കാല്‍പ്പന്തിനെ നെഞ്ചിലേറ്റുന്നവരുടെ മനസ്സിലെ സുന്ദര വികാരമാണ് ലിയോ മെസിയും നെയ്മറും കൃസ്റ്റിയാനോ റൊണാള്‍ഡോയും ഇനിയസ്റ്റയുമെല്ലാം… കളിയുടെ ആവേശത്തില്‍ ചില ടീമുകളോടുള്ള ഇഷ്ടത്തിലും അനിഷ്ടത്തിലും പന്തില്‍ മായാജാലം കാട്ടുന്നവരോട് എല്ലാവര്‍ക്കും ഒരടുപ്പമുണ്ടാവും. മെസിയെന്ന വികാരം വളരെ മൃദുലമാണ്. നമ്മുടെ വീട്ടിലെ കൊച്ചു പയ്യനെ പോലെ, സ്‌നേഹമാവുന്ന സന്തോഷം എല്ലാവരിലും നിറക്കുന്ന മുഖഭാവവും കളിയും പെരുമാറ്റവുമെല്ലാം. ആ താരത്തെ കാണാനും ആ കളി ആസ്വദിക്കാനും ലോകം കൊതിക്കുമ്പോള്‍ മെസി നേടുന്ന ഗോളുകളും അദ്ദേഹം നല്‍കുന്ന പാസുകളും ആ വികാര പ്രകടനങ്ങളുമെല്ലാം ലോകത്തിന് ഇഷ്ടമാണ്.

ഇന്നലെ ഇക്വഡോറിനെതിരായ ലോകകപ്പ് യോഗ്യതാ മല്‍സരത്തില്‍ ഹാട്രിക് സ്വന്തമാക്കി സ്വന്തം ടീമിനെ ഫൈനല്‍ വേദിയിലേക്കെത്തിച്ച ഘട്ടത്തില്‍ അര്‍ജന്റീനിയന്‍ ടീമിലെ സഹതാരങ്ങള്‍ മെസിക്കൊപ്പം സെല്‍ഫിക്ക് മല്‍സരിക്കുകയായിരുന്നു. അത്രമാത്രം ആരാധകവൃന്ദമുണ്ട് ആ പ്രിയതാരത്തിന്. മെസിയില്ലാതെ എന്ത് ലോകകപ്പ് എന്ന് ചോദിച്ചവരില്‍ എല്ലാ വിഭാഗക്കാരുമുണ്ട്.

റഷ്യന്‍ നഗരമായ മോസ്‌ക്കോയില്‍ ഇന്നലെ മെസിയുടെ കൂറ്റന്‍ ചിത്രമുയര്‍ന്നത് പോലും നോക്കുക. കളിയെ മനസ്സിലേക്ക്, ശരീരത്തിലേക്ക് ആവാഹിപ്പിക്കുന്നത് ഇത്തരം താരങ്ങളാണ്. നെയ്മറെ നോക്കുക- ആ കൃസൃതിയും പന്തിനെ തന്റെ സ്വന്തം കുട്ടിയെ പോലെ സ്‌നേഹിച്ച്, കാലിലൊതുക്കിയുളള കുതിപ്പും കാണുമ്പോള്‍ ആ താരം നമ്മുടെ മനസ്സിലേക്കാണ് കയറുന്നത്. കഴിഞ്ഞ ലോകകപ്പില്‍ കൊളംബിയക്കെതിരായ മല്‍സരത്തിനിടെ ഗുരുതരമായി പരുക്കേറ്റ് കരഞ്ഞ് കൊണ്ട് കളം വിട്ട ആ താരത്തിന്റെ സമര്‍പ്പണം, ഒളിംപിക്‌സ് ഫുട്‌ബോളില്‍ അദ്ദേഹം പ്രകടിപ്പിച്ച രാജ്യ സ്‌നേഹം-അതെല്ലാം നേരില്‍ കണ്ടിരുന്നു. ആ സന്നദ്ധതയും സ്‌നേഹവും അദ്ദേഹത്തോടുളള ആദരത്തിന്റെ നേര്‍ ചിത്രമാണ്.

കാലുകളില്‍ പന്തും ശക്തിയും ആവാഹിക്കുന്ന കൃസ്റ്റിയാനോ എന്ന മഹാനായ ഗോള്‍വേട്ടക്കാരന്‍-അദ്ദേഹമില്ലാത്ത ലോകകപ്പ് ആലോചിക്കാനാവില്ല. റഷ്യയിലേക്ക് റയല്‍ മാഡ്രിഡിന്റെ ആ ഗോള്‍വേട്ടക്കാരനും എത്തുമ്പോള്‍ ചില സങ്കടങള്‍ മാത്രം. ഡച്ചുകാരില്ല-അര്‍ജന്‍ റൂബനും സംഘവും നിര്‍ഭാഗ്യത്തിനിരകളായെങ്കില്‍ ഓറഞ്ച് പടയുടെ കേളിശൈലി ഇഷ്ടപ്പെടാത്തവരില്ല. വെയില്‍സ് പുറത്താവുമ്പോള്‍ ജെറാത്ത് ബെയില്‍ ഇല്ല. ചിലി മടങ്ങുമ്പോള്‍ അലക്‌സി സാഞ്ചസിനെ, വിദാലിനെ കാണാന്‍ കഴിയില്ല… എങ്കിലും മിശിഹമാര്‍ കളത്തിലുണ്ടല്ലോ…. ഇനി ലോകകപ്പിനെ ആവേശത്തോടെ വരവേല്‍ക്കാം.