തിരുവനന്തപുരം: ധനമന്ത്രി നിയമസഭയില്‍ അവതരിപ്പിച്ച ബജറ്റ് വെറും തെരഞ്ഞെടുപ്പ് ഗിമ്മിക്ക് മാത്രമാണെന്ന് രമേശ് ചെന്നിത്തല. രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന ബഡ്ജറ്റില്‍ സ്വപ്നവുമില്ല പ്രായോഗികതയുമില്ലെന്നും തെരെഞ്ഞെടുപ്പ് മുമ്പില്‍ കണ്ടു തട്ടിക്കൂട്ടിയ ബഡ്ജറ്റാണിതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. വരാന്‍ പോകുന്ന സര്‍ക്കാരിന്റെ ചുമലില്‍ വന്‍ സാമ്പത്തിക ബാധ്യതകള്‍ കെട്ടിവയ്കാനാണ് സര്‍ക്കാരിന്റെ നീക്കമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
‘കഴിഞ്ഞ ബഡ്ജറ്റിലെ പ്രഖ്യാപനങ്ങളില്‍ പത്തു ശതമാനം പോലും നടപ്പാക്കാതെ ഇപ്പോള്‍ കുറെ പുതിയ പ്രഖ്യാപനങ്ങളുമായി രംഗത്തുവന്നിരിക്കുകയാണ്. 2020 ലെ തോമസ് ഐസക്കി്ന്റെ ബഡ്ജറ്റില്‍ കുട്ടനാട് പാക്കേജിന് 2400 കോടി വകയിരുത്തിയിരുന്നു. എന്നാല്‍ ആ പാക്കേജ് വെള്ളത്തിലായി. ഇപ്പോള്‍ വീണ്ടും 115 കോടി പ്രഖ്യാപിച്ചിരിക്കുകയാണ്. 2400 കോടി പ്രഖ്യാപിച്ചതിന് ശേഷം കുട്ടനാട്ടില്‍ പലതവണ വെള്ളം കയറി. ഒന്നും ചെയ്യാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല. സഖാക്കള്‍ സ്വര്‍ണ്ണം അടിച്ചുകൊണ്ടുപോയതല്ലാതെ കഴിഞ്ഞ പത്തുകൊല്ലം ഭരിച്ചിട്ടും ശബരിമലക്ക് വേണ്ടി ഒന്നും ചെയ്തില്ല. ഇപ്പോള്‍ ശബരിമല മാസ്റ്റര്‍ പ്ളാനിന് 30 കോടി എന്ന് പ്രഖ്യാപിച്ച് വിശ്വാസികളെ കബളിപ്പിക്കാന്‍ ശ്രമിക്കുകയാണ്,’ രമേശ് ചെന്നിത്തല പറഞ്ഞു.
പദ്ധതി വിഹിതത്തിന്റെ അമ്പത് ശതമാനത്തില്‍ താഴെ മാത്രം ചിലവാക്കിയ സര്‍ക്കാരാണ് ബഡ്ജറ്റില്‍ പുതിയ പ്രഖ്യാപനങ്ങളുമായി രംഗത്തുവന്നിരിക്കുന്നത്. ഈ പ്രഖ്യാപനങ്ങളൊന്നും ഈ സര്‍ക്കാര്‍ നടപ്പാക്കേണ്ടതില്ല. അതിന്റെ ഉത്തരവാദിത്തം വരുന്ന സര്‍ക്കാരിനാണ്. പത്തുകൊല്ലം ജനങ്ങളെ പറ്റിച്ചതിന് ശേഷം തെരെഞ്ഞെടുപ്പ് അടുക്കാറായപ്പോള്‍ കുറെ പ്രഖ്യാപനങ്ങളുമായി രംഗത്തുവന്നിരിക്കുകയാണ്. ആശാവര്‍ക്കര്‍മ്മാര്‍ ഉള്‍പ്പെടെയുള്ളവര്‍ ദിവസങ്ങളോളം സമരം ചെയ്തിട്ടും അവരെ തിരിഞ്ഞു നോക്കാതിരുന്ന സര്‍ക്കാര്‍ ഇപ്പോള്‍ അവരുടെ ഓണറേറിയം കൂട്ടിയെന്ന് പ്രഖ്യാപിച്ച് രംഗത്തുവന്നിരിക്കുകയാണ്. അന്ന് അവര്‍ സെക്രട്ടറിയേറ്റ് നടയില്‍ സമരം ചെയ്തു കഷ്ടപ്പെട്ടപ്പോള്‍ ഈ സര്‍ക്കാര്‍ എവിടെയായിരുന്നു. വന്‍ തട്ടിപ്പാണെന്ന് മനസിലായ കെ ഫോണിന് കോടികള്‍ നല്‍കി ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. നടപ്പാക്കാന്‍ കഴിയാത്ത പ്രഖ്യാപനങ്ങളുടെ പെരുമഴയാണ് ഈ ബഡ്ജറ്റെന്നും രമേശ് ചെന്നിത്തല പറഞ്ഞു. തെരെഞ്ഞെടുപ്പിന് വേണ്ടി മാത്രമുള്ള ഗിമ്മിക്കാണ് ഈ ബഡ്ജറ്റിലൂടെ സര്‍ക്കാര്‍ നടത്തിയത്. ഇത് ജനവഞ്ചനയാണ്. അത് കേരളീയ സമൂഹം തിരിച്ചറിയുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.