തിരുവനന്തപുരം: പൊലീസ് മേധാവിയായി തിരിച്ചെത്തിയ ഉടനെ ഉദ്യോഗസ്ഥയെ സ്ഥലംമാറ്റിയ ടി.പി.സെന്‍കുമാറിന്റെ ഉത്തരവ് സര്‍ക്കാര്‍ മരവിപ്പിച്ചു. ജൂനിയര്‍ സൂപ്രണ്ട് കുമാരി ബീനയെ സ്ഥലം മാറ്റിയ ഉത്തരവാണ് മരവിപ്പിച്ചത്. പൊലീസ് ആസ്ഥാനത്തെ അതീവരഹസ്യ വിഭാഗമായ ടി ബ്രാഞ്ച് ഓഫീസില്‍ തന്നെ ബീനക്ക് തുടരാമെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയത്.

അതേസമയം അകാരണമായി സ്ഥലംമാറ്റിയെന്നാരോപിച്ച് കുമാരി ബീന ചീഫ് സെക്രട്ടറിക്ക് പരാതി നല്‍കിയിരുന്നു. മാനദണ്ഡങ്ങള്‍ പാലിച്ചല്ല സ്ഥലംമാറ്റം എന്നായിരുന്നു ബീനയുടെ പരാതി. സെന്‍കുമാര്‍ മുഖ്യമന്ത്രിയെ കണ്ട് കാര്യങ്ങള്‍ വിശദീകരിച്ചതിനു പിന്നാലെയാണ് സര്‍ക്കാരിന്റെ തിരുത്തല്‍ നടപടി.

ഡിജിപി സ്ഥാനമേറ്റെടുത്ത ഉടനെ സെന്‍കുമാര്‍ എടുത്ത നടപടികളിലൊന്നാണ് കുമാരി ബീനയുടെ സ്ഥലംമാറ്റം. എന്നാല്‍ ബീന തല്‍സ്ഥാനത്ത് തുടരട്ടെ എന്നായിരുന്നു സര്‍ക്കാര്‍ തീരുമാനം. അതേസമയം ഇതുസംബന്ധിച്ച് ഔദ്യോഗിക ഉത്തരവ് ഇതുവരെ പുറത്തു വന്നിട്ടില്ല. സംഭവത്തെ കുറിച്ചുള്ള ചോദ്യത്തിന് ഉത്തരവുകളൊന്നും റദ്ദാക്കിയിട്ടില്ലെന്നും ആരെയും സ്ഥലംമാറ്റിയിട്ടില്ലെന്നുമാണ് മുഖ്യമന്ത്രി പ്രതികരിച്ചത്.