അഗര്‍ത്തല: വാക്‌പോരുകളും വാഗ്ദാനങ്ങളും ആവേശം നിറച്ച തെരഞ്ഞെടുപ്പ് പ്രചാരണം പിന്നിട്ട് ത്രിപുര പോളിങ് ബൂത്തിലേക്ക്. സിപിഎം നേതൃത്വം നല്‍കുന്ന എല്‍ഡിഎഫ് ആണ് കഴിഞ്ഞ കാല്‍നൂറ്റാണ്ടായി ഭരണപക്ഷത്ത്. ഇക്കുറി തെരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് കോണ്‍ഗ്രസും ബിജെപിയും ശക്തമായ സാന്നിധ്യമറിയിച്ചിട്ടുണ്ട്.

ആകെയുള്ള 60 സീറ്റുകളില്‍ 59 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. ചാരിലം മണ്ഡലത്തിലെ വോട്ടെടുപ്പ് നീട്ടി വച്ചു. മത്സര രംഗത്തുണ്ടായിരുന്ന സിപിഎം സ്ഥാനാര്‍ത്ഥി രാമേന്ദ്ര നാരായണ്‍ ദേവ് ബര്‍മ ആറ് ദിവസങ്ങള്‍ക്ക് മുന്‍പു മരണപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് ഈ മണ്ഡലത്തിലെ വോട്ടെടുപ്പ് മാര്‍ച്ച് 12ലേക്ക് മാറ്റി വെച്ചു. 20 സീറ്റുകള്‍ ഷെഡ്യൂള്‍ഡ് ട്രൈബ്‌സിന് വേണ്ടി നീക്കി വച്ചിരിക്കുകയാണ്. സിപിഎമ്മും ബിജെപിയും കോണ്‍ഗ്രസും ശക്തമായ പ്രചാരണമാണ് നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദി, ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിങ്, അരുണ്‍ ജയ്റ്റ്‌ലി, നിതിന്‍ ഗഡ്കരി, സ്മൃതി ഇറാനി, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവര്‍ അടക്കം നേതാക്കളുടെ നീണ്ട നിരയെയാണ് ബിജെപി പ്രചാരണത്തിനായി രംഗത്തിറക്കിയത്.

സിപിഎം മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍ തുടര്‍ച്ചയായ അഞ്ച് തവണയാണ് സംസ്ഥാനത്ത് ഭരണത്തിലേറിയത്. പ്രചാരണത്തിന്റെ ഭാഗമായി 50 റാലികള്‍ സിപിഎം സംഘടിപ്പിച്ചു. സീതാറാം യെച്ചൂരി, വൃന്ദാകാരാട്ട് തുടങ്ങിയ നേതാക്കളും പ്രചാരണത്തിനെത്തി. കോണ്‍ഗ്രസും തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിച്ചു. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ് പ്രചാരണത്തിന് ചുക്കാന്‍ പിടിച്ചത്. അഗര്‍ത്തലയില്‍ നടന്ന റാലിയിലും രാഹുല്‍ പങ്കെടുത്തു.

307 പേരാണ് മത്സര രംഗത്തുള്ളത്. 57 സീറ്റുകളില്‍ സിപിഎം മത്സരിക്കുന്നു മറ്റുള്ള സീറ്റുകളില്‍ ആര്‍എസ്പി, ഫോര്‍വേര്‍ഡ് ബ്ലോക്ക്, സിപിഐയും മത്സരിക്കുന്നു. കോണ്‍ഗ്രസ് 59ഉം ബിജെപി 51ഉം ബിജെപി സഖ്യകക്ഷിയായ പീപ്പിള്‍സ് ഫ്രണ്ട് ഓഫ് ത്രിപുര ഒന്‍പതും സീറ്റുകളില്‍ മത്സരിക്കുന്നു. മാര്‍ച്ച് മൂന്നിനാണ് ഫലപ്രഖ്യാപനം. തെരഞ്ഞെടുപ്പിന്റെ ഭാഗമായി സംസ്ഥാനത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. സുഗമമായ തെരഞ്ഞെടുപ്പിനായി സുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്നു സംസ്ഥാന പൊലീസ് ഡയറക്ടര്‍ ജനറല്‍ അഖില്‍ കുമാര്‍ ശുക്ല വ്യക്തമാക്കി. ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്. കേന്ദ്ര ആംഡ് സേന 300 പേരെയാണ് നിയോഗിച്ചിരിക്കുന്നത്. ഇന്‍ഡോ-ബംഗ്ലാദേശ് അതിര്‍ത്തിയില്‍ 856 കിലോമീറ്റര്‍ ഭാഗത്ത് ബിഎസ്എഫ് നിയന്ത്രണം ഏറ്റെടുത്തു.