Culture

ശബരിമലയില്‍ പോകാന്‍ സുരക്ഷ വേണമെന്ന് ആവശ്യപ്പെട്ട് മൂന്ന് യുവതികള്‍ എറണാംകുളം പ്രസ്‌ക്ലബില്‍; പുറത്ത് പ്രതിഷേധവുമായി നിരവധിപേര്‍

By chandrika

November 19, 2018

കൊച്ചി: ശബരിമലക്ക് പോകാന്‍ സുരക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിനെയും പൊലീസിനെയും സമീപിച്ചിട്ടുണ്ടെന്ന് മൂന്ന് യുവതികള്‍. ഇക്കാര്യത്തില്‍ ഉറപ്പ് ലഭിച്ചാല്‍ ഉറപ്പായും സന്നിധാനത്തേക്ക് പോകുമെന്നും ഇവര്‍ വ്യക്തമാക്കി. ശബരിമലയില്‍ പോകാന്‍ മാലയിട്ട മൂന്ന് യുവതികളാണ് എറണാകുളം പ്രസ് ക്ലബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യങ്ങള്‍ അറിയിച്ചത്. രേഷ്മാ നിഷാന്ത്, കണ്ണൂര്‍ സ്വദേശിനിയായ ശനില, കൊല്ലം സ്വദേശിനി ധന്യ മറ്റൊരു യുവാവ് എന്നിവരാണ് വാര്‍ത്താ സമ്മേളനം നടത്തിയത്. അതിനിടെ, ഇക്കാര്യം അറിഞ്ഞ് ശബരിമല കര്‍മ സമിതിയുടെ നേതൃത്വത്തില്‍ പ്രസ് ക്ലബിന് പുറത്ത് നാമജപ പ്രതിഷേധവുമായി നിരവധി പേര്‍ തടിച്ചു കൂടിയതോടെ പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനിന്നു.

വിശ്വാസിയെന്ന നിലയിലാണ് മാലയിട്ടതെന്നും എന്നാല്‍ ഇതിന്റെ പേരില്‍ വീടിന് പുറത്തിറങ്ങാന്‍ പോലും കഴിയുന്നില്ലെന്നും കണ്ണൂര്‍ സ്വദേശിനി രേഷ്മാ നിഷാന്ത് പറഞ്ഞു. അതിനിടെ, വാര്‍ത്താസമ്മേളനം നടത്തിയ യുവതികളെ പൊലീസ് അവരുടെ സ്വന്തം വാഹനങ്ങളിലെത്തിച്ചു.