ദേശീയ സംസ്ഥാന പാതയോരങ്ങളില്‍ മദ്യശാലങ്ങള്‍ നിരോധിച്ച സുപ്രീംകോടതി ഉത്തരവിനെ വിമര്‍ശിച്ച് ഗതാഗതി മന്ത്രി തോമസ് ചാണ്ടി രംഗത്ത്. ഏതു മണ്ടന്‍ പറഞ്ഞിട്ടാണ് പാതയോരത്തെ മദ്യശാലകള്‍ നിരോധിക്കാന്‍ സുപ്രീംകോടതിയെ പ്രേരിപ്പിച്ചതെന്ന് തോമസ് ചാണ്ടി ചോദിച്ചു. സുപ്രീംകോടതിയുടെ വിധി പ്രസ്താവം ടൂറിസം മേഖലക്കു തിരിച്ചടിയാണെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം മദ്യലഭ്യത ഉറപ്പാക്കുന്ന നയം ഉടനുണ്ടാകുമെന്നും പറഞ്ഞു.
മന്ത്രിയായ ശേഷം സ്വന്തം മണ്ഡലമായ കുട്ടനാട്ടില്‍ ആദ്യമായി എത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജിഷ്ണു പ്രണോയിയുടെ അമ്മക്കു നേരെയുണ്ടായ പിണറായി പൊലീസിന്റെ നടപടിയെ ന്യായീകരിക്കാനും തോമസ് ചാണ്ടി മറന്നില്ല. വിഷയത്തില്‍ സര്‍ക്കാര്‍ എടുത്ത തീരുമാനം ഉചിതമാണെന്ന് അദ്ദേഹം പറഞ്ഞു. പ്രതിയെ അന്വേഷണത്തിലൂടെ മാത്രമേ കണ്ടെത്താനാകൂ. ആരെങ്കിലും പറയുന്നതനുസരിച്ച് നടപടിയെടുക്കാനാവില്ലെന്നും തോമസ് ചാണ്ടി പറഞ്ഞു.