കായല്‍ കയ്യേറ്റ വിവാദത്തില്‍ പെട്ട തോമസ്ചാണ്ടിയുടെ കാര്യത്തില്‍ നിര്‍ണായക തീരുമാനം നാളെ ചേരുന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലുണ്ടാകും. തോമസ്ചാണ്ടിക്കെതിരെ ത്വരിത പരിശോധനക്ക് വിജിലന്‍സ് കോടതി ഉത്തരവിട്ടതോടെ മന്ത്രി രാജിവെക്കണമെന്ന ആവശ്യം വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്നുകഴിഞ്ഞു. ഈ സാഹചര്യത്തില്‍ ഇനിയും പിടിച്ചുനില്‍ക്കാനാവില്ലെന്നാണ് എല്‍.ഡി.എഫ് നേതൃത്വം വിലയിരുത്തുന്നത്.

മാര്‍ത്താണ്ഡം കായല്‍ നികത്തി റിസോര്‍ട്ടിലേക്ക് റോഡ് നിര്‍മ്മിച്ചെന്ന പരാതിയില്‍ കോട്ടയം വിജിലന്‍സ് കോടതിയാണ് മന്ത്രി തോമസ് ചാണ്ടിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടത്. ഇതുസംബന്ധിച്ച് നേരത്തെ ആലപ്പുഴ ജില്ലാ കളക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്മേല്‍ സര്‍ക്കാര്‍ മന്ത്രിക്കെതിരെ നടപടി എടുത്തിരുന്നില്ല. ഈ സാഹചര്യത്തില്‍ വിജിലന്‍സ് കോടതി ഉത്തരവ് സര്‍ക്കാറിനെ കൂടുതല്‍ പ്രതിരോധത്തിലാക്കും.

കഴിഞ്ഞ ദിവസംവരെ വെല്ലുവിളിച്ചുനിന്ന തോമസ്ചാണ്ടിയുടെ നില വിജിലന്‍സ് അന്വേഷണം വന്നതോടെ പരുങ്ങലിലായി. സ്ഥിതി അതീവ ഗുരുതരമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. ഇടതുനേതാക്കളുടെ പൊതുവികാരവും ഇതുതന്നെയാണ്. അതേസമയം കോടതി വിധിയോട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചില്ല. ഇതുസംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കാതെ മുഖ്യമന്ത്രി ഒഴിഞ്ഞുമാറി.

യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് കെ.എം. മാണിക്കും കെ. ബാബുവിനുമെതിരായ ത്വരിതപരിശോധന വന്നപ്പോള്‍ പിണറായിയും കോടിയേരിയും നടത്തിയ പ്രതികരണങ്ങള്‍ തന്നെയാണ് തോമസ്ചാണ്ടിയുടെ കാര്യത്തില്‍ സി.പി.എമ്മിനും എല്‍.ഡി.എഫിനും തിരിച്ചടിയാകുന്നത്. ഇത്രയേറെ ആരോപണങ്ങള്‍ വന്നിട്ടും തോമസ്ചാണ്ടിയെ പിന്തുണക്കുന്ന നിലപാടാണ് പിണറായിയുടേത്. ഇനിയും നിയമലംഘനം നടത്തുമെന്ന് തോമസ്ചാണ്ടി പരസ്യമായി പ്രഖ്യാപിച്ചിട്ടും അതൃപ്തി അറിയിച്ചതല്ലാതെ പിണറായി നിലപാട് മാറ്റിയിട്ടില്ല.

ത്വരിത അന്വേഷണത്തിന് ഉത്തരവായതോടെ സി.പി.എം ഇതേ നിലപാടില്‍ ഉറച്ചുനില്‍ക്കുമോ എന്നാണ് അറിയേണ്ടത്. നാളെ ചേരുന്ന സി.പി.എം സെക്രട്ടറിയേറ്റ് യോഗത്തില്‍ ഈ സംശയത്തിന് ഉത്തരമുണ്ടാകും. ചാണ്ടിക്ക് അനുകൂലമായ സര്‍ക്കാറിന്റെ എല്ലാ വാദങ്ങളെയും തള്ളിക്കൊണ്ടാണ് കോട്ടയം വിജിലന്‍സ് കോടതി ത്വരിത പരിശോധനക്ക് ഉത്തരവിട്ടത്. ഇതോടെ കേവലമൊരു ത്വരിതപരിശോധനാ ഉത്തരവ് അല്ലെന്ന മാനവും ഇതിന് കൈവന്നു. കോടതി ഉത്തരവ് പ്രശ്‌നം ഗുരുതരമാക്കിയെന്ന് ഇടത് നേതാക്കള്‍ രഹസ്യമായി സമ്മതിക്കുന്നു. തോമസ്ചാണ്ടിയെ രാജിവെപ്പിക്കണമെന്ന സി.പി.ഐയുടെ ആവശ്യത്തിന് ഇനി പിന്തുണയേറും. മുഖ്യമന്ത്രി നല്‍കുന്ന പിന്തുണയാണ് മറ്റ് ഘടകകക്ഷികള്‍ക്ക് പരസ്യ നിലപാടെടുക്കുന്നതിന് തടസമാകുന്നത്. അതുകൊണ്ടുതന്നെ ഇനിയെങ്കിലും പിണറായി നിലപാട് മാറ്റുമോ എന്നാണ് ഘടകകക്ഷികള്‍ ഉറ്റുനോക്കുന്നത്.

കോടിയേരിക്ക് നാളത്തെ സി.പി.എം സെക്രട്ടറിയേറ്റ് യോഗത്തില്‍ തോമസ്ചാണ്ടിക്ക് അനുകൂലമായ നിലപാടെടുക്കാന്‍ സാധിക്കില്ല. സി.പി.എം നേതൃത്വത്തിന്റെ പൊതുതീരുമാനം എല്‍.ഡി.എഫിനെ അറിയിക്കാനാകും യോഗം തീരുമാനിക്കുക. അതേസമയം തോമസ്ചാണ്ടിക്കെതിരായ കോടതി വിധിയുടെ ഉത്തരവ് ലഭിച്ചശേഷം തുടര്‍നടപടിയുണ്ടാകുമെന്ന് ഡി.ജി.പി ലോക്‌നാഥ് ബഹ്‌റ അറിയിച്ചു. കോടതി ഉത്തരവിട്ട വിജിലന്‍സ് അന്വേഷണം നടക്കട്ടെയെന്നായിരുന്നു റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്റെ പ്രതികരണം.