കൊച്ചി:ഓര്‍ത്തഡോക്‌സ് സഭാ ചെങ്ങന്നൂര്‍ ഭദ്രസനാധിപന്‍ തോമസ് മാര്‍ അത്തനാസിയോസ് മെത്രാപ്പൊലീത്ത തീവണ്ടിയില്‍ നിന്ന് വീണു മരിച്ചു. ഇന്നു പുലര്‍ച്ചെ അഞ്ചരയോടെ എറണാകുളം പുല്ലേപ്പടിക്കു സമീപമാണ് അപകടമുണ്ടായത്. ഗുജറാത്തിലെ ബറോഡയില്‍ നിന്ന് മടങ്ങുകയായിരുന്നു അദ്ദേഹം. എറണാകുളം സൗത്ത് സ്‌റ്റേഷനിലിറങ്ങുന്നതിനായി വാതില്‍ക്കല്‍ നില്‍ക്കുമ്പോള്‍ വാതില്‍ പിറകിലിടിച്ച് തെറിച്ച് വീണതാണെന്നാണ് നിഗമനം.

ട്രെയിന്‍ റെയില്‍വെ സ്റ്റേഷനിലെത്തിയപ്പോള്‍ അദ്ദേഹത്തെ സ്വീകരിക്കാനെത്തിയവര്‍ മെത്രാപ്പൊലീത്തയെ കാണാനില്ലെന്ന് അറിയിച്ചതിനെത്തുടര്‍ന്ന് പൊലീസ് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
സഭയുടെ ചുമതലകളുമായി ബറോഡയിലായിരുന്നു അദ്ദേഹം. നെടുമ്പാശ്ശേരിയില്‍ നിന്ന് വിമാനസര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തിവെച്ച സാഹചര്യത്തില്‍ ട്രെയിനില്‍ മടങ്ങുകയായിരുന്നു.

മൃതദേഹം എറണാകുളം ജനറല്‍ ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടം നടപടികള്‍ പുരോഗമിക്കുകയാണ്.