കാസര്‍കോട്: റെയില്‍പാളത്തിനപ്പുറത്ത് നിന്ന വല്യുമ്മയുടെ അടുത്തേക്ക് പോകാന്‍ പാളം മുറിച്ചു കടന്ന മൂന്ന് വയസുകാരന്‍ ട്രെയിന്‍ തട്ടി മരിച്ചു. മൊഗ്രാല്‍ സ്വദേശി സിദ്ദീഖിന്റേയും ആയിഷയുടേയും മകനായ ബിലാല്‍ ആണ് മരിച്ചത്. മൊഗ്രാല്‍ കൊപ്പളത്തിനടുത്താണ് അപകടമുണ്ടായത്.

ഞായറാഴ്ച ഉച്ചക്ക് മംഗലാപുരത്ത് നിന്ന് കോയമ്പത്തൂരിലേക്ക് പോയ ഇന്റര്‍സിറ്റി എക്‌സ്പ്രസ് ഇടിച്ചാണ് മരണം. പാളത്തിനപ്പുറത്ത് നിന്ന വല്യുമ്മയെ കാണാനാണ് ബിലാലും അഞ്ചുവയസുകാരനായ സഹോദരന്‍ ഇസ്മായിലും റെയില്‍വേ ട്രാക്ക് മുറിച്ചു കടക്കാന്‍ ശ്രമിച്ചത്. ബിലാല്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു.

ഇസ്മയിലിനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇസ്മായില്‍ മംഗലാപുരം ഐലന്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. റെയില്‍വേ പാളത്തിനടുത്താണ് ഇവരുടെ വീട്.