ബംഗളൂരു: സംഘപരിവാര്‍ സംഘടനകള്‍ ഉയര്‍ത്തിയ പ്രതിഷേധവും ഭീഷണിയും വക വയ്ക്കാതെ കര്‍ണാടകം ടിപ്പു ജയന്തി ആഘോഷിച്ചു. ആഘോഷത്തിന്റെ നിറം കെടുത്തുന്ന തരത്തിലുള്ള അക്രമ സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പ്രതിഷേധത്തിനിടെ 48 ബി.ജെ.പി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റു ചെയ്തു. എം.എല്‍.എമാരായ കെ .ജി ഗോപയ്യ, അപ്പാച്ചു രഞ്ജന്‍, എം.എല്‍.സി സുനില്‍ സുബ്രഹ്മണി തുടങ്ങിയവരും അറസ്റ്റു ചെയ്യപ്പെട്ടവരില്‍ ഉള്‍പ്പെടും.

കുടകില്‍ സംഘ്പരിവാര്‍ സംഘടനകള്‍ ആഹ്വാനം ചെയ്ത ബന്ദ് സമിശ്ര പ്രതികരണം ഉളവാക്കി. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സംസ്ഥാനത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. മുന്‍കരുതല്‍ നടപടി എന്ന നിലയില്‍ സംസ്ഥാനത്ത് 2000 ത്തോളം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 70 പേരെ മടിക്കേരിയിലും 132 പേരെ സോന്‍വാര്‍പേട്ടിലും 28 പേരെ വിരാജ് പേട്ടയിലും 26 പേരെ കുശാല നഗരയിലും അറസ്റ്റ് ചെയ്തിട്ടുണ്ട്.

കൂര്‍ഗ്, ചിത്രദുര്‍ഗ, മൈസൂരു, ബെലഗാവി, ചിക്കമംഗളൂരു എന്നിവിടങ്ങളില്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കൂടുതല്‍ പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്. അതേസമയം മടിക്കേരിയിലടക്കം ബിജെപി പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ടതായും സര്‍ക്കാര്‍ മൗനം പാലിക്കുകയാണെന്നും മുന്‍ മുഖ്യമന്ത്രി ബി. എസ് യെദ്യൂരപ്പ ആരോപിച്ചു.