മൈസൂരില്‍ നിരവധി ക്ഷേത്രങ്ങള്‍ തകര്‍ത്ത ഭരണാധികാരിയാണ് ടിപ്പു സുല്‍ത്താനെന്നും, നിരവധി ഹിന്ദുക്കളെ മതപരിവര്‍ത്തനത്തിന് വിധേയനാക്കിയ ടിപ്പുവിന്റെ ജയന്തി സര്‍ക്കാര്‍ ആഘോഷിക്കുന്നത് നിര്‍ത്തണമെന്നുമായിരുന്നു സംഘപരിവാര്‍ സംഘടനകള്‍ ആവശ്യപ്പെട്ടതിന് പിന്നാലെ ടിപ്പു ജയന്തി നിര്‍ത്തലാക്കാനൊരുങ്ങി കര്‍ണാടക സര്‍ക്കാര്‍.

ഇതുസംബന്ധിച്ച ഉത്തരവ് സര്‍ക്കാര്‍ പുറപ്പെടുവിച്ചു. ഉടന്‍ പ്രാബല്യത്തോടെയാണ് ഉത്തരവ് പുറപ്പെടുവിക്കുന്നതെന്ന് കന്നഡ സാംസ്‌കാരിക വകുപ്പ് വ്യക്തമാക്കി.
മുഖ്യമന്ത്രി യെദ്യൂരപ്പയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഈ തീരുമാനം കൈക്കൊണ്ടത്. ടിപ്പു ജയന്തി ആഘോഷങ്ങള്‍ നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെട്ട് മുതിര്‍ന്ന ബിജെപി നേതാവ് കെ ജി ബൊപ്പയ്യ തിങ്കളാഴ്ച മുഖ്യമന്ത്രി യെദ്യൂരപ്പയ്ക്ക് കത്തു നല്‍കിയിരുന്നു.

2015 ല്‍ സിദ്ധരാമയ്യ സര്‍ക്കാരാണ് ടിപ്പു സുല്‍ത്താന്‍ ജയന്തി ആഘോഷങ്ങള്‍ക്ക് തുടക്കമിട്ടത്. ഇത് കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള സഖ്യസര്‍ക്കാരും തുടരുകയായിരുന്നു. എന്നാല്‍ ടിപ്പു ജയന്തി ആഘോഷങ്ങള്‍ക്കെതിരെ ബിജെപി നിരന്തരം പ്രക്ഷോഭത്തിലായിരുന്നു.