Connect with us

india

ആന്ധ്രപ്രദേശില്‍ പെട്രോള്‍ ടാങ്കിലേക്ക് വീണ് മൂന്ന് പേര്‍ മരിച്ചു

Published

on

പെട്രോൾ ടാങ്ക് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തിൽ ടാങ്കിനുള്ളിലേക്ക് വീണ് മൂന്ന് യുവാക്കൾ മരിച്ചു. ആന്ധ്രാപ്രദേശിലെ അന്നമയ്യ ജില്ലയിലെ ഒരു പെട്രോൾ പമ്പിലാണ് സംഭവം. ആദ്യം വീണയാളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ രണ്ട് പേർ കൂടി ടാങ്കിലേക്ക് തെന്നിവീഴുകയായിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അന്നമയ്യ ജില്ലയിലെ രായച്ചോട്ടിയിൽ ദേശീയപാതയ്ക്ക് സമീപമുള്ള പെട്രോൾ പമ്പിൽ ഞായറാഴ്ച വൈകുന്നേരം 5.40 ഓടെയാണ് സംഭവം. ആനന്ദ്, ശിവ, രവി എന്നിവരാണ് മരിച്ചത്. ഏറെക്കാലമായി ഉപയോഗശൂന്യമായ ടാങ്ക് വൃത്തിയാക്കാൻ ഹിന്ദുസ്ഥാൻ പെട്രോളിയം ലിമിറ്റഡ് അയച്ചതായിരുന്നു ഇവരെ. ടാങ്കിന് മുകളിൽ നിന്ന് താഴേക്ക് നോക്കുന്നതിനിടെ അബദ്ധത്തിൽ ശിവ ടാങ്കിലേക്ക് തെന്നിവീണു. ശിവനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ രവി, ആനന്ദ് എന്നിവരും ടാങ്കിലേക്ക് വീഴുകയായിരുന്നു.

അപകടവിവരമറിഞ്ഞ് അഗ്നിശമനസേനയും പൊലീസും സ്ഥലത്തെത്തിയാണ് മൂവരെയും പുറത്തെടുത്തത് അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. രണ്ട് പേർ ടാങ്കിനുള്ളിൽ തന്നെ മരിച്ചപ്പോൾ മറ്റൊരാൾ ആശുപത്രിയിൽ വച്ചാണ് മരിച്ചത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

india

മെമ്മറി കാര്‍ഡ് അപ്രത്യക്ഷമായതിന് പിന്നില്‍ രാഷ്ട്രീയ ഗൂഡാലോചനയെന്ന് വി.ഡി. സതീശൻ; ‘ബസ് തടഞ്ഞ് യാത്രക്കാരെ ഇറക്കിവിട്ട മേയര്‍ക്കും സംഘത്തിനുമെതിരെ കേസെടുക്കണം’

മേയറുടെ ഭര്‍ത്താവും എം.എല്‍.എയുമായ സച്ചിന്‍ ദേവ് ബസിനുള്ളില്‍ കയറി യാത്രക്കാരെ ഇറക്കിവിട്ടെന്ന ആരോപണം നിലനില്‍ക്കെയാണ് മെമ്മറി കാര്‍ഡ് അപ്രത്യക്ഷമായത്

Published

on

തിരുവനന്തപുരം മേയറും കെ.എസ്.ആര്‍.ടി.സി ഡ്രൈവറുമായുള്ള തര്‍ക്കത്തില്‍ ബസിനുള്ളിലെ സി.സി.ടി.വി ക്യാമറയുടെ മെമ്മറി കാര്‍ഡ് കാണാതായത് ദുരൂഹമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മേയറുടെ ഭര്‍ത്താവും എം.എല്‍.എയുമായ സച്ചിന്‍ ദേവ് ബസിനുള്ളില്‍ കയറി യാത്രക്കാരെ ഇറക്കിവിട്ടെന്ന ആരോപണം നിലനില്‍ക്കെയാണ് മെമ്മറി കാര്‍ഡ് അപ്രത്യക്ഷമായത്. ദൃശ്യങ്ങള്‍ പുറത്തു വന്നാല്‍ തങ്ങളുടെ വാദങ്ങള്‍ പൊളിയുമെന്ന ആശങ്കയില്‍ മെമ്മറി കാര്‍ഡ് ബോധപൂര്‍വം എടുത്തു മാറ്റുകയും നശിപ്പിക്കുകയും ചെയ്തതായി സംശയമുണ്ട്. കേസില്‍ നിര്‍ണായക തെളിവാകുമായിരുന്ന മെമ്മറി കാര്‍ഡ് അപ്രത്യക്ഷമായതിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടോയെന്നും പരിശോധിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

മേയറും എം.എല്‍.എയും സംഘവും നടത്തിയ നിയമ ലംഘനങ്ങളില്‍ കേസെടുക്കാത്തത് അംഗീകരിക്കാനാകില്ല. ഒരാളുടെ പരാതിയില്‍ കേസെടുക്കുകയും മറു ഭാഗത്തിന്റെ പരാതി തള്ളിക്കളയുകയും ചെയ്യുന്നത് ഇരട്ട നീതിയാണ്. ഈ സംഭവത്തില്‍ പോലീസിനും കെ.എസ്.ആര്‍.ടി.സി മാനേജ്മെന്റിനും ഗുരുതരമായ വീഴ്ച പറ്റി.

പതിനഞ്ചോളം യാത്രക്കാരെ നടുറോഡില്‍ ഇറക്കി വിട്ടിട്ടും കെ.എസ്.ആര്‍.ടി.സി അധികൃതര്‍ പ്രതികരിച്ചില്ല. യാതക്കാരോട് കെ.എസ്.ആര്‍.ടി.സിക്ക് ഒരു ഉത്തരവാദിത്വവുമില്ലേ? ബസിന്റെ ട്രിപ്പ് മുടക്കിയിട്ടും പോലീസില്‍ പരാതി നല്‍കിയില്ല. ഒരു സാധാരണക്കാരന്‍ ഇങ്ങനെ ചെയ്താലും ഇതാണോ കെ.എസ്.ആര്‍.ടി.സിയുടെ സമീപനം? അതോ മേയര്‍ക്കും എം.എല്‍.എയ്ക്കും എന്തെങ്കിലും പ്രിവിലേജുണ്ടോ? മേയര്‍ക്കും സംഘത്തിനുമെതിരെ പരാതി നല്‍കാതെ ആരുടെ താല്‍പര്യമാണ് കെ.എസ്.ആര്‍.ടി.സി സംരക്ഷിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു.

മേയറും സംഘവും ബസ് തടഞ്ഞെന്ന് സി.സി ടി.വി ദൃശ്യങ്ങളില്‍ വ്യക്തമാണ്. എന്നിട്ടും എന്തുകൊണ്ടാണ് പൊലീസ് കേസെടുക്കാത്തത്? ജനകീയ സമരങ്ങളുടെ ഭാഗമായി ബസ് തടഞ്ഞാല്‍ പോലും കേസെടുക്കുന്ന കേരള പോലീസ് മേയറേയും എം.എല്‍.എയേയും കണ്ട് വിറച്ചതാണോ? അതോ കേസ് എടുക്കേണ്ടെന്ന് മുകളില്‍ നിന്നും നിര്‍ദേശമുണ്ടോയെന്ന് അദ്ദേഹം ചോദിച്ചു.

ഇരു ഭാഗത്തിന്റേയും പരാതികള്‍ അന്വേഷിച്ച് ആര് കുറ്റം ചെയ്താലും ഉചിതമായ നടപടി വേണം. മേയര്‍ക്കും എം.എല്‍.എയ്ക്കും കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ക്കും ഒരേ നിയമമാണെന്ന്മറക്കരുതെന്ന് അദ്ദേഹം പറഞ്ഞു.

 

Continue Reading

india

സ്വർണവിലയിൽ വൻ വർധന; പവന് 560 രൂപ കൂടി

പവന്റെ വിലയില്‍ 560 രൂപയുടെ വര്‍ധനയുണ്ടായി.

Published

on

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ധന. ഗ്രാമിന് 70 രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 6625 രൂപയായി വര്‍ധിച്ചു. പവന്റെ വിലയില്‍ 560 രൂപയുടെ വര്‍ധനയുണ്ടായി. 53,000 രൂപയായാണ് പവന്റെ വില വര്‍ധിച്ചത്.

യു.എസ് കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ ചെയര്‍മാന്‍ വായ്പ പലിശനിരക്കുകള്‍ പ്രഖ്യാപിച്ച് നടത്തിയ പരാമര്‍ശങ്ങള്‍ സ്വര്‍ണ വിപണിയെ സ്വാധീനിക്കുകയായിരുന്നു. വായ്പ അവലോകനത്തിന് ശേഷം ഫെഡറല്‍ റിസര്‍വ് വായ്പ പലിശനിരക്കുകളില്‍ മാറ്റം വരുത്തിയിരുന്നില്ല. എന്നാല്‍, വരും മാസങ്ങളില്‍ പണപ്പെരുപ്പം കുറയുന്നതിനനുസരിച്ച് പലിശ നിരക്ക് കുറക്കുമെന്ന ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്റെ പരാമര്‍ശം സ്വര്‍ണവിപണിയെ സ്വാധീനിച്ചു. യു.എസ് ട്രഷറി ബോണ്ടുകളില്‍ നിന്നുള്ള വരുമാനം കുറഞ്ഞതും സ്വര്‍ണ വില ഉയരാനുള്ള അനുകൂലഘടകമായി.

അതേസമയം, സ്വര്‍ണത്തിന്റെ വില ക്രമാതീതമായി വര്‍ധിക്കുന്നത് മൂലം 18 കാരറ്റ് സ്വര്‍ണ്ണാഭരണങ്ങളുടെ ഡിമാന്‍ഡ് കൂടുകയാണെന്ന് വ്യപാരികള്‍.22 കാരറ്റ് സ്വര്‍ണാഭരണങ്ങളും 18 കാരറ്റ് സ്വര്‍ണാഭരണങ്ങളും തമ്മില്‍ ആയിരത്തിലധികം രൂപയുടെ വില വ്യത്യാസം ആണ് ഗ്രാമിനുള്ളത്. കൗമാരക്കാര്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മ്മിക്കപ്പെടുന്നത് 18 കാരറ്റിലാണ്.

ഡയമണ്ട് ആഭരണങ്ങള്‍ നിര്‍മ്മിക്കുന്നതും 18 കാരറ്റിലാണ്. പുതിയ തലമുറയ്ക്ക് ലൈറ്റ് വെയിറ്റ് ആഭരണങ്ങളോടുള്ള കമ്പം 18 കാരറ്റ് ആഭരണങ്ങള്‍ വില്‍പന വലിയ തോതില്‍ ഉയര്‍ത്തുന്നുണ്ടെന്ന് സ്വര്‍ണ വ്യാപാരികള്‍ സാക്ഷ്യപ്പെടുത്തുന്നു.

 

Continue Reading

india

വിവാദത്തിനിടെ കൊവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ നിന്ന് മോദി ചിത്രം നീക്കി

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമായാണ് ചിത്രം നീക്കം ചെയ്തത് എന്നാണ് വിശദീകരണം.

Published

on

കൊവിഷീല്‍ഡ് വാക്‌സീന്‍ വിവാദത്തിനിടെ കോവിഡ് വാക്‌സീന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം നീക്കി. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമായാണ് ചിത്രം നീക്കം ചെയ്തത് എന്നാണ് വിശദീകരണം.

കൊവിഷീല്‍ഡ് വാക്‌സീനെടുത്ത അപൂര്‍വ്വം ചിലരില്‍ രക്തം കട്ടപിടിക്കുകയും, പ്ലേറ്റ്‌ലെറ്റ് കൗണ്ട് കുറയ്ക്കുകയും ചെയ്യുന്ന ടിടിഎസ് എന്ന അവസ്ഥയുണ്ടാകാമെന്നാണ് ആസ്ട്രസെനെക കമ്പനി യു.കെയിലെ കോടതിയെ അറിയിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണോ ഫോട്ടോ മാറ്റിയിതെന്നും പറയപ്പെടുന്നു.

ഇന്ത്യയില്‍ കൊവിഷീല്‍ഡ് എന്ന പേരില്‍ അവതരിപ്പിച്ച കൊവിഡ് വാക്‌സീന് ഗുരുതര പാര്‍ശ്വഫലമുള്ളതായി വാക്‌സിന്‍ കമ്പനി ആസ്ട്രസെനെക കഴിഞ്ഞ ദിവസം സമ്മതിച്ചിരുന്നു. പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. കൊവിഷീല്‍ഡ് വാക്‌സീന്‍ സ്വീകരിച്ച ശേഷം ഹൃദയാഘാതം വന്ന് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

നേരത്തെ കൊവിഡ് സര്‍ട്ടിഫിക്കറ്റില്‍ മോദി ചിത്രം നല്‍കുന്നതിനെതിരെ വലിയ പ്രതിഷേധവും വിമര്‍ശനവും ഉയര്‍ന്നിരുന്നുവെങ്കിലും കേന്ദ്ര സര്‍ക്കാര്‍ തള്ളിക്കളയുകയായിരുന്നു.

 

Continue Reading

Trending