റാമല്ല: കിഴക്കന്‍ ജറൂസലമില്‍ മൂന്ന് ഫലസ്തീനികളും ഒരു ഇസ്രാഈല്‍ പൊലീസ് ഉദ്യോഗസ്ഥയും കൊല്ലപ്പെട്ടു. മസ്ജിദുല്‍ അഖ്‌സക്കു സമീപം പൊലീസുകാരി കൊല്ലപ്പെട്ട ആക്രമണത്തിനുശേഷം ഇസ്രാഈല്‍ സൈനികര്‍ നടത്തിയ വെടിവെപ്പിലാണ് മൂന്ന് ഫലസ്തീനികള്‍ കൊല്ലപ്പെട്ടത്. ഒരാള്‍ക്ക് പരിക്കേറ്റു. സ്റ്റാഫ് സെര്‍ജന്റ് മേജര്‍ ഹദാസ് മാല്‍കയെന്ന പൊലീസുകാരിയാണ് കൊല്ലപ്പെട്ടത്. പൊലീസ് സംഘത്തിനുനേരെ രണ്ടുപേര്‍ വെടിവെക്കുകയും മൂന്നാമതൊരാള്‍ പൊലീസുകാരിയെ കത്തിയെടുത്ത് കുത്തുകയുമായിരുന്നുവെന്നാണ് ഇസ്രാഈലിന്റെ വിശദീകരണം.
ഇസ്രാഈല്‍ സേനയുടെ വെടിവെപ്പില്‍ കൊല്ലപ്പെട്ടത് പൊലീസുകാരെ ആക്രമിച്ചവര്‍ തന്നെയാണോ എന്ന് വ്യക്തമല്ല. പൊലീസ് ഉദ്യോഗസ്ഥ കൊല്ലപ്പെട്ട ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്്‌ലാമിക് സ്‌റ്റേറ്റ്(ഐ.എസ്) ഏറ്റെടുത്തു. എന്നാല്‍ ഐ.എസിന്റെ അവകാശവാദം ഹമാസും പീപ്പിള്‍സ് ഫ്രണ്ട് ഫോര്‍ ദ ലിബറേഷന്‍ ഓഫ് ഫലസ്തീനും തള്ളി. ഈ രണ്ട് ഗ്രൂപ്പുകളിലെയും അംഗങ്ങളാണ് ആക്രമണം നടത്തിയതെന്ന് ഹമാസ് അറിയിച്ചു.
അധിനിവേശക്കാരുടെ കുറ്റകൃത്യങ്ങള്‍ക്കുള്ള സ്വാഭാവിക മറുപടിയാണ് അതെന്ന് ഹമാസ് വക്താവ് സാമി അബു സുഹ്‌രി പറഞ്ഞു. പത്തൊമ്പതും ഇരുപതും വയസുള്ള മൂന്നുപേരാണ് ആക്രമണം നടത്തിയതെന്നും റാമല്ലക്കു സമീപം ദേര്‍ അബു മഷാല്‍ ഗ്രാമത്തില്‍നിന്നുള്ളവരാണ് അവരെന്നും ഇസ്രാഈല്‍ സുരക്ഷാ വൃത്തങ്ങള്‍ പറയുന്നു. ഇവരില്‍ രണ്ടുപേര്‍ ഇസ്രാഈല്‍ ജയിലില്‍നിന്ന് മോചിതരായവരാണ്. ഇസ്രാഈലും ഐ.എസും പുറത്തുവിട്ട അക്രമികളുടെ പേരുകളില്‍ വ്യത്യാസമുണ്ട്. 2015 ഒക്ടോബര്‍ മുതല്‍ ഇസ്രാഈല്‍ പൊലീസിന്റെ വെടിയേറ്റ് മരിക്കുന്ന ഫലസ്തീനികളുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കുനേരെ കല്ലേറു നടത്തുന്നവരെ വെടിവെച്ചു കൊലപ്പെടുത്താന്‍ ഇസ്രാഈല്‍ ഭരണകൂടം പൊലീസിന് അനുമതി നല്‍കിയിട്ടുണ്ട്.
250ഓളം ഫലസ്തീനികള്‍ ഈ വിധം വെടിയേറ്റ് മരിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ഐ.എസിന്റെ അവകാശവാദം ശരിയാണെങ്കില്‍ ഇസ്രാഈലില്‍ അവര്‍ നടത്തന്ന ആദ്യ ആക്രമണമാണ് വെള്ളിയാഴ്ച നടന്നത്.