലക്ട്രിഫിക്കേഷന്‍ പദ്ധതികളുടെ ഭാഗമായാണ് ഹൈറൈഡറും എത്തുന്നത്. ടൊയോട്ടയുടെ ഗ്ലോബല്‍ മോഡലുകളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ടുള്ള രൂപകല്പനയും മികവുറ്റ പെര്‍ഫോമന്‍സും ഹൈറൈഡര്‍ വാഗ്ദാനം ചെയ്യുന്നു.

മികച്ച ആക്‌സിലറേഷനും പെര്‍ഫോമന്‍സും ഉറപ്പാക്കുന്ന പവര്‍ട്രെയിനും അതിനൊത്ത ആധുനികമായ പ്ലാറ്റ്‌ഫോമുമാണ് ഹൈറൈഡറിനുള്ളത്. ഒപ്പം ഉയര്‍ന്ന മൈലേജും കുറഞ്ഞ എമിഷനും.തനിയെ ചാര്‍ജ് ആവുന്നതരം സ്‌ട്രോംഗ് ഹൈബ്രിഡ് പവര്‍ട്രെയിനാണ് വാഹനത്തിന്റേത്. ഹൈബ്രിഡായും പൂര്‍ണ്ണമായും ഇലക്ട്രിക്കായും ഓടാന്‍ സഹായിക്കുന്ന ഇ-ഡ്രൈവ് ട്രാന്‍സ്മിഷനും 2 വീല്‍ ഡ്രൈവ് ലേയൗട്ടുമാണ് ഹൈബ്രിഡ് ഹൈറൈഡറിന്റേത്. എന്‍ജിനും മോട്ടോറും കൂടി ഏതാണ്ട് 114 എച്ച്പി (85 കിലോവാട്ട്) കരുത്താവും നല്കുക. ടൊയോട്ടയുടെ ചില ഗ്ലോബല്‍ മോഡലുകളെ ഓര്‍മ്മിപ്പിക്കുന്ന ഡിസൈനാണ് ഹൈറൈഡറിന്റേത്. എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്‌ലാമ്പ്, ഇരട്ട എല്‍ഇഡി ഡേ ടൈം റണ്ണിംഗ് ലാമ്പുകള്‍, സ്‌പോര്‍ട്ടിയായ പിന്‍ സ്‌കിഡ് പ്ലേറ്റ്, ട്രപ്പിസോയ്ഡല്‍ ഗ്രില്‍, ക്രിസ്റ്റല്‍ അക്രിലിക്ക്/ ക്രോം ഫിനിഷുകളുള്ള മുന്‍ ഗ്രില്‍, ഡ്യുവല്‍ ടോണ്‍ പെയിന്റ്, 17 ഇഞ്ച് അലോയ് വീലുകള്‍, എല്‍ഇഡി ടെയില്‍ ലാമ്പുകള്‍ എന്നിവയാണ് പ്രധാന പ്രത്യേകതകള്‍. 7 മോണോടോണും 4 ഡ്യുവല്‍ ടോണുമടക്കം 11 നിറങ്ങളില്‍ വാഹനം ലഭ്യമാവും.

ഇതിനു പുറമെ ഒരു 1.5ലിറ്റര്‍ കെ സീരീസ് പെട്രോള്‍ എന്‍ജിന്‍ അടിസ്ഥാനമാക്കിയുള്ള മൈല്‍ഡ് ഹൈബ്രിഡ് പവര്‍ട്രെയിനും (നിയോ ഡ്രൈവ് വേരിയന്റുകള്‍) ലഭ്യമാണ്. 5 സ്പീഡ് മാനുവല്‍, 6 സ്പീഡ് ഓട്ടോമാറ്റിക്ക് എന്നീ ട്രാന്‍സ്മിഷനുകളാണ് 1.5 എന്‍ജിനോടൊപ്പം ഉണ്ടാവുക. 100 എച്ച് പിയും 135 ന്യൂട്ടണ്‍ മീറ്ററുമാണ് ഇവയുടെ ഔട്ട്പുട്ട്. ഈ വിഭാഗത്തില്‍ ആദ്യമായി 4 വീല്‍ ഡ്രൈവും ഇവയില്‍ ലഭ്യമാവും.

ബ്ലാക്ക്-ബ്രൗണ്‍ നിറങ്ങള്‍ ഇടകലര്‍ന്ന ഡ്യുവല്‍ ടോണ്‍ കളര്‍ സ്‌കീമാണ് ഹൈബ്രിഡിന്റെ ക്യാബിനില്‍. നിയോ ഡ്രൈവ് വേരിയന്റുകള്‍ക്ക് ഓള്‍-ബ്ലാക്ക് ക്യാബിനാണ്. 9 ഇഞ്ച് സ്മാര്‍ട്ട് പ്ലേ കാസ്റ്റ് ഇന്‍ഫൊടെയ്‌ന്മെന്റ് സിസ്റ്റം, ഡ്രൈവ് മോഡ് സെലക്ഷന്‍, വയര്‍ലെസ് ചാര്‍ജര്‍, 360 ഡിഗ്രീ ക്യാമറ, പാനോരമിക് സണ്രൂഫ്, ആംബിയന്റ് ലൈറ്റ്, ഹെഡ് അപ്പ് ഡിസ്‌പ്ലേ, ക്രൂയ്‌സ് കണ്‍ട്രോള്‍,ഡോര്‍ സ്‌പോട്ട്+ ഐപി ലൈന്‍, ഗൂഗിള്‍- സിരി വോയ്‌സ് അസിസ്റ്റന്റുകള്‍, റിക്ലൈന്‍ ചെയ്യാവുന്ന പിന്‍ സീറ്റുകള്‍, പിന്‍ എസി വെന്റുകള്‍,60:40 സ്പ്ലിറ്റ് പിന്‍ സീറ്റ് എന്നീ ഫീച്ചറുകളുണ്ട് ഹൈറൈഡറില്‍.

3 വര്‍ഷം അല്ലെങ്കില്‍ 100,000 കിലോമീറ്റര്‍ വാറന്റിയാണ് ഹൈറൈഡറിനു ടൊയോട്ട നല്കുന്നത്. കൂടാതെ 5 വര്‍ഷം/220,000 കിലോമീറ്റര്‍ എക്സ്റ്റന്‍ഡഡ് വാറന്റിയും, 3 വര്‍ഷത്തെ ഫ്രീ റോഡ്‌സൈഡ് അസിസ്റ്റന്‍സും, ആകര്‍ഷകമായ ഫിനാന്‍സ് സ്‌കീമുകളും ലഭ്യമാണ്. ഹൈബ്രിഡിന്റെ ബാറ്ററിക്കുമേല്‍ 8 വര്‍ഷം/160,000 കിലോമീറ്റര്‍ വാറന്റിയാണുള്ളത്.

ഇന്ത്യയിലെ തങ്ങളുടെ ഇലക്ട്രിഫിക്കേഷന്‍ പദ്ധതികളില്‍ വലിയ ശ്രദ്ധയാണ് ടൊയോട്ടയ്ക്കുള്ളത്. ഇലക്ട്രിക്ക്/ ഇലക്ട്രിഫൈഡ് പവര്‍ട്രെയിനുകളുടെ ഭാഗങ്ങളെ ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കുവാനും ഇതിനാവശ്യമായ വസ്തുക്കള്‍ ഇവിടെ നിന്നു തന്നെ സോഴ്‌സ് ചെയ്യുവാനുമാണ് ടൊയോട്ട ശ്രമിക്കുന്നത്. ഇതിലൂടെ ഹൈബ്രിഡ് പോലുള്ള പ്രാക്ടിക്കലായ ഇലക്ട്രിഫൈഡ് വാഹനങ്ങള്‍ താരതമ്യേന കുറഞ്ഞ ചിലവില്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കുവാനാകും എന്നാണ് പ്രതീക്ഷ.

”കാര്‍ബണ്‍ കുറച്ചു മാത്രം പുറംതള്ളുന്ന ഊര്‍ജ്ജ സ്രോതസുകള്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍ നിര്‍മ്മിക്കുകയും അതിലൂടെ പരിസ്ഥിതിക്കു ദോഷം ചെയ്യാത്ത യാത്ര സാധ്യമാക്കുകയും ചെയ്യുക എന്നതാണ് ടൊയോട്ടയുടെ ലക്ഷ്യം. എക്‌സ്ഹോസ്റ്റ് ഗ്യാസുകള്‍ മൂലമുള്ള മലിനീകരണം കുറച്ച് വരും നാളുകളില്‍ ‘കാര്‍ബണ്‍ ന്യൂട്രാലിറ്റിയിലേക്ക്’ എത്തുക എന്നതാണ് ഞങ്ങള്‍ സ്വപ്നം കാണുന്നത്. ഇതിന്റെ ഭാഗമായാണ് അര്‍ബന്‍ ക്രൂയ്‌സര്‍ ഹൈറൈഡറിനെ വികസിപ്പിച്ചത്.” ഡല്‍ഹിയില്‍ നടന്ന അനാവരണ ചടങ്ങില്‍ ടികെഎം വൈസ് ചെയര്‍മാന്‍ വിക്രം കിര്‍ലോസ്‌കര്‍ പറഞ്ഞു.

”കഴിഞ്ഞ 25 വര്‍ഷങ്ങളിലായി ഏതാണ്ട് 2 മില്യണിലധികം ടൊയോട്ട വാഹനങ്ങള്‍ വിറ്റഴിഞ്ഞ, പ്രധാനപ്പെട്ട ഒരു മാര്‍ക്കറ്റാണ് ഇന്ത്യ. അതുകൊണ്ടു തന്നെ ഇവിടെ കാര്‍ബണ്‍ ന്യൂട്രലായ വാഹനങ്ങള്‍ കൊണ്ടുവരുന്നതിനെ ഞങ്ങള്‍ അത്രത്തോളം ഗൗരവമായാണ് കാണുന്നത്. ഇലക്ട്രിക്ക്/ ഇലക്ട്രിഫൈഡ് പവര്‍ ട്രെയിനുകള്‍ നിര്‍മ്മിക്കുന്നതിലെ ടൊയോട്ടയുടെ പ്രാവീണ്യം വേണ്ടവിധം ഉപയോഗിച്ചാണ് ഹൈറൈഡര്‍ നിര്‍മ്മിച്ചിട്ടുള്ളത്. കര്‍ണാടകയിലെ പ്ലാന്റില്‍ നിര്‍മ്മിക്കപ്പെടുന്ന ഗ്ലോബല്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്ന വാഹനമാവും ഇത്.” ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ മാനേജിങ് ഡയറക്ടര്‍, മസാകസു യോഷിമുര അഭിപ്രായപ്പെട്ടു

”ബി-സെഗ്മെന്റ് വാഹനങ്ങള്‍ക്കുള്ള സ്വീകാര്യതയാണ് ഞങ്ങളെ ഹൈറൈഡറിലേക്കെത്തിച്ചത്. ഈ വിഭാഗത്തിലെ ആദ്യത്തെ സെല്‍ഫ് ചാര്‍ജിംഗ് സ്‌ട്രോംഗ് ഹൈബ്രിഡാണിത്. മാത്രമല്ല, ഓള്‍വീല്‍ ഡ്രൈവ്, പാനോരമിക് സണ്‍റൂഫ്, 17 ഇഞ്ച് വീലുകള്‍, വയര്‍ലെസ് ചാര്‍ജര്‍, എന്നിങ്ങനെ അനേകം ഫീച്ചറുകളും വാഹനത്തിലുണ്ട്. തീര്‍ച്ചയായും നല്ല വില്പന നേടും എന്നാണ് പ്രതീക്ഷ” ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍, സെയില്‍സ് ആന്‍ഡ് കസ്റ്റമര്‍ സര്‍വീസ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ടഡാഷി അസാസുമ, പറഞ്ഞു.